സ്മോളും’ ക്യാന്‍സറിന് കാരണമാകും; മദ്യകുപ്പികളില്‍ മുന്നറിയിപ്പ് ലേബല്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശം.

ആല്‍ക്കഹോള്‍  അടങ്ങിയ ബിയര്‍, വൈന്‍ എന്നിവ  ക്യാന്‍സറിന് കാരണമാകുമെന്ന  മുന്നറിയിപ്പ് ലേബലുകൾ   ബോട്ടിലുകളില്‍ ഉണ്ടായിരിക്കണമെന്ന് യുഎസ് സർജൻ ജനറൽ ഡോ വിവേക് ​​മൂർത്തി. മിതമായ മദ്യപാനം പോലും ചിലതരം അർബുദങ്ങൾക്ക് കാരണമാകനുള്ള സാധ്യത വര്‍ധിച്ചതിനാലാണ് ഇത്തരമൊരു നീക്കം. മദ്യത്തിന്‍റെ ഉപയോഗം സ്തനാര്‍ബുദം, തൊണ്ട, വായ, അന്നനാളം, വോയ്സ് ബോക്സ്, വൻകുടൽ, കരൾ അർബുദം എന്നിവയുൾപ്പെടെ ഏഴ് തരത്തിലുള്ള ക്യാൻസറുകള്‍ക്ക് കാരണമാകുമെന്നാണ് വിവേക് മൂര്‍ത്തിയുടെ നിര്‍ദ്ദേശത്തിലുള്ളത്. 

യുഎസില്‍ അര്‍ബുദത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് മദ്യമെന്നാണ് മൂര്‍ത്തി വ്യക്തമാക്കുന്നത്. വര്‍ഷത്തില്‍ ഒരു ലക്ഷം അര്‍ബുദ രോഗങ്ങള്‍ക്കും 20,000 മരണങ്ങള്‍ക്കും കാരണമാകുന്നത് മദ്യമാണ്.  ഒരു ദിവസം രണ്ട് ഡ്രിങ്സ് വീതം കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്സ് കഴിക്കുന്ന സ്ത്രീകളിലും 17 ശതമാനമാണ് മരണ നിരക്ക്. 16.4 ശതമാനം സ്താനാര്‍ബുദത്തിനും കാരണം മദ്യമാണ്. നിലവിലെ  മുന്നറിയിപ്പ് ആരോഗ്യ അപകടാവസ്ഥയെ പറ്റി ബോധവാന്മാരാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. 

യുഎസിലെ പലര്‍ക്കും മദ്യവും ക്യാന്‍സറും തമ്മിലുള്ള ബന്ധം അറിയില്ല. 2019 ലെ പഠനം പ്രകാരം 45 ശതമാനം അമേരിക്കകാര്‍ക്ക് മാത്രമെ മദ്യം അര്‍ബുദത്തിന് കാരണമാകുന്നു എന്ന അറിവുള്ളൂ. റേഡിയേഷന്‍, പുകയില, പൊണ്ണത്തടി എന്നിവയാണ് ക്യാന്‍സറിന് കാരണമാകുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ എന്നതാണ് അമേരിക്കകാരുടെ ധാരണ. 1988 മുതൽ മാറ്റം വരുത്തിയിട്ടില്ലാത്ത നിലവിലുള്ള മുന്നറിയിപ്പ് ലേബലുകൾ മാറ്റുന്നതിന് യുഎസ് കോൺഗ്രസിൻ്റെ അംഗീകാരം ആവശ്യമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മദ്യത്തിന്‍റെ അപകട സാധ്യത അറിയിക്കുന്നതിന് രാജ്യങ്ങള്‍ മദ്യകുപ്പികളില്‍ മുന്നറിയിപ്പ് ലേബല്‍ നല്‍കുന്നുണ്ട്. 2018 ലെ റിപ്പോര്‍ട്ട് പ്രകാരം 47 രാജ്യങ്ങളിലാണിത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. എല്ലാ തരം മദ്യകുപ്പികളിലും മദ്യത്തിന്‍റെ ഉപയോഗം ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന ആദ്യ രാജ്യമാണ് അയര്‍ലാന്‍ഡ്.

Verified by MonsterInsights