സിനിമകളിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?
“നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതുമില്ല. സിനിമകളും വെബ്സീരീസും ഒക്കെ അവരുടെ താല്പര്യമുള്ള വിഷയങ്ങളാണ്. അതിനാൽ തന്നെ എന്തും ലഭ്യമാകുന്ന മാധ്യമങ്ങളുടെ കൂട്ടത്തിൽ നിന്നും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കാത്ത കാര്യങ്ങൾ മാത്രം അവർക്ക് കാണുന്നതിനായി നൽകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു വലിയ ടാസ്ക് ആണ്
സിനിമകളിൽ വയലൻസ് ഒരു പ്രധാനഘടകം ആയിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളിൽ ഇത്തരം സിനിമകൾ കാണുന്നതിൽ നിന്നും കുട്ടികൾക്ക് വിലക്കുണ്ടെങ്കിലും ഒടിടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ വരുമ്പോൾ അതല്ല അവസ്ഥ. കുട്ടികൾക്ക് ഇത്തരം വയലൻസ് നിറഞ്ഞ സിനിമകൾ കാണാനുള്ള അവസരങ്ങൾ കയ്യെത്തും കയ്യെത്തും ദൂരത്താണ്. ഈ അവസരത്തിൽ സിനിമയിലെയും വെബ് സീരീസുകളിലേയും വയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
വളർച്ചയുടെ വിവിധ തലങ്ങളിൽ കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവർ കണ്ട കാഴ്ചകളും കേട്ട വർത്തമാനങ്ങളും ആയിരിക്കും. ഇത്തരത്തിലാണ് അഹിംസയുടെയും ഹിംസയുടെയും ആശയങ്ങൾ കുട്ടികളുടെ മനസിലേക്കെത്തുന്നത്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. അക്രമങ്ങൾ സ്വാഭാവിക ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണയിൽ വികലമായ ചിന്തകളായിരിക്കും അവരെ നയിക്കുക. അതിനാൽ തന്നെ വയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ എന്നിവ ആസ്വദിക്കാൻ കുട്ടിയെ അനുവദിക്കും മുൻപായി, അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി മാതാപിതാക്കൾക്ക് ധാരണയുണ്ടായിരിക്കണം.

വലയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്
വലയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ, കുടുംബാന്തരീക്ഷം എന്നിവ പ്രധാനമായും മൂന്നു രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. ആദ്യത്തേത് ബ്രയിൻ ഡെവെലപ്മെന്റിനെ ബാധിക്കുന്ന തലമാണ്. രണ്ടാമത്തെ തലം മിറർ ന്യൂറോൺസിന്റേതാണ്. മൂന്നാമതായി മാനസികമായി കുട്ടികളെ ബാധിക്കുന്നു.
“ബ്രെയിൻ ഡെവലപ്മെന്റ്
തലച്ചോറിന്റെ വളർച്ച കുട്ടികളിൽ ഏറ്റവും മികച്ച രീതിയിൽ പാകപ്പെടുന്ന പ്രായമാണ് 12-18 വയസ്സുവരെയുള്ള കാലം.ഈ കാലഘട്ടത്തിൽ അവരുടെ കാഴ്ചകളും സംഭാഷണങ്ങളും തലച്ചോറിൽ ഫീഡ് ചെയ്യപ്പെടുകയും ആശയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. തുടർച്ചയായി ആവർത്തിച്ച് വയലൻസ് നിറഞ്ഞ സീനുകൾ കാണുമ്പോൾ കുട്ടികളിൽ അഗ്രസീവ് ആയ ചിന്തകൾ ഉടലെടുക്കുന്നു. സഹ ജീവികളോടും കൂട്ടുകാരോടും ഒക്കെ എമ്പതി കുറയാൻ തുടങ്ങുന്നു. ദേഷ്യം, വാശി, സാധനങ്ങൾ നശിപ്പിക്കൽ, മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കൽ എന്നിവ ആരംഭിക്കുകയും ഇവ ആസ്വദിക്കുകയും ചെയ്യുന്നു.
മിറർ ന്യൂറോൺസ്
അടുത്ത ഘട്ടത്തിൽ കുട്ടികൾ കാണുന്ന വയലൻസ് ബാധിക്കുക അവരിലെ മിറർ ന്യൂറോൺസ് പ്രവർത്തനത്തെയാണ്. കാണുന്ന കാര്യങ്ങളനുകരിക്കാൻ ശ്രമിക്കുകയായിരിക്കും ഈ ഘട്ടത്തിൽ ചെയ്യുക. വയലൻസ് അനുകരിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് പതിയെ അത് തികച്ചും നോർമലായ കാര്യമായി തോന്നുകയും സ്വഭാവത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.

