റമദാൻ നോമ്പ് പരിഗണിക്കണം; ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ സമയക്രമം അശാസ്ത്രീയം;കെ.എസ്.ടി.യു

തിരുവനന്തപുരം: എൽ.പി., യു.പി., എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷികപ്പരീക്ഷയുടെ സമയക്രമം അശാസ്ത്രീയമാണെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ(കെ.എസ്.ടി.യു.) പരാതിപ്പെട്ടു. സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് സംഘടന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകി.

റമദാൻ നോമ്പ്കാലത്ത് അഞ്ചു മണി വരെ പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ദൈർഘ്യമുള്ള പരീക്ഷകൾ ഒഴിവാക്കണം. എൽ.പി., യു.പി. ക്ലാസുകളിലെ പരീക്ഷകൾ എസ്.എസ്.എൽ.സി. പരീക്ഷയില്ലാത്ത ദിവസങ്ങളിലും ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളിലുമായി രാവിലെ നടത്തണം. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി നടത്തിയാൽ എസ്.എസ്.എൽ.സി. ഡ്യൂട്ടിയുള്ള അധ്യാപകർക്ക് മാതൃസ്‌കൂളിൽ അല്ലാതെ മറ്റു സ്‌കൂളുകളിൽ ചെറിയ ക്ലാസുകളിൽ പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടാവില്ല.

പല പ്രൈമറി സ്‌കൂളുകളിലും അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഒരുമിച്ചുള്ള പരീക്ഷ സ്ഥലപരിമിതി സൃഷ്ടിക്കും. അതുകൊണ്ട് യു.പി.യിൽ ഏതെങ്കിലും രണ്ടു ക്ലാസുകൾക്കു മാത്രമേ ഒരേസമയം പരീക്ഷ നടത്താവൂവെന്നും കെ.എസ്.ടി.യു. ആവശ്യപ്പെട്ടു.