ബ്ലീഡിംഗ് ഐ’ അഥവാ മാർബർഗ് (Marburg) വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് 17ഓളം രാജ്യങ്ങളിൽ Marburg, Mpox, Oropouche എന്നീ വൈറസുകൾ ബാധിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയിൽ ഇതിനോടകം 15 പേരാണ് Marburg വൈറസ് ബാധിച്ച് മരിച്ചത്. നൂറുകണക്കിന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രക്തക്കുഴലുകളെ അടിമുടി തകർക്കാൻ ശേഷിയുള്ള വൈറസാണിത്. ഇത് രക്തസ്രാവത്തിലേക്ക് നയിക്കും. വൈറസ് ബാധിച്ചതിന് ശേഷമുള്ള രോഗലക്ഷണങ്ങളുടെ പ്രത്യേകത കാരണമാണ് Bleeding eye വൈറസ് എന്ന് ഇതിന് പേരുവന്നത്. എബോള വൈറസ് രോഗത്തിന്റെ കുടുംബത്തിലുള്ള അംഗം തന്നെയാണ് മാർബർഗ് എന്നും പറയപ്പെടുന്നു. പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യന്റെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയ ശരീരദ്രാവകങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പടരും.
മരണനിരക്ക് 24% മുതൽ 88% വരെയാണ്. ചികിത്സ ലഭ്യമാകുന്നതിന് അനുസരിച്ചാണ് മരണനിരക്കിൽ വ്യത്യാസമുണ്ടാകുന്നത്. അതിനാൽ രോഗം ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്ന് പറയപ്പെടുന്നു.