മാനസികമായി ബാധിക്കുന്നു
മിറർ ന്യൂറോൺസ് പ്രവർത്തനങ്ങളിൽ വയലൻസ് നിറഞ്ഞു കഴിഞ്ഞാൽ അത് കുട്ടികളിലെ മാനസികാരോഗ്യത്തെ കെടുത്തും. കുട്ടികളിൽ അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ പ്രകടമാകും . സാവധാനത്തിൽ കുട്ടികളിലെ സ്ലീപ് പാറ്റേൺ തകരുകയും ശ്രദ്ധ, ഓർമ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. സാവധാനത്തിൽ പഠനം പിന്നോട്ടാകുന്നു.
മാതാപിതാക്കൾ ചെയ്യേണ്ടതെന്ത് ?ഓരോ പ്രായത്തിനും യോജിച്ച കണ്ടന്റുകൾ മാത്രം വിഡിയോ, പുസ്തക രൂപത്തിൽ കുഞ്ഞുങ്ങൾക്ക് നൽകുക. സിനിമകളിലെയും വെബ് സീരീസുകളിലെയും വയലൻസ് കണ്ടന്റുകൾ പൂർണമായി ഒഴിവാക്കുക, ഒരു പരിധിയിൽ കൂടുതൽ സ്ക്രീൻ ടൈം നൽകാതിരിക്കുക, കുട്ടികൾ കാണുന്ന വിഡിയോകൾ അവർക്കൊപ്പം ചർച്ച ചെയ്യുക.

പി എഫിലെ പണം പിന്‍വലിക്കാം നിമിഷങ്ങള്‍ക്കുള്ളില്‍.
പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. വരുന്ന മെയ് – ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് അവരവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകും. ഈ സംവിധാനം നടപ്പിലാകുന്നതോടെ, പിഎഫ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും.
നിലവില്‍ തുക പിന്‍വലിക്കാന്‍ രണ്ടു മുതല്‍ മൂന്നു ദിവസങ്ങളാണ് വേണ്ടി വരുന്നത്. പണം പിന്‍വലിക്കാനുള്ള പ്രോസസിങ് സമയം കുറയ്ക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. ഇതിനായി ഇപിഎഫ്ഒ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്.
യുപിഐ സംവിധാനത്തിലേക്ക് പിഎഫ് അക്കൗണ്ടുകളെ സംയോജിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇക്കാര്യത്തെ കുറിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ (NPCI) നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപിഎഫ്ഒയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് മാസത്തോടെ ഇപിഎഫ്ഒ ക്ലെയിമുകള്‍ യുപിഐ വഴി യാഥാര്‍ത്ഥ്യമാകും. എല്ലാ അംഗങ്ങള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് മാത്രമല്ല, അവരുടെ പിഎഫ് അക്കൗണ്ടുകള്‍ യുപിഐ ഇന്റര്‍ഫേസില്‍ നേരിട്ട് കാണാനും ഓട്ടോ ക്ലെയിമുകള്‍ നടത്താനും കഴിയും. അര്‍ഹതയുള്ള വരിക്കാര്‍ക്ക് ഉടനേ പണം ലഭിക്കും.

കൺഫോം ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രം ഇനി റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം.
റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാവും നിയന്ത്രണം ആദ്യം നിലവിൽ വരിക. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയിൽ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നിൽക്കണം എന്നാണ് പുതിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളിൽ സീനിയർ ഓഫീസറെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി, ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേർക്കു സ്റ്റേഷനിൽ പ്രവേശിക്കാം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ടർക്കായിരിക്കും.


ഉരുകുന്ന ചൂടിനാശ്വാസം, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ വരുന്നുവെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റെന്നാളും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്നും നാളെയും മറ്റെന്നാളും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ
ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക”

