രക്തപരിശോധന വേണ്ട, ഇനി നാവ് പരിശോധന.

രക്ത പരിശോധനയ്ക്കു പകരം നാവിന്‍റെ നിറം പരിശോധിച്ച് രോഗനിർണയം നടത്തുന്ന എഐ മോഡലിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ഇറാഖ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ നൂതനമായ കംപ്യൂട്ടർ അൽഗൊരിതം സൃഷ്ടിച്ചിരിക്കുന്നത്.

ഈ എഐ മോഡൽ 98 ശതമാനം രോഗങ്ങളും കൃത്യമായി കണ്ടെത്തി എന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ടെക്നോളജീസ് എന്ന ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തത്സമയം രോഗനിർണയം നടത്തുന്നതിനും വിലയിരുത്തുന്നതിനുമുള്ള ഒരു മികച്ച സംവിധാനമാണ് ഇതെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

‌ഇറാഖിലെ ബാഗ്ദാദിലെ മിഡിൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ മുതിർന്ന അധ്യാപകനായ അലി അൽ നാജിയും യൂണിവേഴ്സിറ്റി ഒഫ് സൗത്ത് ഓസ്ട്രേലിയയും ചേർന്നാണ് ഈ അൽഗൊരിതം വികസിപ്പിച്ചത്. പ്രമേഹ രോഗികളുടെ നാവിന് മഞ്ഞ നിറം, ക്യാൻസർ രോഗികളുടെ നാവിന് പർപ്പിൾ നിറവും കട്ടിയുള്ള ആവരണവും , ഗുരുതരമായ സ്ട്രോക്ക് രോഗികളുടെ നാവിന് അസാധാരണമായ ആകൃതിയോടു കൂടിയ ചുവന്ന നിറമുള്ള നാവ് എന്നിങ്ങനെയാണ് അവർ നാവിന്‍റെ ആരോഗ്യത്തെ വിലയിരുത്തുന്നത്.

വിളറിയിരിക്കുന്ന നാവ് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയായ വിളർച്ചയെ സൂചിപ്പിക്കുന്നു. കടും ചുവപ്പ് നിറം ഗുരുതരമായ കോവിഡ് 19 ന്‍റെ ലക്ഷണമാകാനും സാധ്യതയുണ്ട്. ഇൻഡിഗോ, അല്ലെങ്കിൽ വയലറ്റ് നിറം വാസ്കുലാർ ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ പ്രശ്നങ്ങൾ അല്ലെങ്കിൽ ആസ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

രോഗ നിർണയത്തിനു സ്വീകരിച്ചിരിക്കുന്ന നാവ് പരിശോധനയ്ക്ക് പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയെ മാനദണ്ഡമാക്കിയാണ് അൽ നാജി ഗവേഷണം നടത്തിയത്. 5260 ചിത്രങ്ങളുപയോഗിച്ച് അൽഗൊരിതത്തിന് പരിശീലനം നൽകുകയും മിഡിൽ ഈസ്റ്റിലെ രണ്ട് ആശുപത്രികളിൽ നിന്നുള്ള 60 ചിത്രങ്ങളുപയോഗിച്ച് അത് തെളിയിക്കുകയും ചെയ്തു.

രോഗികളുടെ നാവിൽ നിന്ന് 20 സെന്‍റിമീറ്റർ അകലെ നിന്ന് ഒരു വെബ്ക്യാം ഉപയോഗിച്ച് ചിത്രമെടുക്കുകയാണ് ചെയ്തത്. കൃത്യമായി രോഗനിർണയം നടത്താൻ ഇത് സഹായിച്ചു.

പ്രമേഹം, പക്ഷാഘാതം, വിളർച്ച, ആസ്മ, കരൾരോഗം, പിത്തസഞ്ചിയെ ബാധിച്ച രോഗങ്ങൾ, കോവിഡ് 19 തുടങ്ങിയവ നിർണയിക്കാൻ ഇതു കൊണ്ടു കഴിയും എന്ന് ഗവേഷകർ അറിയിച്ചു.

Verified by MonsterInsights