നിങ്ങളുടെ പ്രതിമാസ ശമ്പളം എത്രയാണ്. 25,000 രൂപയുണ്ടോ..? എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. വെറുതെ പറയുന്നതല്ല. പക്ഷെ 1 കോടി സമ്പാദ്യം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. പ്രതിമാസം ഒരു നിശ്ചിത തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. പ്രാരംഭ നിക്ഷേപ തുക ചെറുതാണെങ്കിൽ പോലും, ദീർഘകാലാടിസ്ഥാനത്തിൽ വലിയ തുക സമ്പാദിക്കാൻ എസ്ഐപി നിക്ഷേപം സഹായിക്കും.
എത്ര രൂപ നിക്ഷേപിക്കണം..? ഒരു കോടി രൂപ ലക്ഷ്യത്തിലെത്താൻ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം എന്ന് ചിന്തിക്കുകയാണോ. പ്രതിമാസം 25,000 രൂപ ശമ്പളം വാങ്ങുന്ന വ്യക്തിക്ക് 20000 രൂപ നിക്ഷേപത്തിനായി നീക്കിവെക്കാൻ എന്തായാലും സാധിക്കില്ല. അതുകൊണ്ടു തന്നെ ആകെ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ നിക്ഷേപത്തിനായി നീക്കിവെച്ചാൽ മതി. അതായത് പ്രതിമാസം ഏകദേശം 4000 രൂപ. എസ്ഐപി നിക്ഷേപം 12 ശതമാനം വാർഷിക റിട്ടേൺ നൽകുന്നുണ്ട്.

നിക്ഷേപ കാലാവധി എത്ര നാൾ..? എസ്ഐപി വഴി പ്രതിമാസം 4000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ ഏകദേശം 28 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് 1 കോടി രൂപ സമ്പാദിക്കാം.
എന്നാൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപ തുക 5,000 രൂപയാണെങ്കിൽ 12% പലിശ നിരക്കിൽ 26 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. അതേ വാർഷിക പലിശ നിരക്കിൽ, ഓരോ മാസവും 7,500 രൂപ നിക്ഷേപിച്ചാൽ 23 വർഷം അല്ലെങ്കിൽ 276 മാസത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപയിലെത്താം. എല്ലാ മാസവും 10000 രൂപ നിക്ഷേപിക്കാൻ സാധിച്ചാൽ അതായത് ശമ്പളത്തിന്‍റെ 40 ശതമാനം – നിങ്ങൾക്ക് 20 വർഷത്തിൽ കൂടുതൽ അല്ലെങ്കിൽ 248 മാസത്തിനുള്ളിൽ ഒരു കോടി രൂപ സ്വരൂപിക്കാം.
അതായത് എത്ര കൂടുതൽ നിക്ഷേപിക്കുന്നോ, അത്രയും വേഗം നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് സാരം.
സ്റ്റെപ്പ്-അപ്പ് എസ്ഐപി ഒരു കോടി രൂപ കുറച്ചുകൂടി വേഗത്തിൽ ലാഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ..? എന്നാണ് ചോദ്യമെങ്കിൽ അതിനും വഴിയുണ്ട്. അതാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. ശമ്പളം കൂടുന്നതിനനുസരിച്ച് എല്ലാ വർഷവും നിങ്ങളുടെ പ്രതിമാസ എസ്ഐപി തുക വർധിപ്പിക്കുക എന്നതാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതിമാസ എസ്ഐപി നിക്ഷേപമായ 4000 രൂപ ഓരോ വർഷവും വെറും 5% വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഏകദേശം 25 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടി രൂപ സ്വരൂപിക്കാം (പ്രത്യേകിച്ച് 301 മാസം).

സ്റ്റെപ്പ്-അപ്പ് എസ്ഐപിയുടെ പ്രവർത്തനം ഓരോ വർഷവും എസ്ഐപി തുക 10% വർദ്ധിപ്പിക്കുകയാണെങ്കിൽ, 22 വർഷത്തിനുള്ളിൽ (264 മാസം) നിങ്ങൾ കോടീശ്വരനാകുക എന്ന ലക്ഷ്യത്തിലെത്തും. അതുപോലെ, നിങ്ങൾ പ്രതിമാസം 5,000 രൂപയുടെ എസ്ഐപിയിൽ ആരംഭിക്കുകയും എല്ലാ വർഷവും എസ്ഐപി തുക 5% വർദ്ധിപ്പിക്കുകയും ചെയ്താൽ, 23 വർഷത്തിൽ കൂടുതൽ (281 മാസം) നിങ്ങൾക്ക് ഒരു കോടി രൂപ ലാഭിക്കാം. ഓരോ വർഷവും 10% വർധിപ്പിച്ചാൽ 20.5 വർഷം (246 മാസം) കൊണ്ട് നിങ്ങൾ കോടീശ്വരനാകും.