9,941 പ്രൈമറി വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം കേരളം

9,941 പ്രൈമറി വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് സൗകര്യം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചോറോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതി മുഖേന നിർമ്മിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ മേഖലയെ ഉന്നതിയില്‍ എത്തിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രതിജ്ഞാ ബദ്ധതയുടെ ഉൽപ്പന്നമാണ് ഈ പദ്ധതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നിലവാരവും ഏറെ മെച്ചപ്പെട്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.

ജനകീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പൊതുവിദ്യാലയങ്ങളെ നവീകരിച്ചും അക്കാദമിക് നിലവാരം ഉയര്‍ത്തിയും മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ രംഗം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച ഫ്രീഡം വാൾ കെ മുരളീധരൻ എം പി നാടിന് സമർപ്പിച്ചു.ലാബുകൾ, ക്ലാസ് മുറികൾ, പ്രോഗ്രാം ഹാൾ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരു കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കിഫ്‌ബി മുഖേന ചെലവഴിച്ചത്.

Verified by MonsterInsights