സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി.

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം പുതുക്കി കെഎസ്ആര്‍ടിസി. ബസ് സര്‍വീസ് റദ്ദാക്കിയാല്‍ ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പണം തിരിച്ചുനല്‍കും. ടിക്കറ്റ് റീഫണ്ടിന് കാലതാമസം നേരിട്ടാല്‍ ഉദ്യോഗസ്ഥനില്‍ നിന്നു പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.രണ്ട് മണിക്കൂറില്‍ അധികം വൈകി ബസ് പുറപ്പെടുകയോ സര്‍വീസ് മുടങ്ങുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. തകരാന്‍, അപകടം മറ്റെന്തെങ്കിലും കാരണങ്ങളാല്‍ സര്‍വീസ് പൂര്‍ണമായി നടത്താതെ വന്നാല്‍ രണ്ട് ദിവസത്തിനകം റീഫണ്ട് ചെയ്യും. കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി ഈ തുക ഈടാക്കും.

 

സാങ്കേതിക തകരാര്‍ മൂലം ട്രിപ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ രേഖപ്പെടുത്താതെ യാത്ര മുടങ്ങുകയാണെങ്കിലും നിശ്ചിത പിക്കപ് പോയിന്റില്‍നിന്നു യാത്രക്കാരനെ ബസില്‍ കയറ്റാതിരുന്നതിനു കെഎസ്ആര്‍ടിസി ഉത്തരവാദി ആണെങ്കിലും മുഴുവന്‍ തുകയും തിരികെ നല്‍കും.

ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസിനു പകരം താഴ്ന്ന ക്ലാസ് സര്‍വീസ് ഉപയോഗിച്ചെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസമായിരിക്കും തിരികെ ലഭിക്കുക. കൂടാതെ ഓണ്‍ലൈന്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതേ ബസില്‍ സാധാരണ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടിവന്നാല്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

Verified by MonsterInsights