ശാരീരിക-ബൗദ്ധിക വളർച്ച അറിയാം അങ്കണവാടികളിൽ ‘കുഞ്ഞൂസ് കാർഡ്.

സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്കായി ‘കുഞ്ഞൂസ് കാർഡ്’ വരുന്നു. കുഞ്ഞിന്റെ പ്രായത്തിനനുസൃതമായി ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ച മനസ്സിലാക്കാൻ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് കുഞ്ഞൂസ് കാർഡ്. 33,115 അങ്കണവാടികളിലായി എത്തുന്ന അഞ്ചുലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് ഇത് പ്രയോജനപ്പെടും. വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിശുരോഗവിദഗ്ധരും തിരുവനന്തപുരം ശിശുവികസന കേന്ദ്രത്തിലെ വിദഗ്ധരും ഉൾപ്പെടുന്ന സാങ്കേതികസമിതിയാണ് കാർഡിന് രൂപം നൽകിയത്.

വളർച്ചാവ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയവികാസം കൂടി തിരിച്ചറിയേണ്ടതുണ്ട്. അതിനായി സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തും. ദന്താരോഗ്യവും വിലയിരുത്തും. മൂന്നുമാസം കൂടുമ്പോൾ കുഞ്ഞിന്റെ വളർച്ചയും വികാസവും വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും നാലുതവണയായി കാർഡിൽ രേഖപ്പെടുത്തും. കുഞ്ഞിന് ഉണ്ടാകാൻ സാധ്യതയുള്ള അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം, തലയുടെ ചുറ്റളവ്, രക്തഗ്രൂപ്പ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കാർഡിൽ ചേർക്കും.

സാമൂഹിക വൈകാരിക- ഭാഷാ-വൈജ്ഞാനിക – ശാരീരിക വികാസം എന്നിവ അങ്കണവാടി പ്രവർത്തകർ മൂന്നുനിറങ്ങളിലുള്ള ബബിളുകളായി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങളെങ്കിൽ പച്ച, സഹായത്തോടെ ചെയ്യുന്നുവെങ്കിൽ മഞ്ഞ, സാധിക്കുന്നില്ലാ എങ്കിൽ ചുവപ്പ് എന്നിവയാണ് ബബിളുകൾ. കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനവും നൽകാം. അങ്കണവാടി പ്രവർത്തകർക്കും രക്ഷാകർത്താക്കൾക്കും ഇതുവഴി കുട്ടിയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ മുൻകൂട്ടി നടത്താൻ കഴിയും. ആരോഗ്യവകുപ്പിന്റെയും വനിത-ശിശുവികസന വകുപ്പിന്റെയും ഇടപെടലിനും കാർഡ് സഹായിക്കും.
Verified by MonsterInsights