സഞ്ചാരികളുടെ പ്രിയപ്പെട്ട ജലപാത; കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു .

കോട്ടയം ആലപ്പുഴ ജലപാതയില്‍ ഒരു മാസമായി മുടങ്ങിയിരുന്ന ബോട്ട് സര്‍വീസ് പുനരാംഭിച്ചു. വ്യാഴാഴ്ച 11.30ന് ആലപ്പുഴയില്‍ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. വരും ദിവസങ്ങളില്‍ മുഴുവന്‍ സര്‍വീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.

പാതയില്‍ പോള നിറഞ്ഞതിനെ തുടര്‍ന്നാണ് ഈ സര്‍വീസ് ഒരു മാസത്തോളമായി നിര്‍ത്തിവെച്ചിരുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് രണ്ട് തവണ കുടുങ്ങിയതിനെ 

തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം – ആലപ്പുഴ പാത. സ്ഥിരം യാത്രക്കാര്‍ക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളില്‍ 

നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്താറുണ്ടായിരുന്നത്. കോട്ടയം മുതല്‍ ആലപ്പുഴ വരെയുള്ള കായല്‍ കാഴ്ചകള്‍ ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.

 

 

Verified by MonsterInsights