ഉയരെ… ഉയരെ… പൂരം

പതിവുതെറ്റാതെ ഇത്തവണയും തൃശ്ശൂരിൽ പൂരാവേശത്തിന് ജയം. കനത്ത ചൂടും അത്യുഷ്ണവും അവഗണിച്ച് വടക്കുന്നാഥന്റെ മണ്ണിലേക്കൊഴുകിയ ജനസഹസ്രങ്ങൾ പൂർണമാക്കിയത് മറ്റൊരു പൂരാഘോഷംകൂടി. ആചാരങ്ങളിലോ സമയക്രമത്തിലോ അണുവിട തെറ്റാതെ സമസ്ത സൗന്ദര്യത്തോടെയും പൊലിമയോടെയും പൂരം നിറഞ്ഞൊഴുകി.

പൊരിവെയിലിൽ ജനം കൂടുമ്പോഴുണ്ടാകാമായിരുന്ന പ്രതിസന്ധികൾ കൃത്യവും അവസരോചിതവുമായ ഇടപെടലുകൾകൊണ്ട് തൃശ്ശൂരുകാർ മറികടന്നു. ഘടകപൂരങ്ങളിലെ ആദ്യസ്ഥാനക്കാരനായ കണിമംഗലം ശാസ്താവ് വെള്ളിയാഴ്ച വെളുപ്പിന് പൂരത്തിനായി പുറപ്പെട്ടതോടെ 36 മണിക്കൂർ ആഘോഷത്തിന് തുടക്കമായി. ഉച്ചവരെ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാർ ഒന്നൊന്നായി എത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി നെയ്തലക്കാവ് ഭഗവതി എത്തിയതോടെ ആവേശത്തിന്റെ വേലിയേറ്റമായി.

ഇതിനിടെ കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം മുഴങ്ങി. ഉച്ചയ്ക്ക് കൃത്യം രണ്ടിന് വടക്കുന്നാഥന്റെ മതിൽക്കകത്ത് ഇലഞ്ഞിത്തറയിൽ പ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലെ രണ്ടുമണിക്കൂർ മേളം കഴിഞ്ഞതവണത്തേതിനെയും കടത്തിവെട്ടുന്നതായിരുന്നെന്ന് ആസ്വാദകർ.

ഈ സമയത്ത് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളവും മുറുകി. ഇലഞ്ഞിത്തറമേളം പൂർത്തിയാക്കി പാറമേക്കാവ് വിഭാഗം ചരിത്രപ്രസിദ്ധമായ തെക്കോട്ടിറക്കത്തിന് തുടക്കംകുറിച്ചു. പിന്നാലെ കുടമാറ്റം. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന കുടമാറ്റത്തിൽ ഇരു വിഭാഗവും ആനപ്പുറത്തേറ്റിയത് 1500-ലേറെ കുടകൾ.

കാണികൾക്കിടയിലെ വർധിച്ച സ്ത്രീസാന്നിധ്യമായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് എല്ലായിടത്തും ഏർപ്പെടുത്തിയിരുന്നത്. വിവിധ സന്നദ്ധസംഘടനകളും തദ്ദേശ-സർക്കാർ സ്ഥാപനങ്ങളും കുടിവെള്ളവിതരണം ഉൾപ്പെടെയുള്ള സേവനങ്ങളുമായി രംഗത്തെത്തിയിരുന്ന.

Verified by MonsterInsights