പാലായിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് കാരണം ആയ കുപ്പിക്കഴുത്ത് ബൈപാസിന് (Pala Bypass) ശാപമോക്ഷം ആകുന്നു. മാണി സി കാപ്പൻ എം എൽ എയുടെ (Mani C Kappan) ഇടപെടലിന് ഒടുവിൽ ആണ് പാലാ ബൈ പാസിന് വികസനം കൈവരുന്നത്. നിയമ സഭാ തെരഞ്ഞെപ്പിൽ അടക്കം പാലാ ബൈപാസ് ചർച്ച ആയിരുന്നു. കാപ്പൻ കുടുംബം സ്ഥലം വിട്ടു നല്കാത്തത് മൂലം ആണ് വികസനം നടക്കാത്തത് എന്നായിരുന്നു കേരള കോൺഗ്രസ് ആരോപണം. ആരോപണ പ്രത്യാരോപണം ശക്തമായി നടന്നതിന് പിന്നാലെ ആണ് വികസനം നടപ്പാക്കുന്നത്. .ബൈപാസ് പൂർത്തീകരണത്തിൻ്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിലനിന്നിരുന്ന കെട്ടിടങ്ങളും മണ്ണും ഇന്നലെ വൈകിട്ടോടെ നീക്കി. ഇതോടെ ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. പഴയ റോഡിൻ്റെയും ഏറ്റെടുത്ത സ്ഥലത്തിൻ്റെയും നടുവിൽ നിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി ടാറിംഗ് നടത്തുന്നതോടെ ഇവിടം ഗതാഗതത്തിനു പൂർണ്ണ സജ്ജമാകും.
പാലാ ബൈപാസ് നേരത്തെ യാഥാർത്ഥ്യമായെങ്കിലും ളാലം പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കലിലെ അപാകത മൂലം കുപ്പി കഴുത്ത് മാതൃകയിൽ റോഡ് മാറുകയായിരുന്നു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമായി. ബൈപാസിൻ്റെ പൊതുവിലുള്ള ഗതാഗത ക്കുരുക്കിനും ഈ ഭാഗത്തെ പ്രശ്നം പലപ്പോഴും കാരണമായി. സ്ഥലമേറ്റെടുത്തപ്പോൾ വില നിശ്ചയിച്ചതിലെ അപാകതകളെത്തുടർന്നു 13 കുടുംബങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ബൈപാസ് പൂർത്തീകരണം അനിശ്ചിതത്വത്തിലായി. പിന്നീട് നടപടികളൊന്നുമില്ലാതെ വർഷങ്ങളോളം ഈ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചതോടെ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയായിരുന്നു. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.