സൂര്യാസ്തമയം ഇല്ലാത്ത നഗരങ്ങൾ!; അർദ്ധരാത്രിയിലും ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാൻ എത്തുന്നത് നിരവധി വിനോദ സഞ്ചാരികൾ.

സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നതാണ് നാം എല്ലാ ദിവസവും കണ്ടു വരുന്നത്. കുട്ടിക്കാലം മുതൽ കണ്ട് വളർന്നതും കേട്ട് വളർന്നതും വായിച്ച് പഠിച്ചതുമെല്ലാം ഇതായിരുന്നു. സൂര്യൻ രാവിലെ ഉദിച്ചുയരുമ്പോഴുള്ള ഇളം വെയിലും വൈകിട്ട് അസ്തമിക്കുമ്പോഴുള്ള നിറവുമെല്ലാം മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. എന്നാൽ ഉദിച്ചുയർന്ന സൂര്യൻ ഇനി അസ്തമിച്ചില്ലെങ്കിലോ എന്ന് നാം ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ദിവസങ്ങളോളം സൂര്യാസ്തമയം ഇല്ലാത്ത ചില ഇടങ്ങൾ ഭൂമിയിലുണ്ട്. ഈയിടങ്ങളിൽ നൂറിലധികം മണിക്കൂറുകളാണ് സൂര്യൻ ഉദിച്ചു നിൽക്കുന്നത്. ഈ സ്ഥലങ്ങൾ ഏതെല്ലാമെന്നും ഇവയുടെ പ്രത്യേകതകൾ എന്തെല്ലാമെന്നും നോക്കാം.

സ്വാൽബാർഡ് (നോർവ്വേ)

ഭൂമി ചരിഞ്ഞ അച്ചുതണ്ടിലാണ് കറങ്ങുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇതിനാൽ തന്നെ സൂര്യൻ ആഴ്ചകളോളമാണ് ആർട്ടിക് സർക്കിളിൽ അസ്തമിക്കാതെ നിൽക്കുന്നത്. അർദ്ധരാത്രി സമയങ്ങളിലും സൂര്യൻ ഏറ്റവും അധികം സമയം കാണപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് നോർവയിലെ സ്വാൽബാർഡ്. ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ ഈ പ്രദേശത്ത് സൂര്യൻ അസ്തമിക്കാറില്ല.

ഐസ്‌ലാൻഡ്

അറോറ ബോറിയാലിസ് ലൈറ്റുകളാൽ വളരെയധികം പ്രശസ്തിയാർജ്ജിച്ച ഇടമാണ് ഐസ്‌ലാൻഡ്. ഇവിടെയും മണിക്കൂറുകളോളമാണ് സൂര്യൻ അസ്തമിക്കാതിരിക്കുന്നത്. വേനൽക്കാലത്ത് ഇവിടെ പകൽ നീണ്ട മണിക്കൂറുകളാണ് ഉള്ളത്. ജൂൺ മാസത്തെ രാത്രി സമയങ്ങളിൽ ഇവിടെ സൂര്യൻ ഉദിച്ചു നിൽക്കുകയും ചെയ്യുന്നു. മെയ് മുതൽ ഓഗസ്റ്റ് വരെയുളള മാസങ്ങളിൽ ഒരിക്കൽപ്പോലും ഇവിടെ സൂര്യൻ മുഴുവനായും അസ്തമിക്കാറില്ല.

സെന്റ് പീറ്റേഴ്‌സ് ബർഗ് (റഷ്യ)

പത്ത് ലക്ഷത്തിൽ അധികം ജനസാന്ദ്രതയുള്ള റഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണിത്. ഈ മേഖലയിൽ 35 ദിവസങ്ങളോളമാണ് സൂര്യൻ അസ്തമിക്കാതെ ഉദിച്ചു നിൽക്കുന്നത്. മെയ് പകുതി മുതൽ ജൂലൈ പകുതി വരെയും ഈ പ്രതിഭാസത്തിന് സാക്ഷിയാകാനാകും. ഈ മാസങ്ങളിൽ അർദ്ധരാത്രിയിലും ആകാശം വെള്ള നിറത്തിൽ കാണാനാകും.

ഫിൻലാൻഡ്

മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഫിൻലാൻഡിൽ സൂര്യൻ അസ്തമിക്കാറില്ല.അർദ്ധരാത്രിയിലും സൂര്യൻ ഇവിടെ ഉദിച്ചു നിൽക്കും. രാത്രി കാലങ്ങളിൽ സൂര്യൻ ഇവിടെ ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലാകും കാണപ്പെടുക.”

 

Verified by MonsterInsights