പ്രതിസന്ധിയിലായി വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകൾ. കൊപ്ര വില വർദ്ധിച്ചോടെയാണ് മില്ലുടമകൾ പ്രതിസന്ധിയിലായത്. ഓണക്കാലത്തിനു മുമ്പ് വരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വില. എന്നാൽ ഏതാനും മാസങ്ങൾ കൊണ്ട് 30 രൂപയിൽ അധികം വർധിച്ച് കൊപ്രയുടെ വില 155 രൂപയായി ഉയർന്നു. ഇതോടെ മില്ലുടമകൾ ആട്ടിയെ വെളിച്ചെണ്ണ 255 രൂപയ്ക്കാണ് വില്പന നടത്തുന്നത്. 1 കിലോ കൊപ്രയിൽ നിന്ന് ശരാശരി 600 ഗ്രാം വെളിച്ചെണ്ണ മാത്രമേ ലഭിക്കു . ഇനിയും കൊപ്രയുടെ വില തുടർന്നാൽ വെളിച്ചെണ്ണയുടെ വിലയിൽ ഇനിയും വർധന വരുത്തേണ്ടി വരും എന്നാണ് മില്ലുടമകൾ പറയുന്നത് .ഇത് വില്പനയെ തന്നെ സാരമായി ബാധിക്കും എന്നും അവർ കൂട്ടിച്ചേർത്തു.
ഇങ്ങനെ വില കൂടുന്നതിലൂടെ കുറഞ്ഞ വിലയിൽ പാക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്പനയ്ക്ക് വെല്ലുവിളിയാകുന്നതായും മില്ലുടമകൾ പറയുന്നു .കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതൽ കർശനം ആക്കണമെന്നും മായം കലർന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.
