വടക്ക് ചൂടു കൂടുന്നു, തെക്ക് മഴ: കേരളത്തിൽ ഭിന്ന കാലാവസ്ഥ; ഭക്ഷണവും വെള്ളവുമില്ലാതെ വന്യമൃഗങ്ങൾ കാടിറങ്ങുന്നു.

“സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടു കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പു വരുമ്പോഴും വടക്കന്‍ കേരളത്തിലും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത് ഭിന്നമായ കാലാവസ്ഥ. വടക്കന്‍ കേരളത്തില്‍ താപനില ഉയരുമ്പോള്‍ തെക്കന്‍, മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ വ്യാഴാഴ്ച രാവിലെ ചെറിയ തോതില്‍ ചാറ്റല്‍മഴ അനുഭവപ്പെടുകയും ചെയ്തു. തെക്കന്‍ കേരളത്തിനു മുകളില്‍ കൂടി ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള കിഴക്കന്‍ കാറ്റ് (ഈസ്‌റ്റേര്‍ലി വേവ്) പോകുന്നതു കൊണ്ടാണ് ഇവിടെ അന്തരീക്ഷം മേഘാവൃതമായിരിക്കുന്നതും മഴയ്ക്കു സാധ്യതയുളളതെന്നും കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഈ സമയത്ത് തെക്കന്‍ കേരളത്തില്‍ പകൽ താപനില ഉയരാതെ നില്‍ക്കും. 

അതേസമയം വടക്കന്‍ കേരളത്തില്‍ ഇത്തരം സാഹചര്യം ഇല്ലാത്തതിനാലും ഇൻകമിങ് സോളാര്‍ റേഡിയേഷന്‍ കൂടിയിരിക്കുന്നതിനാലും താപനില ഉയരാനുള്ള സാധ്യതയാണുള്ളത്. വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ സമയത്ത് ഈസ്‌റ്റേര്‍ലി വേവ് മൂലമാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇത് തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ കിട്ടാറുള്ളത്. ഉത്തരായനത്തിന്റെ ഭാഗമായി ഭൂമധ്യരേഖ കടന്നെത്തുന്ന സൂര്യന്‍ മാര്‍ച്ച് 22ന് കേരളത്തിനു മുകളിലായി എത്തും. ഈ കാലയളവില്‍ തെക്കന്‍ സംസ്ഥാനമായ കേരളത്തില്‍ ചൂട് വര്‍ധിച്ചുകൊണ്ടിരിക്കും. ഇക്കുറി അസാധാരണമായ ചൂടിന്റെ അനുഭവമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ഡിസംബര്‍ 31ന് അവസാനിക്കേണ്ട തുലാമഴ നീണ്ട് ജനുവരി 25-നാണ് അവസാനിച്ചത്. 25 ദിവസം മഴസാധ്യത നീണ്ടെങ്കിലും കാര്യമായ മഴ ലഭിച്ചതുമില്ല. ഇത്രത്തോളം നേരത്തേ തന്നെ ചൂട് ശക്തമായതോടെ മിക്കയിടങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമായിക്കഴിഞ്ഞു. ഏറെ ഫലപ്രദമായ തരത്തില്‍ ജലസംരക്ഷണം ശക്തമാക്കണമെന്നുള്ളതിന്റെ കൃത്യമായ സൂചനകളാണ് മുന്നിലുള്ളതെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

കാടിനുള്ളില്‍ ചൂട് കൂടുന്നതും ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കടുവ ഉള്‍പ്പെടെ മൃഗങ്ങള്‍ കാടുവിട്ട് പുറത്തേക്കു വരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് കാട്ടില്‍ ചൂടേറുന്നതും ഭക്ഷണവും വെള്ളവും ഇല്ലാതാകുന്നതാണ്. വേനല്‍ക്കാലത്ത് കാട്ടിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കാന്‍ വനംവകുപ്പ് മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൂട് കൂടുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ശുഭപ്രതീയാണുള്ളതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. മാവും കശുമാവും ഇക്കുറി നന്നായി പൂത്തിട്ടുണ്ടെന്നും മികച്ച വിളവ് ലഭിക്കുന്നത് ഈ മേഖലയിലെ കര്‍ഷകര്‍ക്കു ഗുണകരമാകുമെന്നും ഇവര്‍ പറയുന്നു.

Verified by MonsterInsights