ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം തുടങ്ങുകയാണ്. സാമ്പത്തികവുമായി ബന്ധപ്പെട്ട പല പ്രധാന മാറ്റങ്ങളും പ്രാബല്യത്തിലാകുന്നത് ഈ തീയതിയിലാണ്. എല്ലാ ദിവസവും മാസവും ഒരുപോലെയെന്ന് കരുതി അലസമായി ഇടപാട് തുടർന്നാൽ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. സർക്കാറിന്റെ ബജറ്റ് നിർദേശങ്ങളും ഇതോടനുബന്ധിച്ച നികുതി നിർദേശങ്ങളുമാണ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പ്രധാന സാമ്പത്തികകാര്യം. ശമ്പളക്കാരായ ആദായ നികുതി ദായകർക്ക് സന്തോഷകാലമാണ് വരാൻ പോകുന്നത്. അവരുടെ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചവർക്കാണ് ഈ പരിധി ബാധകമാവുക. പഴയ നികുതി വ്യവസ്ഥയിൽ അഞ്ചുലക്ഷം വരെയുള്ള വരുമാനത്തിനാണ് നികുതി ഒഴിവെങ്കിലും വിവിധ ഇളവുകൾ നേടി നികുതി ബാധ്യത കുറക്കാം.
മറ്റു പ്രധാന മാറ്റങ്ങൾ
ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റംവരുകയാണ്. മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം മൂന്ന് പിൻവലിക്കൽ മാത്രമാണ് സൗജന്യമായി അനുവദിക്കുക. ശേഷം ഓരോ പിൻവലിക്കലിനും 20 മുതൽ 25 രൂപ വരെ ഈടാക്കും. എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയവ വരുത്തിയ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകും. ബാങ്ക് ശാഖ ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് തുകയും അത് പാലിച്ചില്ലെങ്കിലുണ്ടാകുന്ന പിഴയും. നഗരങ്ങളിലാകും മിനിമം ബാലൻസ് തുക കൂടുതൽ.

റിസര്‍വ് ബാങ്ക് നിർദേശപ്രകാരം പോസിറ്റിവ് പേ സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി 50,000 രൂപക്ക് മുകളില്‍ ചെക്കുകള്‍ നല്‍കുന്ന ഉപയോക്താക്കള്‍, അവര്‍ നല്‍കുന്ന ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടി വരും. ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത മൊബൈല്‍ നമ്പറുകളാണ് യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇത് യു.പി.ഐ സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകും.
ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം പാലിക്കുന്നത് സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഭവനനിർമാണം, കൃഷി, എം.എസ്.എം.ഇ, കയറ്റുമതി, വിദ്യാഭ്യാസം, പൊതു നിര്‍മാണം, പുനരുൽപാദന ഊർജം എന്നീ മേഖലകളെയാണ് റിസര്‍വ് ബാങ്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റിസർവ് ബാങ്ക് നിർദേശ പ്രകാരം ബാങ്കുകൾ വായ്പാ പരിധി ഉയർത്തും. 50 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ലക്ഷമാണ് ഭവന വായ്പാ പരിധി. പത്ത് മുതൽ 50 ലക്ഷം വരെയാണ് ജനസംഖ്യാ പരിധിയെങ്കിൽ വായ്പാ പരിധി 45 ലക്ഷമാണ്. പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള മേഖലകളിൽ പരമാവധി 35 ലക്ഷമാണ് വായ്പ അനുവദിക്കുക. വ്യക്തിഗത വായ്പാ പരിധി പത്ത് ലക്ഷമാണ്.
