യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് അടുത്ത വർഷം നിരക്ക് കുറയ്ക്കിലന്റെ വേഗംകുറച്ചേക്കുമെന്ന സൂചന ഡോളർ നേട്ടമാക്കി. ഇന്ത്യൻ രൂപ ഉൾപ്പടെയുള്ള കറൻസികൾ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇതാദ്യമായി 85.06 നിലവാരത്തിലേയ്ക്ക് പതിച്ചു.
ദിനംപ്രതിയെന്നോണം രൂപയുടെ മൂല്യമിടിയുന്ന സാഹചര്യമാണ് വിപണിയിൽ പ്രകടമാകുന്നത്. ബുധനാഴ്ച 84.94 നിലവാരത്തിലേയ്ക്കെത്തിയിരുന്നു. യുഎസ് കേന്ദ്ര ബാങ്കിന്റെ പരുക്കൻ വീക്ഷണം മറ്റ് ഏഷ്യൻ കറൻസികൾക്കും തിരിച്ചടിയായി. കൊറിയൻ വോൺ, മലേഷ്യൻ റിംഗിറ്റ്, ഇന്തോനേഷ്യൻ റുപ്പി എന്നിവ 0.8 ശതമാനം മുതൽ 1.2 ശതമാനംവരെ ഇടിവ് നേരിട്ടു.
ഡോളർ സൂചിക 108.03 നിലവാരത്തിലെത്തിയതോടൊപ്പം പത്ത് വർഷത്തെ യുഎസ് ട്രഷറി ആദായം 4.50 ശതമാനം കടക്കുകയും ചെയ്തു.

“യുഎസ് ഫെഡിന്റെ ബുധനാഴ്ച നടന്ന ഈ വർഷത്തെ അവസാനത്തെ യോഗത്തിൽ നിരക്കിൽ കാൽ ശതമാനം കുറവാണ് പ്രഖ്യാപിച്ചത്. പണപ്പെരുപ്പം ലക്ഷ്യ നിരക്കായ രണ്ട് ശതമാനത്തിലേയ്ക്കെത്താൻ ഒന്നോ രണ്ടോ വർഷമെടുത്തേക്കാമെന്നായിരുന്നു ഫെഡിന്റെ നിരീക്ഷണം. 2025ലും 2026ലും 0.50 ശതമാനംവീതം നിരക്ക് കുറച്ചേക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.
ജൂലായ്-സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച ഏഴ് പാദത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും വ്യാപാര കമ്മി വർധിച്ചതും മൂലധന വരവ് മന്ദഗതിയിലായതും രൂപയെ സമ്മർദത്തിലാക്കിയിട്ടുണ്ട്.