തേനൊഴുകും താഴ്വരയും വെള്ളച്ചാട്ടവും…കുടകിലെ ഹണി വാലി

കാപ്പിപ്പൂക്കളുടെ സുഗന്ധവും മഞ്ഞാടയണിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടങ്ങളുമെല്ലാമായി ആരെയും മയക്കുന്ന ഒരു സുന്ദരിയാണ് കുടക്. പോയിവരാൻ എളുപ്പമായതിനാൽ ഇവിടേക്ക് മലയാളികളുടെ ഒഴുക്കാണ് എല്ലാക്കാലത്തും. ഈയിടെയായി കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങുന്ന ഒരിടമാണ് കുടകിലെ ഹണി വാലിയും നിലക്കണ്ടി വെള്ളച്ചാട്ടവും. 

കക്കബെയിൽ നിന്ന് 7 കിലോമീറ്ററും വിരാജ്പേട്ടിൽ നിന്ന് 27 കിലോമീറ്ററും മടിക്കേരിയിൽ നിന്ന് 48 കിലോമീറ്ററും അകലെയായി കബിൻകാട് ഗ്രാമത്തിന് സമീപമാണ് ഹണി വാലി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. യഥാർത്ഥത്തിൽ സുരേഷ് ചെങ്കപ്പ എന്നൊരാൾ നടത്തുന്ന റിസോർട്ടാണ് ഹണി വാലി. ഇതിന്റെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത്. റിസോർട്ടിൽ ഏകദേശം 75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാപ്പി, ഏലം, കുരുമുളക് തോട്ടങ്ങൾക്കിടയിലൂടെ നടന്നാൽ ഹണി വാലിയിൽ നിന്ന് നിലക്കണ്ടി വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാം.

ഹണി വാലി റിസോർട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വറ്റിയ കുളത്തിനടുത്ത് നിന്നാണ് വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. അവിടെ നിന്ന് മറ്റൊരു നാല് കിലോമീറ്റർ അകലെയാണ് നിലക്കണ്ടി വെള്ളച്ചാട്ടം. നിബിഡമായ ഉഷ്ണമേഖലാ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അതിശയിപ്പിക്കുന്ന ഒരു കാഴ്ചയാണ്.

തടിയന്റമോൾ പർവതനിരകളിൽ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഏകദേശം 50 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിൽ മതിമറന്നുല്ലസിച്ച് കുളിക്കുന്ന സഞ്ചാരികൾ ഇവിടുത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. 

രാവിലെ ആറുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിംഗ് നടത്താനാവും. പ്രവേശനം തികച്ചും സൗജന്യമാണ്. നാലകുനാട് കൊട്ടാരം, ബ്രഹ്മഗിരി ട്രെക്ക്, തടിയന്റമോൾ കൊടുമുടി എന്നിവയും ഇവിടെയുള്ള മറ്റു വിനോദസഞ്ചാര ആകർഷണങ്ങളാണ്.

Verified by MonsterInsights