പ്രതിരോധ സേനയിൽ പ്ലസ് ടുകാർക്ക് ഓഫിസറാകാം.

സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്‍സിയുടെ നാഷനൽ ഡിഫൻസ്/നാവിക അക്കാദമി പരീക്ഷ വഴി പ്രതിരോധസേനയിൽ ഓഫിസറാകാം. 2026 ജൂലൈ ഒന്നിന് ആരംഭിക്കുന്ന 156ാമത് നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), 118ാമത് നേവൽ അക്കാദമി (എൻ.എ) കോഴ്സിലേക്ക് സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യു.പി.എസ്‍സി നടത്തുന്ന രണ്ടാമത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും https://upsconline.nic.in സന്ദർശിക്കുക. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷിക്കാം.

“ഒഴിവുകൾ: ആകെ 406. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10), നേവി 42 (വനിതകൾക്ക് 5), എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2), ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2), നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4).


യോഗ്യത: അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻ.ഡി.എ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻ.ഡി.എയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

സെലക്ഷൻ: യു.പി.എസ്‍സി, എൻ.ഡി.എ/എൻ.എ പരീക്ഷയുടെയും എസ്.എസ്.ബി ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യു.പി.എസ്‍സി പരീക്ഷ 900 മാർക്കിനാണ് (മാത്തമാറ്റിക്സ്, രണ്ടര മണിക്കൂർ, 300 മാർക്ക്, ജനറൽ എബിലിറ്റി ടെസ്റ്റ്, രണ്ടര മണിക്കൂർ, 600 മാർക്ക്). പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.

Verified by MonsterInsights