തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജോലിക്ക് എത്തി പഞ്ച് ചെയ്തശേഷം പുറത്തേക്കു പോകുന്ന ജീവനക്കാർക്ക് ഇനി പിടിവീഴും. ജീവനക്കാർ ജോലി സമയത്ത് പുറത്തേക്ക് പോകുന്നത് നിയന്ത്രിക്കാനായി പുതിയ അക്സസ് കൺട്രോൾ സംവിധാനം ഉടൻ നടപ്പാക്കും. ഇപ്പോഴുള്ള പഞ്ചിംഗ് സംവിധാനത്തിന്റെ പോരായ്മകള്‍ മറികടക്കും വിധമുള്ള ആക്സസ് കണ്ട്രോള് സംവിധാനമാണ് നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണ സെക്രട്ടറി ജ്യോതി ലാല്‍ പുറത്തിറക്കി. ഏപ്രില്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്.
നിലവില്‍ രാവിലെയും വൈകിട്ടും ബയോമെട്രിക് അധിഷ്ഠിത പഞ്ചിങ് രീതിയാണ് സെക്രട്ടേറിയറ്റിലുള്ളത്. ഇപ്പോൾ രാവിലെ പഞ്ച് ചെയ്ത ശേഷം പുറത്തേയ്ക്ക് പോകുന്നതിനും തടസമില്ല. എന്നാല്‍ പുതിയ ആക്സസ് കണ്ട്രോള് സംവിധാനം സ്ഥാപിക്കുന്നതോടെ രാവിലെ ജോലിയ്ക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ ഉച്ചയൂണിനും വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ മടങ്ങാനും മാത്രമെ കഴിയൂ.
ഇതിനായി നിലവിലെ പഞ്ചിംഗ് കാര്‍ഡുകള്‍ക്ക് പകരമായി ഓരോ ഉദ്യോഗസ്ഥര്‍ക്കും പുതിയ കാര്‍ഡ് നല്‍കും. ഈ ആക്സസ് കാര്‍ഡ് ഉപയോഗിച്ചായിരിക്കും പിന്നീട് ഓഫീസിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാനാവുക. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ അത് ഡിജിറ്റല്‍ സംവിധാനം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിയശേഷം ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗുമായി ആക്സസ് കണ്ട്രോള് ബന്ധിപ്പിക്കാനാണ് നീക്കം.
ഏപ്രിൽ ഒന്ന് മുതൽ സെക്രട്ടറിയേറ്റിലെ എല്ലാ ഓഫീസുകളിലും ആക്സസ് കണ്ട്രോള് സംവിധാനം പൂര്‍ണമായും നടപ്പാക്കുമെന്നാണ് വിവരം. സന്ദർശകർക്ക് ഓഫീസുകളിൽ പ്രവേശിക്കുന്നതിന് പുതിയ സംവിധാനം തടസമാകുമോയെന്ന് വ്യക്തമല്ല. ആക്സസ് കണ്ട്രോള് സംവിധാനം ശമ്പള സോഫ്റ്റുവെയറുമായും ബന്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനെതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.