ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണം വിജയം. സ്‌പെയ്‌സ് എക്‌സ് കമ്പനിയുടെ നാലാംശ്രമമാണ് വിജയം കണ്ടത്. വ്യാഴാഴ്ച പ്രാദേശികസമയം രാവിലെ 7.50-ന് ടെക്‌സസിലെ ബോകാചികയിലുള്ള സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ബേസ് ബഹിരാകാശകേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.
സൂപ്പര്‍ഹെവി ബൂസ്റ്റര്‍, സ്റ്റാര്‍ഷിപ്പ് പേടകം എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് ഈ റോക്കറ്റിലുള്ളത്. കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം ഈ രണ്ടുഭാഗങ്ങളും വിച്ഛേദിക്കപ്പെട്ടു. വിക്ഷേപിച്ച് ഏഴ് മിനിറ്റിനകം സൂപ്പര്‍ഹെവി ബൂസ്റ്റര്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങി. 200 കിലോമീറ്റര്‍ ഉയരത്തില്‍
സഞ്ചരിച്ചശേഷം സ്റ്റാര്‍ഷിപ്പ് പേടകം ആസൂത്രണം ചെയ്തപോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും തിരിച്ചിറങ്ങി. ആദ്യമായാണ് ഈ രണ്ടുഘട്ടങ്ങളും വിജയകരമാകുന്നത്

2023 ഏപ്രിലിലും നവംബറിലും നടത്തിയ ആദ്യ രണ്ടുവിക്ഷേപണങ്ങളിലും റോക്കറ്റ് പൊട്ടിത്തെറിച്ച് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പതിച്ചിരുന്നു. ഇക്കൊല്ലം മാര്‍ച്ചില്‍ നടത്തിയ മൂന്നാം ശ്രമത്തില്‍ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ബൂസ്റ്റര്‍ തിരിച്ചിറങ്ങുന്നതിലും സാങ്കേതികപ്രശ്‌നം നേരിട്ടു.
പൊട്ടിത്തെറിയുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളെല്ലാം നടത്തിയശേഷമായിരുന്നു ഇത്തവണത്തെ വിക്ഷേപണം.ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും മനുഷ്യരെയും ചരക്കുകളും കൊണ്ടുപോകുന്നതിനായി സ്‌പെയ്‌സ് എക്‌സ് രൂപകല്പന ചെയ്തതാണ് സ്റ്റാര്‍ഷിപ്പ് ബഹിരാകാശവാഹനം.