റെക്കാർഡുകൾ ഭേദിച്ച് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം; ഒറ്റവർഷം എത്തിയത് 606,000 പേർ, കടുത്ത നടപടികൾ ഉടൻ

 ബ്രിട്ടനിലേക്കുള്ള വിദേശികളുടെ കുടിയേറ്റം എല്ലാ റെക്കാർഡുകളും ഭേദിച്ച് മുന്നേറുകയാണെന്ന് കണക്കുകൾ. ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റ കണക്കുപ്രകാരം 2022 ൽ മാത്രം 606,000 പേരാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. 2021 ൽ ഇത് 504,000 ആയിരുന്നു. റഷ്യൻ അധിനിവേശം നരിടുന്ന യുക്രെയിനിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ ഇക്കാലയളവിൽ ബ്രിട്ടനിലേക്ക് എത്തിയത്. 114,000. ഹോങ്കോംങ്ങിൽ നിന്നും ഉള്ളവരാണ് 52,000 പേർ.


 കടൽകടന്നും മറ്റും അനധികൃത മാർഗത്തിലൂടെയും എത്തി അഭയാർഥിയായി പരിഗണിക്കപ്പെടാൻ അപേക്ഷ നൽകി കാത്തിരിക്കുന്നവർ മാത്രം 172,758 പേരുണ്ട്. കുടിയേറ്റം തടയാൻ കർശനമായ നടപടിയുണ്ടാകുമെന്ന വാഗ്ദാനവുമായാണ് 2019 ൽ കൺസർവേറ്റീവ് സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മുൻകാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി വിദേശികൾക്ക് കടന്നുവരാൻ കൂടുതൽ അവസരം ഒരുക്കുന്ന നടപടിയാണ് പ്രത്യക്ഷമായും പരോക്ഷമായും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

യുദ്ധം ഉൾപ്പടെയുള്ള അപ്രതീക്ഷിത നീക്കങ്ങൾ ഇതിന്റെ ആക്കം കൂട്ടുകയും ചെയ്തു. ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെനറിക് ആണ് ഇതുസംബന്ധിച്ച കണക്കുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചത്. 

വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയവരും അവരുടെ ജീവിത പങ്കാളിയും കുട്ടികളും അടങ്ങുന്ന ആശ്രിതരുമാണ് കുടിയേറ്റക്കാരുടെ കണക്കിൽ ഏറ്റവും അധികമുള്ളത്. സർക്കാരിന്റെ കണക്കനുസരിച്ചു നിലവിൽ 680,000 വിദേശ വിദ്യാർഥികളാണ് ബ്രിട്ടനിൽ പഠനത്തിനായി എത്തിയിട്ടുള്ളത്. ഇതിൽ 315,000 പേർ മാസ്റ്റേഴ്സിനായി എത്തിയിട്ടുള്ളവരാണ്. ഇവരിൽ നല്ലൊരു ശതമാനത്തിന് ആശ്രിതരായുള്ളവർ കൂടെയുണ്ട്. കഴിഞ്ഞവർഷം മാത്രം 135,788 ആശ്രിത വിസകളാണ് ബ്രിട്ടനിലേക്ക് അനുവദിച്ചത്. അനിന്ത്രിതമായ ഈ ഒഴുക്കു തടയാനാണ് കഴിഞ്ഞദിവസം ആശ്രിത വിസ നിയമങ്ങളിൽ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. പിഎച്ച്ഡിയോ ഗവേഷണ സ്വഭാവമുള്ള പോസ്റ്റുഗ്രാജ്വേറ്റ് കോഴ്സുകളോ ചെയ്യുന്നവർക്കു മാത്രമാകും അടുത്ത ജനുവരി മുതൽ ആശ്രിത വിസ അനുവദിക്കുക.  അനിയന്ത്രിതമായ കുടിയേറ്റ കണക്ക് പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടിക്ക് സർക്കാർ തയ്യാറായേക്കുമെന്നാണു റിപ്പോർട്ടുകൾ.

Verified by MonsterInsights