ലണ്ടൻ രണ്ടു നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടനെ ഇനി നയിക്കുക ഒരു ഇന്ത്യക്കാരൻ. ഒരേസമയം ഇന്ത്യയുടെ ചെറുമകനും മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സതാംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി, ഈ അർഥത്തിൽ ഇന്ത്യയുടെ ചെറുമകനാണ്. ഇൻഫോസിസ് സ്ഥാപക ചെയർമാനായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ. ഏറെക്കാലമായി ബ്രിട്ടനിലായിട്ടും ഇന്ത്യൻ പൗരത്വം കളയാതെ സൂക്ഷിക്കുന്ന അക്ഷതയുടെ ഭർത്താവെന്ന നിലയിൽ ഇന്ത്യയുടെ മരുമകനുമാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.
കുടിയേറ്റ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണെങ്കിലും അദ്ദേഹം വെറും ഇന്ത്യൻ വംശജനല്ല. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഭാരതീയതയും ഭഗവത്ഗീതയയും നെഞ്ചിലേറ്റി ജീവിക്കുന്നയാളാണ്. വിദേശത്തു ജനിച്ചു വളർന്നിട്ടും പ്രശസ്തമായ സർവകലാശാലകളിൽ പഠിച്ചിട്ടും ഭാരതീയ മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ കൈവിടാതെ സൂക്ഷിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെയാണ് നികുതിയുമായി ബന്ധപ്പെട്ട ഒരു ആരോപണം തന്റെ ഭാര്യയ്ക്കു നേരേ ഉയർന്നപ്പോൾ നിയമപരമായി കൊടുക്കേണ്ട നികുതി അല്ലാതിരുന്നിട്ടും ധാർമികത ഉയർത്തിപ്പിടിച്ച് അതു നൽകാൻ അദ്ദേഹം തയാറായത്.
ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽ നിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാ എന്നായിരുന്നു ആരോപണം.
ബ്രിട്ടനിൽ നോൺ-ഡോമിസൈൽ സ്റ്റാറ്റസുള്ളവർക്ക് നിയമപരമായി 39.35 ശതമാനത്തിന് ഡിവിഡന്റ് ടാക്സ് നൽകേണ്ടതില്ല. എന്നാൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വലിയ തുക നികുതി നൽകുന്നതിൽനിന്നും ചാൻസിലറുടെ ഭാര്യ രക്ഷപ്പെടുകയാണ് എന്നായിരുന്നു ആരോപണം. നിയമപരമായി നൽകേണ്ടതില്ലെങ്കിൽ കൂടി ഭർത്താവിനെതിരായ ആരോപണത്തിന്റെ പുകമറ നീക്കാൻ അക്ഷത നികുതി അടച്ചത് 20 മില്യൻ പൗണ്ടാണ്. ഇതോടെ രാഷ്ട്രീയ എതിരാളികൾ മൗനത്തിലുമായി. ഇത്രയും വലിയൊരു തുക നികുതിയടച്ചതിലൂടെ ഋഷിക്കു കൈവന്നത് തികഞ്ഞ മാന്യൻ എന്ന പരിവേഷമാണ്. പണം കണ്ടാൽ കണ്ണുമഞ്ഞളിക്കുന്ന രാഷ്ട്രീയക്കാരനല്ല എന്നു തെളിയിക്കാനും ഇതിലൂടെ ഋഷിക്കായി.
ഋഷിയുടെ പിതാവ് യശ്വീർ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാൻസാനിയയിലും. സ്തുത്യർഹമായ സേവനത്തിന് ബ്രിട്ടിഷ് സർക്കാർ നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരത്തിന് അമ്മയുടെ പിതാവ് അർഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.
രണ്ടുമാസം മുമ്പ് വെംബ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പാർട്ടി അംഗങ്ങളോട് ഋഷി തന്റെ ജീവിത കഥ വിവരിച്ചത് ഇങ്ങനെയാണ്.
“അമ്മയുടെ അമ്മയാണ് ആദ്യം ബ്രിട്ടനിൽ എത്തിയത്. തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബ്രിട്ടനിൽ എത്തിയ അവർ ലണ്ടനിൽ ഒരു ജോലി സമ്പാദിച്ചു. ഭർത്താവിനെയും കുട്ടികളെയും ലണ്ടനിലേക്ക് കൊണ്ടുവരാനായി ഒരുവർഷത്തോളം അവർക്ക് അധികസമയം ജോലി ചെയ്യേണ്ടിവന്നു. തളരാതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച അവർ ലക്ഷ്യം നേടി. ഒരു വർഷത്തിനു ശേഷം അവർ ഭർത്താവിനെയും കുട്ടികളെയും ലണ്ടനിൽ എത്തിച്ചു. അതിൽ ഒരു കുട്ടിയായിരുന്നു ഋഷിയുടെ അമ്മ. പഠനത്തിൽ സമർഥയായിരുന്ന ഉഷ ഫാർമസിസ്റ്റായി. പിന്നീട് എൻഎച്ച്എസ്ജിപി ഡോക്ടറായ യശ്വീറിനെ കണ്ടുമുട്ടുകയായിരുന്നു. അവരുടെ കഥ അവിടെ അവസാനിക്കുന്നെങ്കിലും എന്റെ കഥ അവിടെ തുടങ്ങുകയായിരുന്നു.
1980ൽ ഈ മാതാപിതാക്കളുടെ മൂത്ത മകനായിട്ടായിരുന്നു ഋഷിയുടെ ജനനം. സഞ്ജയ്, രാഖി എന്നീ സഹോദരങ്ങളുമുണ്ട്. ഏറ്റവും വലുത് കുടുംബമാണെന്നും ബ്രിട്ടനാണ് തന്നെപ്പോലുള്ള ആയിരങ്ങൾക്ക് നല്ല ഭാവിയൊരുക്കാൻ അവസരം നൽകിയ രാജ്യമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സാംസ്കാരികവും മതപരവുമായ പാരമ്പര്യം ഭാരതീയതയിൽ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും നൂറു ശതമാനവും ബ്രിട്ടിഷുകാരനാണെന്നാണ് ഋഷി ആവർത്തിക്കുന്നത്.
താനൊരു ഹിന്ദുമതവിശ്വാസിയാണെന്ന് തുറന്നു പറയാനും ഋഷിക്ക് മടിയില്ല. ഋഷിക്കും കുടുംബത്തിനും ഇത് ദീപാവലി സമ്മാനം കൂടിയാണ്. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനും ഋഷിയുടെ വിജയം ദീപാവലി ദിനത്തിൽ ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.