കേരളത്തില്‍ വീണ്ടും സ്വര്‍ണവില റെക്കാര്ഡിലേക്കടുക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 53,000 രൂപയായിരുന്നു. ഏറ്റവും കൂടിയത് 54,120 രൂപയുമായിരുന്നു. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ ഈ വില മറികടക്കും.വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണവില കുതിക്കുന്നതിന് എന്ന് ചോദിച്ചാല്‍ വിപണി നിരീക്ഷകര്‍ രണ്ട് കാരണമാണ് പറയുന്നത്. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണമാണ് ഒന്ന്. ഡോളര്‍ മൂല്യം കുറയുന്നതാണ് മറ്റൊന്ന്. പലിശ നിരക്ക് സെപ്തംബറില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് കുറച്ചേക്കുമെന്നാണ് പ്രചാരണം. അങ്ങനെ സംഭവിച്ചാല്‍ നിക്ഷേപകള്‍ക്ക് പ്രതീക്ഷിച്ച ലാഭം കിട്ടില്ല. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് സാധാരണയില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള ശേഷി ലഭിക്കും.
ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിവരികയും ചെയ്യും. ആവശ്യക്കാര്‍ കൂടുമ്പോള്‍ വില വര്‍ധിക്കുമെന്നത് സ്വാഭാവികമായ സാമ്പത്തിക യുക്തിയാണ്. ഇതിനെല്ലാം പുറമെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുമുണ്ട്.നേരത്തെ ഡോളര്‍ വാങ്ങി സൂക്ഷിച്ചാണ് എല്ലാ രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ധനം ശേഖരിച്ചിരുന്നത്. സമീപകാലത്ത് ഡോളറിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് റഷ്യക്കെതിരായ അമേരിക്കന്‍ നടപടിയുടെ പശ്ചാത്തലത്തില്‍. ഇതോടെ ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഡീ ഡോളറൈസേഷന് വര്‍ധിച്ച് വരുന്നത് അമേരിക്കക്കും തിരിച്ചടിയാണ്.