ചർമ്മ സംരക്ഷണത്തിനും മുടി വളരാനുമെല്ലാം ഇപ്പോൾ പലരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് വിറ്റാമിൻ ഗുളികകൾ. ശരീരത്തിനകത്തും പുറത്തും ഇവ ഉപയോഗിക്കാം. ഡോക്ടറുടെ കൃത്യമായ നിർദേശങ്ങൾപാലിച്ചുകൊണ്ടു മാത്രമേ ഇവ ഉള്ളിൽ കഴിക്കാവൂ എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകാറുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മുടി കൊഴിച്ചിൽ മാറി മുടി വളരാനും, മുഖത്തിനുമെല്ലാം അത്യുത്തമമാണ് വിറ്റാമിൻ ഇ ഗുളികകൾ. വിപണികളിൽ ഇന്ന് സുലഭമായി ഇവ ലഭിക്കാറുണ്ട്. വിറ്റാമിൻ ഇ ഗുളികകളുടെ ഉള്ളിൽ ആയിട്ടുള്ള എണ്ണ തലമുടിയിലായി തേയ്‌ക്കുന്നത് മുടി വളരാൻ സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കിൽ മറ്റേതെങ്കിലും എണ്ണയോടൊപ്പമോ, ഹെയർ പായ്‌ക്കുകൾക്കൊപ്പമോ ഒന്നോ രണ്ടോ ഗുളികകൾ പൊട്ടിച്ച് അതിനുള്ളിലെ എണ്ണ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ശേഷം തലയിൽ നന്നായി മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. ഓരോ ഗുളികയ്‌ക്കുള്ളിലും വളരെ ചെറിയ അളവിലുള്ള മിശ്രിതം മാത്രമായിരിക്കും ഉള്ളത്. എന്നാൽ ഒന്നോ രണ്ടോ എണ്ണം തന്നെ മുടിയ്‌ക്ക് ധാരാളമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

“അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഇവ ഉപയോഗിച്ചാൽ മതിയാകും. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ കൂടുതൽ ഉപയോഗിച്ചാൽ അത് ഗുണത്തെക്കാൾ ഏറെ ദോഷമായിരിക്കും ചെയ്യുന്നത്. മുഖത്തും സമാനമായ രീതിയിൽ ഒരു ക്യാപ്‌സ്യൂൾ പൊട്ടിച്ച് എണ്ണയ്‌ക്കൊപ്പമോ അല്ലെങ്കിൽ ഫെയ്‌സ് പായ്‌ക്കുകൾക്കൊപ്പമോ ചേർത്ത് ഉപയോഗിക്കാം. നല്ലൊരു ആന്റി ഏജിങ് എലമെന്റ് കൂടിയാണിത്. ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും, തിളക്കം വർദ്ധിപ്പിക്കാനുമെല്ലാം ഇത് സഹായകമാണ്. അതേപോലെ ഡോക്ടറുടെ നിർദ്ദേശാനുസരണമല്ലാതെ ഗുളികകൾ മേടിച്ച് കഴിക്കുന്നവരും കുറവല്ല. എന്നാൽ അത് ക്ഷീണം, ഛർദ്ദിൽ, പേശികളുടെ ബലക്ഷയം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. വിറ്റാമിൻ ഇയുടെ അളവ് കൂടിപ്പോയാൽ അമിത രക്തസ്രാവത്തിനും കാരണമാകും. സാധാരണയായി ഭക്ഷണത്തിൽ നിന്ന് തന്നെ ആവശ്യമായ വിറ്റാമിൻ ഇ ലഭിക്കാറുണ്ട്. ബദാം, പാൽ, ഗോതമ്പ്, ഇലക്കറികൾ, ഒലിവ് ഓയിൽ, മത്തൻ, മാങ്ങ, നിലക്കടല, ധാന്യങ്ങൾ, പരിപ്പ്, മുട്ട, ബ്രൊക്കോളി, ചീര എന്നിവയിലെല്ലാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
