തിരുവനന്തപുരം പൊന്മുടിയിൽ വെള്ളിയാഴ്ച മുതൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം

തിരുവനന്തപുരം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം വീണ്ടും പ്രവർത്തന സജ്ജമാകുന്നു. നാളെ മുതൽ (ഡിസംബർ 16) നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം രണ്ടുമാസത്തിലേറെയായി  അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കാനാണ് തീരുമാനം.

മഴയിൽ പൂർണമായും തകർന്നുപോയ റോഡിന്റെ ഭാഗങ്ങൾ പുനർനിർമിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പൊലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിയ്ക്കണമെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

പൊന്മുടി റോഡിലെ 12ാത്തെ ഹെയർപിൻ വളവിനടുത്താണ് ഓഗസ്റ്റ് അഞ്ചിന് കനത്തമഴയിൽ റോഡ് ഇടിഞ്ഞത്. ഇതോടെ പൊന്മുടിയും തോട്ടം മേഖലയും സർക്കാർ ഓഫീസുകളും ഒറ്റപ്പെട്ടനിലയിലായി. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ ഇരുന്നൂറിലധികം കുടുംബങ്ങൾക്കാണ് പുറംലോകത്തെത്താൻ കഴിയാതെയായി. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് റോഡ് പുനർനിർമിക്കാനായത്.

പൊന്മുടിയിൽ പ്രവർത്തിച്ചിരുന്ന കടകൾ അടച്ചതോടെ ആളുകൾക്ക് ഭക്ഷ്യസാധനങ്ങൾ വാങ്ങാനാകാത്ത സ്ഥിതി ഉണ്ടായിരുന്നു. പതിനഞ്ച്‌ കിലോമീറ്റർ കാൽനടയായി കല്ലാറിലെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങി തലച്ചുമടായിട്ടാണ് പൊന്മുടിയിലെത്തിച്ചിരുന്നത്. പൊന്മുടി അടഞ്ഞതോടെ രണ്ട് മാസക്കാലമായി വനംസംരക്ഷണ സമിതിയിലെ 150ലധികം ജീവനക്കാരും ജോലിയില്ലാതെ പട്ടിണിയിലായിരുന്നു.

വീണ്ടും തുറക്കുന്നതോടെ പൊന്മുടിയിലെ സീസൺ നഷ്ടപ്പെടില്ലെന്ന ആശ്വാസത്തിലാണ് സഞ്ചാരികളും വിനോദസഞ്ചാര കേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്നവരും. കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന പൊന്മുടിയിൽ കഴിഞ്ഞ രണ്ടുവർഷവും ഡിസംബറിലെ സീസൺ നഷ്ടപ്പെട്ടിരുന്നു.

ഡിസംബർ മുതൽ മാർച്ച് വരെയാണ് കോടമഞ്ഞിന്റെ തണുപ്പുതേടി സഞ്ചാരികൾ ഇവിടേക്ക്  കൂടുതലായെത്തുന്നത്. പ്രതിവർഷം 35 ലക്ഷം രൂപ വരെയാണ് പൊന്മുടിലെ സീസണിൽനിന്ന്‌ വനംവകുപ്പിന് ലഭിക്കുന്നത്.

Verified by MonsterInsights