വായ്പാനയ അവലോകനത്തിന് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ബാങ്കുകളുടെ ഹോൾഡ്-ടു-മെച്യൂരിറ്റി പരിധി നീട്ടൽ, യുപിഐയിൽ സിംഗിൾ-ബ്ലോക്ക്-മൾട്ടിപ്പിൾ-ഡെബിറ്റ് ഫംഗ്ഷണാലിറ്റി അവതരിപ്പിക്കൽ തുടങ്ങി മറ്റ് ചില മാറ്റങ്ങളും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. അവ എന്തൊക്കെയെന്ന് നോക്കാം.
യുപിഐയിൽ വരുത്തുന്ന മാറ്റം
സിംഗിൾ-ബ്ലോക്ക് ആൻഡ് മൾട്ടിപ്പിൾ-ഡെബിറ്റ് സംവിധാനം യുപിഐയിൽ അവതരിപ്പിക്കുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി ഒരു ഉപഭോക്താവിനെ സ്വന്തം അക്കൗണ്ടിലെ ഫണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇത് സഹായിക്കും. ആവശ്യമുള്ളപ്പോഴെല്ലാം അത് ഡെബിറ്റ് ചെയ്യാം. റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്ഫോം വഴിയും ഇ-കൊമേഴ്സ് ഇടപാടുകൾ വഴിയും സെക്യൂരിറ്റികളിലെ നിക്ഷേപങ്ങൾ എളുപ്പമാക്കാൻ ഇത് സഹായിക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ വഴി (IFSC) സ്വര്ണ്ണവിലയിലെ നഷ്ടസാധ്യത കുറയ്ക്കാം
ഐഎഫ്എസ്സിയിലെ അംഗീകൃത എക്സ്ചേഞ്ചുകൾ വഴി സ്വർണ്ണ വിലയിലെ നഷ്ടസാധ്യത നിയന്ത്രിക്കാൻ റസിഡന്റ് എന്റിറ്റികളെ അനുവദിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചതായും ശക്തികാന്ത ദാസ് പറഞ്ഞു. നിലവിൽ, വിദേശ വിപണികളിലെ സ്വർണ്ണ വിലയിലെ
നഷ്ട സാധ്യത നേരിടാൻ ഇന്ത്യയിലുള്ള സ്ഥാപനങ്ങൾക്ക് അനുവാദമില്ല. ഈ നടപടി സ്വർണ്ണ ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന്റെ (ബിബിപിഎസ്) വിപുലീകരണം
ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. നിലവിൽ, വ്യാപാരികൾക്കും യൂട്ടിലിറ്റികൾക്കുമുള്ള റിക്കറിംഗ് ബിൽ പേയ്മെന്റുകൾ ആണ് ഇതുവഴി കൈകാര്യം ചെയ്യുന്നത്. നോൺ റിക്കറിംഗ് ബിൽ ഇടപാടുകൾ നടത്തിയിരുന്നില്ല. 2017-ൽ ആരംഭിച്ച ബിബിപിഎസ് നിലവിൽ പ്രൊഫഷണൽ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കൽ, വിദ്യാഭ്യാസ ഫീസ്, നികുതി പേയ്മെന്റുകൾ, വാടക തുടങ്ങിയ ബിൽ പേയ്മെന്റുകൾ വാഗ്ദാനം ചെയ്തിരുന്നില്ല.
“എന്നാൽ ഇനി സുതാര്യമായ പേയ്മെന്റ് അനുഭവം വാഗ്ദാനം ചെയ്യുന്ന ബിബിപിഎസ് പ്ലാറ്റ്ഫോം കൂടുതൽ വ്യക്തികൾക്കും ബിസിനസുകൾക്കും ഉപയോഗിക്കാൻ കഴിയുമെന്ന്” ശക്തികാന്ത ദാസ് പറഞ്ഞു.
ഹെൽഡ്-ടു-മെച്യൂരിറ്റി
ബോണ്ടുകളിലെ പുതിയ ബാങ്ക് നിക്ഷേപങ്ങളുടെ എച്ച്ടിഎം (ഹെൽഡ്-ടു-മെച്യൂരിറ്റി) കാറ്റഗറൈസേഷന് ആർബിഐ 2024 മാർച്ച് വരെ സമയം അനുവദിച്ചു. 2024 മാർച്ച് 31വരെ ബാങ്കുകൾക്ക് 23 ശതമാനം എച്ച്ടിഎം (ഹോൾഡ്-ടു-മെച്യൂരിറ്റി) പരിധി ഉണ്ടായിരിക്കും. ഇത് ബാങ്കുകൾക്ക് അവരുടെ നിക്ഷേപ പോർട്ട്ഫോളിയോകൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ഇളവ് നൽകും. മെച്യൂരിറ്റി വരെ സെക്യൂരിറ്റികൾ കൈവശം വയ്ക്കുന്നതിനായുള്ള ബാങ്കുകളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ ഒരു വിഭാഗമാണ് ഹോൾഡ്-ടു-മെച്യുരിറ്റി (എച്ച്ടിഎം) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സമയം നീട്ടുന്നത് ബോണ്ട് മാർക്കറ്റ് മേഖലയിലെ സ്ഥിരതയ്ക്ക് സഹായകമാകും.
വായ്പാനയം
ഈ വർഷം തുടർച്ചയായി അഞ്ചാം തവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്. ഇത് വായ്പാ പലിശ നിരക്ക് ഉയരാൻ കാരണമാകും. 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പണപ്പെരുപ്പ നിരക്ക്
2022-23 സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്ക് 6.7 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
ജിഡിപി
2023 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 7 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ആർബിഐ താഴ്ത്തുകയും ചെയ്തു.
