ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘത്തെ നയിക്കുന്നതു കർമലീത്താ (സിഎംസി) സന്യാസിനീസമൂഹാംഗമായ പ്രഫ. സിസ്റ്റർ നോയൽ റോസ്. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം വിഭാഗം അധ്യാപികയാണു സിസ്റ്റർ നോയൽ. എറണാകുളം കാലടി താന്നിപ്പുഴ സ്വദേശിനി. മൂവാറ്റുപുഴ നിർമല കോളജിലെ 15 വർഷത്തെ അധ്യാപനത്തിനു ശേഷം 2022ൽ ആണു ന്യൂമാനിൽ എത്തുന്നത്. 2020 മുതൽ എൻഎസ്എസിൽ സജീവം. സംസ്ഥാനത്തെ മൂവായിരത്തോളം പ്രോഗ്രാം ഓഫിസർമാരിൽ നിന്നാണു സിസ്റ്റർ നോയൽ റോസിനെ ലീഡറായി തിരഞ്ഞെടുത്തത്. രണ്ടു തവണ എംജി യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്കാരം നേടി. എൻഎസ്എസിന്റെ 12 അംഗ വൊളന്റിയർ സംഘമാണു കേരളത്തിൽനിന്നു പരേഡിൽ പങ്കെടുക്കുക. സംഘം നിലവിൽ ഡൽഹിയിൽ പരിശീലനത്തിലാണ്.
