ബെറ്റർ ബി ലേറ്റ് ദാൻ നെവർ – റോഡിലൂടെ പോകുമ്പോൾ ട്രാഫിക് ഡിവൈഡറിന്റെ വശത്ത് ഇങ്ങനെ എഴുതിയിട്ടുള്ളത് കണ്ടിട്ടില്ലാത്തവർ കുറവായിരിക്കും. ലോക ട്രോമ ദിനത്തിൽ (World Trauma Day) അപകടം എന്നു കേൾക്കുമ്പോൾ വാഹന അപകടം എന്നു മാത്രം കരുതരുത്. ഉയരത്തിൽ നിന്നുള്ള വീഴ്ചകൾ, തീപിടുത്തം മൂലമുള്ള അപകടങ്ങൾ, പൊള്ളൽ, സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും എതിരെയുള്ള ഗാർഹിക പീഡനം തുടങ്ങിയവയെല്ലാം ട്രോമയിൽ ഉൾപ്പെടുന്നു.
അപകടങ്ങളുടെ കണക്കെടുത്താൽ റോഡപകടങ്ങൾക്കാണ് ഒന്നാം സ്ഥാനം. ഭൂരിപക്ഷം അപകടങ്ങളും താൽക്കാലികമായോ സ്ഥിരമായോ ഗുരുതരമായ വൈകല്യങ്ങൾക്കോ മരണത്തിനോ കാരണമാകുന്നു. അപകടത്തിൽപെടുന്ന വ്യക്തിയുടെ ശരീരത്തിൽ ഏൽക്കുന്ന ഏതൊരു ക്ഷതവും ട്രോമ ആയിട്ടാണ് കണക്കാക്കുന്നത്. അപകടങ്ങൾ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. അശ്രദ്ധയോടൊപ്പം റോഡുകളുടെ അശാസ്ത്രീയമായ രൂപകൽപനയും മോശം പരിപാലനവും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവുമൊക്കെ റോഡ് അപകടങ്ങൾക്ക് വഴിതെളിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. റോഡ് നിയമങ്ങൾ കർശനമായി പാലിക്കുക.
2. റോഡ് സിഗ്നലുകളിലും ട്രാഫിക് സിഗ്നലുകളിലും ശ്രദ്ധ ചെലുത്തുക.
3, ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കുക.
4. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം ഒഴിവാക്കുക.
5. ദൂര യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് ചെറിയ ഇടവേള നൽകി യാത്ര തുടരുക.
6. കുട്ടികളുടെ കൈയെത്തുന്ന രീതിയിൽ ഇലക്ട്രിക് ഉപകരണങ്ങൾ, സ്വിച്ചുകൾ, കത്തി പോലുള്ള മൂർച്ചയുള്ള ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ വയ്ക്കാതിരിക്കുക.
7.വാഹന യാത്രയിൽ കുട്ടികൾക്കും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.
8. പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യം വാഹനങ്ങളിൽ കരുതുക (First Aid Box).
9. ഒരു അപകടം സംഭവിക്കുമ്പോൾ ഉചിതമായ രീതിയിൽ തീരുമാനമെടുക്കാനുള്ള അറിവ് നേടുവാൻ ശ്രമിക്കുക.
അപകടങ്ങൾ നടക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
1. വാഹനം ഓടിക്കുമ്പോൾ ക്ഷീണിതനാണെങ്കിലോ ഉറക്കം വരുന്നുണ്ടെങ്കിലോ ഉടൻ വാഹനം നിർത്തണം. മദ്യപിച്ചിട്ടു വാഹനം ഓടിക്കരുത്.
2. മറ്റുള്ളവർക്കും തനിക്കും അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കാതിരിക്കുക.
3. അപകടത്തിൽ കഴുത്തിനോ നട്ടെല്ലിനോ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെങ്കിൽ രോഗിയെ അനക്കാൻ ശ്രമിക്കരുത്. പാരാമെഡിക്കൽ സ്റ്റാഫിന്റെ സഹായത്തോടെ മാത്രമേ രോഗിയെ സ്ഥാനം മാറ്റാൻ പാടുള്ളൂ.
4. അബോധാവസ്ഥയിൽ കിടക്കുന്ന ആൾക്ക് വായിൽ വെള്ളം ഒഴിച്ചു കൊടുക്കാൻ പാടില്ല.