ട്വിറ്റർ പണിമുടക്കിയതായി ഉപയോക്താക്കളുടെ പരാതി. മൈക്രോ ബ്ലോഗിങ് സംവിധാനം വ്യാപകമായ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതായി ഉപയോക്താക്കൾ പരാതിപ്പെട്ടു. അപ്‌ഡേറ്റുകൾ പോസ്‌റ്റുചെയ്യാനോ, അക്കൗണ്ടുകൾ പിന്തുടരാനോ, സന്ദേശങ്ങൾ ആക്‌സസ് ചെയ്യാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് അറിയിച്ചിരിക്കുന്നത്.
ഉപയോക്താക്കൾ ട്വീറ്റുകൾ ചെയ്യാൻ ശ്രമിക്കുകയും അവരുടെ ‘ട്വീറ്റ് പരിധി’യിൽ എത്തിയതായി സന്ദേശം ലഭിക്കുകയും ചെയ്‌തപ്പോഴാണ് പ്രശ്‌നം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ട്വിറ്ററിൽ മറ്റ് ഉപയോക്താക്കളെ പിന്തുടരാൻ ശ്രമിക്കുമ്പോഴും ചിലർക്ക് പ്രശ്‌നമുണ്ടായി, “ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ ആളുകളെ പിന്തുടരാൻ കഴിയില്ല” എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

ട്വിറ്റർ വർഷങ്ങളായി ഒരു അക്കൗണ്ടിൽ നിന്ന് ചെയ്യാവുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത് പ്രതിദിനം 2,400 അല്ലെങ്കിൽ മണിക്കൂറിൽ 100 ആണ്. സാധാരണഗതിയിൽ ഇത് ഉപയോക്താക്കളെ സംബന്ധിച്ച് ആവശ്യത്തിലും അധികമാണ്. ഒരു ഉപയോക്താവിന് ഒരു ദിവസം എത്ര അക്കൗണ്ടുകൾ പിന്തുടരാനാകും എന്നതിന്റെ പരിധിയാവട്ടെ 400ഉം ആണ്.
ഒരു സാധാരണ ട്വിറ്റർ ഉപയോക്താവിനെ സംബന്ധിച്ചടത്തോളം ഇത് ധാരാളമാണ്. അതേസമയം, അകാരണമായി ആളുകളെ പിരിച്ചുവിട്ടത് മൂലം പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമാകാനുള്ള സാധ്യത കൂടുതലാണെന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാരും വിദഗ്‌ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.