സാങ്കേതിക തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നിന്നും സ്ത്രീകൾ വിട്ടുനിന്നാൽ അത് പൊതുസമൂഹത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാർഥിനി ശാക്തീകരണ പദ്ധതിയായ ഷീ (സ്കീം ഫോർ ഹെർ എംപവർമെന്റ്) യുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെൺകുട്ടികൾ സാങ്കേതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും ഉറച്ച് നിൽക്കണം. ഈ മേഖലകളിൽ വനിതകളുടെ ഉയർന്ന പങ്കാളിത്തം ഉണ്ടെങ്കിലും നേതൃപരമായ മുന്നേറ്റത്തിന് പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്. വിവാഹ ശേഷം ഇത്തരം അവസരങ്ങളിൽ നിന്നും പിന്മാറുന്ന രീതികൾ മാറണം. കാലഹരണപ്പെട്ടതും പഴഞ്ചനുമായ പിന്തിരിപ്പൻ ആശയങ്ങൾ സാങ്കേതിക രംഗത്ത് സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പെരുമാറുന്നതിന് തടസ്സമാകുന്നുണ്ട്. സാങ്കേതിക വിദ്യകൾ പ്രായോഗിക പരിശീലന രീതികളിലൂടെ കൈവരിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നേതാക്കളായി കേരളത്തിലെ വിദ്യാർഥിനികൾ ഉയർന്നു വരണമെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന, സംതൃപ്ത വ്യക്തിത്വമുള്ള വനിതാ എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ 2019ൽ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, യുകെ-ഇന്ത്യ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിൽ നിർദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും നേതൃപാടവം ആർജിക്കാനും പ്രാപ്തരാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്നിക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഷീയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുക.
ധർമശാല എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷീ പദ്ധതിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം വിജിൻ എം എൽ എ, ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, സാങ്കേതിവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി പി ബൈജുഭായ്, ഷീ സംസ്ഥാന തല കോ-ഓർഡിനേറ്റർ ഡോ. വന്ദന ശ്രീധരൻ, വിമൻ എഞ്ചിനീയേഴ്സ് കണക്റ്റ് അംഗം ടി കെ നവ്യ, കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഒ വി രജിനി, പി ടി എ പ്രസിഡണ്ട് എം ഇ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ഷീ കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലനവും നടന്നു.