83 വയസ്സ് എന്നത് നളിനി കോവിലമ്മയ്ക്ക് രേഖകളിലെ കണക്കു മാത്രം. ദിവസേന 3 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് അവർ മലപ്പുറം കോട്ടയ്ക്കൽ കോട്ടപ്പടി യുറീക്ക വായനശാലയിലെത്തും. 21 വർഷമായി ഇവിടെ ലൈബ്രേറിയനാണ് ടി. നളിനി കോവിലമ്മ.
കുട്ടിക്കാലം മുതൽ പുസ്തകങ്ങളാണ് കൂട്ടുകാർ. ഭർത്താവ് വാസുദേവന് ജോലി ആന്ധ്രയിലെ ഖനിമേഖലയിൽ ആയിരുന്നതിനാൽ 20 വർഷത്തോളം അവിടെ കഴിഞ്ഞു. തിരിച്ചുവന്ന ശേഷം ജീവിതം പൊതുപ്രവർത്തനത്തിനായി മാറ്റിവച്ചു.
വൈകിട്ട് നാലിന് വായനശാലയിലെത്തും. ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന വായനമത്സരത്തിൽ പങ്കെടുക്കാനുള്ള ആളുകളെ കണ്ടെത്തണം, അവർക്ക് തുടർവായനയ്ക്കുള്ള പുസ്തകങ്ങൾ നൽകണം, പുതിയ പുസ്തകങ്ങൾ തരംതിരിച്ച് നമ്പറിട്ടു വയ്ക്കണം …..അങ്ങനെ പിടിപ്പതു പണിയാണ്. പതിനായിരത്തിൽ പരം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഓരോന്നിന്റെയും സ്ഥാനം അവർ കണ്ണുമടച്ച് പറയും.
മഹിളാസമാജം, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയവയിലൂടെയായിരുന്നു തുടക്കം. പിന്നീട് ആളുകളെ എഴുത്തും വായനയും പഠിപ്പിക്കാൻ സാക്ഷരതാ പ്രവർത്തകയായി. ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ അതിന്റെ പ്രചാരകയും. 27 വർഷം മുൻപ് കോട്ടയ്ക്കൽ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ലൈബ്രേറിയന്മാരുടെ സംഘടനയുടെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും തിരൂർ താലൂക്ക് സെക്രട്ടറിയുമാണ്.
ദീർഘകാലമായി സിപിഎം കോട്ടപ്പടി ബ്രാഞ്ച് അംഗവുമാണ്. മിതമായ ഭക്ഷണം, കൃത്യമായ വ്യായാമം, നല്ല ചിന്തകൾ ഇവയെല്ലാമാണ് ചുറുചുറുക്കിന്റെ രഹസ്യം. “മനസ്സുവച്ചാൽ എല്ലാം നടക്കും. നളിനി കോവിലമ്മ നയം വ്യക്തമാക്കുന്നു.