പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഭാരപരിശോധനയിൽ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കില്ലെന്ന് ഉറപ്പായി. വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് അപ്പീൽ തള്ളിയതായി റിപ്പോർട്ട് പുറത്തുവരുന്നത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വനിതാ ഗുസ്തിയിൽ 50 കിലോഗ്രാം ഗുസ്തി ഫ്രീസ്‌റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതോടെ ഉറപ്പായ വെള്ളിയും നഷ്ടപ്പെട്ടു.
പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ഗുസ്തിയിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായിരുന്നു എതിര്‍കക്ഷികള്‍. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം. നിയമം ആർക്കു വേണ്ടിയും മാറ്റാൻ സാധിക്കില്ലെന്നും രണ്ടു സംഘടനകളുടേയും നേതൃത്വം കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.
പാരിസ് ഒളിമ്പിക്സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആകെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്.