തിരമാലകൾക്ക് മാരക വേഗത, കടലിൽ ഇറങ്ങരുത്: ഇന്നും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം.

കള്ളക്കടൽ പ്രതിഭാസം കേരളതീരത്ത് തുടരുകയാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കടൽ പിന്നാക്കം വലിയുകയും പെട്ടെന്ന് ശക്തമായ ഉയർന്ന തിരമാലകൾ ഉണ്ടാകുകയും ചെയ്യാനുളള സാധ്യത കൂടുതലാണ്. ഇത്തരം തിരമാലകൾ അപകടകാരികളാണ്.സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കള്ളക്കടൽ പ്രതിഭാസം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. പലയിടത്തും തിരമാലകൾ റോഡിലേക്കും വീടുകളിലേക്ക് കയറുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം കന്യാകുമാരിയിൽ തിരകളിൽ പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ ഇറങ്ങരുതെന്ന ജില്ലാ കളക്ടറുടെ ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ടായിരുന്നു. സ്ഥലം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥികളാണ് തിരയിൽ പെട്ടത്.

കേരള തീരത്ത് ഇന്ന് (07-05 -2024) രാവിലെ 05.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്. തിരമാലകളുടെ വേഗത സെക്കൻഡിൽ 40 cm വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്ത് നാളെ (07-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 40 cm വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പറയുന്നു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Verified by MonsterInsights