കമ്പനികളുടെ ത്രൈമാസ വരുമാന റിപ്പോർട്ട് പുറത്ത് വരുന്ന സമയമാണിത്. മൂന്ന് മാസത്തിനിടെ മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ച കമ്പനികളുടെ ഓഹരികളെല്ലാം വിപണിയിൽ വലിയ മുന്നേറ്റം കാഴ്ചവച്ചു. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞ കമ്പനികളുടെ ഓഹരികൾ ചുവപ്പിലാണ് അവസാനിക്കുന്നത്. അത്തരത്തിൽ ഇന്ന് ഇടിവ് സംഭവിച്ച ഓഹരികളിലൊന്നാണ് സുസ്‌ലോൺ എനർജി ലിമിറ്റഡ്. ഏകദേശം 5 ശതമാനത്തോളമാണ് കമ്പനിയുടെ ഓഹരി ഇന്ന് ഇടിഞ്ഞത്.
വരുമാനത്തിൽ കുറവ്: 2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ സുസ്‌ലോൺ എനർജി ലിമിറ്റഡിൻ്റെ ഏകീകൃത അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 254 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 280 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം അവസാന സാമ്പത്തിക വർഷം ഇതേ കാലയളവിലെ 1,689 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 29 ശതമാനം വർധിച്ച് 2,179 കോടി രൂപയായി.
ഇടിഞ്ഞത് 5 ശതമാനം ത്രൈമാസ വരുമാന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ബിഎസ്ഇയിൽ സുസ്ലോൺ എനർജിയുടെ ഓഹരികൾ ഏകദേശം 5 ശതമാനത്തോളം ഇടിഞ്ഞു. നിലവിൽ 45.89 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.51 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിരുന്നു. 2024-ൽ ഇതുവരെ 19.26 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 368.74 ശതമാനം ലാഭമാണ് സുസ്ലോൺ എനർജിയുടെ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. 50.72 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 9.46 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓർഡർ ബുക്ക് ശക്തമാണ് സുസ്ലോൺ എനർജിയുടെ ഇബിഐടിഡിഎ മാർച്ച് പാദത്തിൽ 54 ശതമാനം വർധിച്ച് 357.2 കോടി രൂപയായി. മാർജിൻ കഴിഞ്ഞ വർഷത്തെ 13.7 ശതമാനത്തിൽ നിന്ന് 260 ബേസിസ് പോയിൻ്റ് വർദ്ധിച്ച് 16.3 ശതമാനമായി. ഓർഡറുകളുള്ള ദീർഘകാല ബന്ധങ്ങളോടെ കമ്പനി നിരവധി ഇന്ത്യൻ കമ്പനികളെ തങ്ങളുടെ ഉപഭോക്തൃ പോർട്ട്‌ഫോളിയോയിലേക്ക് ചേർത്തിട്ടുണ്ടെന്ന് സുസ്‌ലോൺ ഗ്രൂപ്പ് വൈസ് ചെയർമാൻ ഗിരീഷ് തന്തി പറഞ്ഞു.