സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സ്വന്തമായി വീട് നിർമിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (PMAY)യിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. 2025 ഡിസംബർ വരെ അപേക്ഷകൾ സമർപ്പിക്കാം. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഗുണഭോക്താക്കൾക്ക് ഒരേപോലെ ഈ അവസരം പ്രയോജനപ്പെടുത്താനാകും.
PMAY വെബ്‌സൈറ്റിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 92.61 ലക്ഷത്തിലധികം വീടുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സ്വന്തമായി വീടില്ലാതിരുന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചു. വരുമാനം, സാമൂഹിക വിഭാഗം, ഭവന നില എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
നഗര മേഖലയിൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
• സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം –
3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളതും ഇന്ത്യയിൽ എവിടെയും സ്വന്തമായി വീടില്ലാത്തതുമായ കുടുംബങ്ങൾ
* താഴ്ന്ന വരുമാനക്കാർ –

3 ലക്ഷം രൂപയ്ക്കും 6 ലക്ഷം രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ള, സ്വന്തമായി പക്കാ വീടില്ലാത്ത (ഉറപ്പുള്ള സ്ഥിരമായ വീടുകൾ) കുടുംബങ്ങൾ.
• ഇടത്തരം വരുമാന വിഭാഗം – 6 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, സ്വന്തമായി പക്കാ വീടില്ലാത്ത കുടുംബങ്ങൾ.
• ചേരികളിൽ വസിക്കുന്നവർ – നിലവിൽ നഗരപ്രദേശങ്ങളിലെ ചേരികളിലോ അനധികൃത വാസസ്ഥലങ്ങളിലോ താമസിക്കുന്ന കുടുംബങ്ങൾക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.
ഗ്രാമീണ മേഖലയിൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് ഡാറ്റയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന കുടുംബങ്ങൾ.
* വീടില്ലാത്ത കുടുംബങ്ങൾ, അല്ലെങ്കിൽ ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള കച്ചാ വീടുകളിൽ (ശരിയായ അടിത്തറയോ, ഉറപ്പുള്ള ചുവരുകളോ, ഈടുനിൽക്കുന്ന മേൽക്കൂരയോ ഇല്ലാത്ത താൽക്കാലിക വാസസ്ഥലങ്ങൾ) താമസിക്കുന്നവർ.
പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് PMAY-2.0 യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.