സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് തൊട്ടു. മൺസൂൺ ദുർബലമായതോടെ വേനൽക്കാലത്തിനുതുല്യമായാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. രാത്രിയിൽ കടുത്ത വൈദ്യുതിക്ഷാമം നേരിട്ടതോടെ നാഷണൽ ഗ്രിഡിൽനിന്ന് കേരളം അധികവൈദ്യുതിയെടുക്കുകയാണ്. ഇത് ഗ്രിഡിനെ ബാധിക്കുമെന്നതിനാൽ നാഷണൽ ഗ്രിഡ് കൺട്രോൾ റൂമിൽനിന്ന് കേരളത്തിന് മുന്നറിയിപ്പുകിട്ടി. ആവശ്യമുള്ള വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങാൻ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റിലെത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്ത് 80 ദശലക്ഷം യൂണിറ്റേ വന്നിട്ടുള്ളൂ. വ്യാഴാഴ്ച സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവന്നിരുന്നു. ജലവൈദ്യുതി ഉത്പാദനവും കുത്തനെ കൂട്ടിയിരിക്കുകയാണ്. 38 മുതൽ 40 ദശലക്ഷം യൂണിറ്റുവരെയാണിപ്പോൾ ഉത്പാദനം. കഴിഞ്ഞവർഷം ഇതേസമയത്ത് 20 ദശലക്ഷം യൂണിറ്റ് മാത്രമേ ഉത്പാദിപ്പിച്ചിരുന്നുള്ളൂ.
വെള്ളിയാഴ്ച വൈദ്യുതി ആവശ്യം 4489 മെഗാവാട്ടായിരുന്നു. ജലവൈദ്യുതോത്പാദനം കൂട്ടിയിട്ടും, നാഷണൽ ഗ്രിഡിൽനിന്ന് 764 മെഗാവാട്ട് വൈദ്യുതി കേരളം അധികമായിയെടുത്തു.

നാഷണൽ ഗ്രിഡിൽനിന്ന് ഏതെങ്കിലുമൊരു സംസ്ഥാനം നിശ്ചിതപരിധിയിലധികം വൈദ്യുതിയെടുത്താൽ ഗ്രിഡ് ഡൗണാവുകയും മറ്റുസംസ്ഥാനങ്ങളിലുൾപ്പെടെ വൈദ്യുതിനിയന്ത്രണം ആവശ്യമായിവരുകയും ചെയ്യും. ഇതാണ് ഗ്രിഡ് ഇന്ത്യ കേരളത്തിന് മുന്നറിയിപ്പുനൽകാൻ കാരണം. രാത്രിയിൽ കേരളത്തിന് 900-1000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുവരുന്നുണ്ട്. ഇത് തുടരാനാണ് സാധ്യതയെന്നും ഈ ആവശ്യം നിറവേറ്റാനുള്ള വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് മുൻകൂറായി വാങ്ങണമെന്നുമാണ് മുന്നറിയിപ്പ്.
മുൻപ് അഞ്ച് മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററുകളായിരുന്നു. ഇവയെല്ലാംചേർത്ത് ഇപ്പോൾ നാഷണൽ ഗ്രിഡ് എന്നാക്കിമാറ്റി. ഇതിനുകീഴിലാണ് കേരളം ഉൾപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായ സതേൺ ലോഡ് ഡെസ്പാച്ച് സെന്റർ വരുന്നത്.
നാഷണൽ ഗ്രിഡിൽനിന്ന് അമിതമായി കേരളം വൈദ്യുതിയെടുത്താൽ ഗ്രിഡിലെ ലോഡ് കുറയ്ക്കുന്നതിനായി ബെംഗളൂരുവിൽനിന്നുതന്നെ കേരളത്തിലെ 220 കെവി ഫീഡറുകൾ ഓഫ്ചെയ്യാനുള്ള സംവിധാനമുണ്ട്. ഈ നടപടിയിലേക്ക് പോകാതിരിക്കാനാണ് വൈദ്യുതി മുൻകൂറായി വാങ്ങണമെന്ന മുന്നറിയിപ്പ്.
