ക്യൂ ആര്‍ കോഡ് പണമിടപാടിന് നിയന്ത്രണം; പുതിയ നിബന്ധന ഇങ്ങനെ.

ഡിജിറ്റല്‍ പേമെന്റുകള്‍ വര്‍ദ്ധിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ഈ മേഖലയിലെ തട്ടിപ്പുകളുടെ എണ്ണവും കുറവല്ല. ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് പോലും ക്യൂ ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പണം അയക്കാന്‍ കഴിയും. ഇപ്പോഴിതാ അന്താരാഷ്ട്ര പണിമിടപാടുകളില്‍ യുപിഐ വിലാസം ഉള്‍പ്പെടുന്ന ക്യൂ ആര്‍ കോഡ് അയച്ച് നല്‍കി പണം കൈപ്പറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

വിദേശ രാജ്യങ്ങളില്‍ നിന്ന് ക്യൂ ആര്‍ കോഡുകളുടെ പണം ഫോണിലേക്ക് അയച്ച് നല്‍കിയ ശേഷം പണം കൈപ്പറ്റുന്ന രീതിക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്. വാട്‌സാപ്പ് പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ ഷെയര്‍ ചെയ്ത് കിട്ടുന്ന ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന ഇമേജിലേക്ക് അത് വിദേശത്ത് നിന്നാണെങ്കിലും പണം അയക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഈ രീതിക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. ഉപഭോക്താവ് ഇത്തരത്തില്‍ ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നത് തിരിച്ചറിഞ്ഞ് വിലക്കാന്‍ യു.പി.ഐ അധിഷ്ഠിത ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, യു.പി.ഐ സൗകര്യം ലഭ്യമായ വിദേശ രാജ്യത്ത് ഫോണ്‍ ക്യാമറ ഉപയോഗിച്ച് നേരിട്ട് ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്ന രീതി തടസ്സമില്ലാതെ തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കി.


ആഭ്യന്തര തലത്തില്‍ ക്യൂ.ആര്‍ കോഡുകള്‍ അയച്ചുനല്‍കി നടത്തുന്ന ഇടപാടുകള്‍ക്ക് 2000 രൂപ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കി. നിലവില്‍ ഫ്രാന്‍സ്, മൗറീഷ്യസ്, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യു.എ.ഇ എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയുടെ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള   പേമെന്റുകള്‍ നടത്താന്‍ സൗകര്യമുണ്ട്.”

Verified by MonsterInsights