ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​.

ശബ്ദ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന് പകരം അത് വായിക്കാൻ സാധിക്കും. ശബ്ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

പുതിയ ഫീച്ചർ വരും ആഴ്ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും.

ശബ്ദ സന്ദേശം അയക്കുന്നത് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതൽ വ്യക്തിപരമാക്കുന്നതാണെന്ന് വാട്ട്സ്ആപ്പിെൻറ ബ്ലോഗ്പോസ്റ്റിൽ പറയുന്നു. ‘നിങ്ങൾ എത്ര ദൂരയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്ദം കേൾക്കുക എന്നത് ഏറെ പ്രത്യേകതയുള്ളതാണ്. എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾ യാത്രയിലോ ശബ്ദമുഖരിതമായ സന്ദർഭത്തിലോ ആണെങ്കിൽ, ദീർഘമായ ശബ്ദം സന്ദേശം വന്നാൽ അത് കേൾക്കാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങൾക്ക് വേണ്ടി ഞങ്ങൾ വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്സ് അവതരിപ്പിക്കുകയാണ്’ -വാട്ട്സ്ആപ്പ് വ്യക്തമാക്കി.

അതാത് ഡിവൈസിലാകും ശബ്ദ സന്ദേശം ടെക്സ്റ്റാക്കി മാറ്റുക. അതിനാൽ തന്നെ വാട്ട്സ്ആപ്പിന് അടക്കം മറ്റാർക്കും സ്വകാര്യ സന്ദേശങ്ങൾ കേൾക്കാനും വായിക്കാനും കഴിയില്ലെന്നും കമ്പനി പറയുന്നു.

പുതിയ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്സ്ആപ്പിെൻറ സെറ്റിങ്സിൽ പോയി ചാറ്റ്സ് മെനുവിൽ പോകണം. ഇതിൽ വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്സ് എന്ന ഒപ്ഷൻ ഉണ്ടാകും. ഇത് ഓണാക്കി ട്രാൻസ്ക്രിപ്റ്റ് ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം. തുടർന്ന് ശബ്ദ സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ ‘ട്രാൻസ്ക്രൈബ്’ ഓപ്ഷൻ വരും. ഇതിൽ അമർത്തിയാൽ ശബ്ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടർന്ന് വായിക്കുകയും ചെയ്യാം.

ഒരേ സമയം വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കി. കൂടാതെ കേൾവി പ്രശ്നമുള്ളവർ, കേൾക്കുന്നതിനേക്കാൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർ എന്നിവർക്കും ഇത് ഏറെ പ്രയോജനകരമാകും. 

Verified by MonsterInsights