തൃശൂർ പൂരം സാംപിൾ വെടിക്കെട്ട് ഇന്ന്; തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാൾ തന്നെ, ചരിത്രത്തിൽ ആദ്യം.

തൃശൂർ പൂരാവേശം ആകാശമേലാപ്പിൽ വിരിയിക്കാൻ ഇന്ന് സാംപിൾ വെടിക്കെട്ട്. വൈകുന്നേരം ഏഴ് മണിക്കാണ് സാംപിൾ വെടിക്കെട്ടിന് തുടക്കമാകുക. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാൾ തന്നെയാണ്. മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വെടിക്കെട്ടുചുമതല നിർവഹിക്കുക. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുചുമതല സതീശിനായിരുന്നു.നൂറ്റാണ്ടുകൾ പിന്നിട്ട തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു വിഭാഗങ്ങളുടെ വെടിക്കെട്ടുചുമതല ഒരാളിലേക്ക് എത്തുന്നത്. വർഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനാണ് മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ്. സതീഷിൻ്റെ അച്ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു.

സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരനു ലൈസൻസ് നൽകാൻ പ്രയാസമായതോടെ കളക്ടർ വിആർ കൃഷ്‌ണ തേജ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്നു നടത്തിയ ചർച്ചകളിലൂടെയാണ് ഒരേ കരാറുകാരൻ മതിയെന്നു തീരുമാനിച്ചത്. അതേസമയം വെടിക്കെട്ടിന്റെ മത്സരസ്വഭാവത്തോടെയുള്ള വൈവിധ്യത്തിന് കുറവ് വരാത്ത രീതിയിലായിരിക്കും സംഘാടനമെന്നും വെടിക്കെട്ടിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ആരോഗ്യകരമായ മത്സരങ്ങൾ ഇത്തവണയും ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights