തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയേക്കും.

 പുതിയ പാമ്പൻ പാലം തുറന്നതേ‍ാടെ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ട്രെയിൻ രാമേശ്വരത്തേക്കു നീട്ടിയേക്കും. ട്രെയിനിന്റെ സമയത്തിൽ ചെറിയ മാറ്റം വരുന്നതിനൊപ്പം കേ‍ാച്ചുകളുടെ വർധനയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12.30ന് രാമേശ്വരത്ത് എത്തുന്ന രീതിയിലായിരിക്കും സർവീസ് എന്നാണു വിവരം. ട്രെയിൻ നീട്ടാൻ നേരത്തേതന്നെ നിർദേശം ഉണ്ടെങ്കിലും ഉത്തരവും പുതിയ സമയക്രമവും പുറത്തിറങ്ങണം.
രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം – ചെന്നൈ ട്രെയിനായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ട്രെയിൻ അമൃതയായി തിരുവനന്തപുരത്തേക്കുമുള്ള സർവീസാണ് പരിഗണനയിൽ. പുലർച്ചെ അഞ്ചിന് അമൃതയിൽ പാലക്കാട്ടു നിന്നു കയറിയാൽ പന്ത്രണ്ടരയ്ക്ക് രാമേശ്വരത്തെത്തി പിറ്റേ ദിവസം ഒന്നരയ്ക്കുള്ള തിരുവനന്തപുരം അമൃതയ്ക്കു മടങ്ങാമെന്ന സൗകര്യമുണ്ടാകും. കേ‍ാച്ച് കൂട്ടുന്നതേ‍ാടെ വരുമാനവും വർധിക്കും. നേരത്തേ അനുവദിച്ച മംഗളൂരു – രാമേശ്വരം വീക്ക്‌ലി എക്സ്പ്രസിന്റെ സർവീസിനും പാലം ഉദ്ഘാടനത്തേ‍ാടെ വഴി തെളിഞ്ഞു. അതു ദൈനംദിന സർവീസാക്കണം എന്നാണ് ആവശ്യം.

പാലക്കാട് – രാമേശ്വരം രാത്രിട്രെയിൻ വേണമെന്ന ആവശ്യം ശക്തമാണ്. പാലക്കാട് ഡിവിഷൻ നേരത്തേ ഇതിനു ശുപാർശ ചെയ്തിരുന്നു. പെ‍ാള്ളാച്ചിപ്പാത നവീകരണത്തിന്റെ പേരിൽ നിർത്തലാക്കിയ പാലക്കാട് – രാമേശ്വരം രാത്രി സർവീസും രണ്ടു മധുര ട്രെയിനുകളും പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറായിട്ടില്ല. അതേസമയം, കേ‍ായമ്പത്തൂർ – രാമേശ്വരം പുതിയ ട്രെയിനിനായി തമിഴ്നാട് കേന്ദ്ര സർക്കാരിനു കത്തു നൽകി. നിലവിൽ കേ‍ായമ്പത്തൂരിൽ നിന്ന് ഈറേ‍ാഡ് വഴി ആഴ്ചയിലെ‍ാരിക്കൽ രാമേശ്വരം സർവീസുണ്ട്. കേരളത്തിൽ നിന്നുള്ളവരാണ് ഈ ട്രെയിൻ കൂടുതൽ ഉപയേ‍ാഗിക്കുന്നത്. പാമ്പൻ പാലത്തിൽ ഗതാഗതം തുടങ്ങിയതേ‍ാടെ ദക്ഷിണ മേഖലയിൽ കൂടുതൽ സാംസ്കാരിക – ആധ്യാത്മിക ടൂറിസം സർവീസുകൾ അധികൃതരും പ്രതീക്ഷിക്കുന്നുണ്ട്. രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സർവീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്നൽ സംവിധാനവും ഉള്ളതിനാൽ സാങ്കേതിക, ഗതാഗത പ്രശ്നങ്ങളുണ്ടാകില്ലെന്നതും നേട്ടമാണ്.
Verified by MonsterInsights