വാട്സ്ആപ്പിൽ എത്തിയേ ; ഒരു കിടിലൻ ഫീച്ചർ
പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയണ് വാട്സ്ആപ്പ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി സജ്ജമാക്കാൻ പ്രാപ്തമാക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായിട്ടാണ് വാട്സ്ആപ്പ് ഈ പുതിയ സവിശേഷത അവതരിപ്പിച്ചത്. ഏറ്റവും പുതിയ iOS 18.2 അപ്ഡേറ്റ് ഉപയോഗിച്ച്, കോളുകൾ ചെയ്യുമ്പോഴോ സന്ദേശങ്ങൾ അയയ്ക്കുമ്പോഴോ ഐഫോണുകൾക്ക് ഇപ്പോൾ ഡിഫോൾട്ട് ഫോൺ അല്ലെങ്കിൽ മെസേജസ് ആപ്പിന് പകരം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും.
ഈ സവിശേഷതയിലൂടെ, ഉപയോക്താക്കൾക്ക് കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്സ്ആപ്പിനെ ഡിഫോൾട്ട് ആപ്പായി സജ്ജമാക്കാൻ കഴിയും. അതായത്, വ്യത്യസ്ത ആപ്പുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വാട്സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഇപ്പോൾ ഐഫോണിലെ കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്സ്ആപ്പ് അവരുടെ ഇഷ്ടപ്പെട്ട ആപ്പായി തിരഞ്ഞെടുക്കാം. ഈ അപ്ഡേറ്റ്, ഐഫോൺ സെറ്റിംഗ്സിലെ ഡിഫോൾട്ട് ആപ്പ് സെലക്ഷൻ മെനുവിൽ വാട്സ്ആപ്പ് ലഭിക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ കോളിംഗിനും സന്ദേശമയക്കലിനും വാട്സ്ആപ്പ് തിരഞ്ഞെടുക്കാം. ഇത് വാട്സ്ആപ്പിനെ ദൈനംദിന ആശയവിനിമയത്തിന് കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഈ ഫീച്ചർ സജ്ജമാക്കാൻ ആപ്പ് സ്റ്റോറിൽ നിന്ന് വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം.
തുടർന്ന് നിങ്ങളുടെ ഐഫോണിൽ സെറ്റിംഗ്സ്- ആപ്പുകൾ -ഡിഫോൾട്ട് ആപ്പുകൾ എന്നതിലേക്ക് പോകുക. കോളുകൾക്കും സന്ദേശങ്ങൾക്കും ഡിഫോൾട്ടായി വാട്സാപ്പ് തിരഞ്ഞെടുക്കുക. സജ്ജീകരിച്ചുകഴിഞ്ഞാൽ, ഒരു കോൺടാക്റ്റിന്റെ നമ്പറോ സന്ദേശ ബട്ടണോ ടാപ്പ് ചെയ്യുമ്പോൾ, ബിൽറ്റ്-ഇൻ ആപ്പുകൾക്ക് പകരം ഐഫോൺ ഓട്ടോമാറ്റിക്കായി വാട്ട്സ്ആപ്പ് തുറക്കും.

ദിവസവും ഒരു മാതളം കഴിച്ചാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ
പോഷകഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം വീതം കഴിച്ചാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം.
ചെറുപ്പമാകും
മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചർമ്മം ലഭിക്കുകയും ചെയ്യും.
∙ ഓർമ്മ ശക്തി മെച്ചപ്പെടും
മാതളം പതിവായി കഴിക്കുന്നത് ഓർമ്മശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കും. അൾഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഫിറ്റ്നസ് നിലനിർത്തും
കാലറി വളരെ കുറഞ്ഞതും നാരുകൾ (fiber) ധാരാളം അടങ്ങിയതുമായ പഴമാണ് മാതളം. ഇത് ശരീരഭാരം നിയന്ത്രിച്ചു നിർത്തും. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കാനും മാതളം കഴിക്കുന്നതിലൂടെ സാധിക്കും. മാതളത്തിന്റെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ കായിക താരങ്ങൾക്കും ഫിറ്റ്നെസ് ആഗ്രഹിക്കുന്നവർക്കും ഗുണം ചെയ്യും. പേശിവേദന കുറയ്ക്കാനും വർക്കൗട്ടിനുശേഷം വേഗം റിക്കവർ ചെയ്യാനും ഇത് സഹായിക്കും
ആരോഗ്യമുള്ള ഹൃദയം
മാതളത്തിൽ ശക്തിയേറിയ പോളിഫിനോളുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. പ്രത്യേകിച്ച് പ്യൂനികാലജിൻ. ഇത് ഇൻഫ്ലമേഷനും രക്തസമ്മർദ്ദവും കുറയ്ക്കും. മാതളത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു
മെച്ചപ്പെട്ട ദഹനം
മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാകാനും ഇതു സഹായിക്കും. മാതളത്തിൽ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്ന പ്രീബയോട്ടിക്കുകൾ ഉണ്ട്. ഇത് മലബന്ധം, ബ്ലോട്ടിങ്ങ് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റും.
∙ മെച്ചപ്പെട്ട പ്രതിരോധശക്തി
മാതളത്തിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ പ്രതിരോധിച്ച് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. മാതളത്തിന്റെ ആന്റിമൈക്രോബിയൽ ആന്റി വൈറൽ ഗുണങ്ങൾ ജലദോഷവും പനിയും ഉൾപ്പെടെയുള്ളവയെ ഫലപ്രദമായി തടയുന്നു”

പുതിയ സാമ്പത്തിക വർഷം: ശ്രദ്ധിക്കാം ഈ മാറ്റങ്ങൾ
ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം തുടങ്ങുകയാണ്. സാമ്പത്തികവുമായി ബന്ധപ്പെട്ട പല പ്രധാന മാറ്റങ്ങളും പ്രാബല്യത്തിലാകുന്നത് ഈ തീയതിയിലാണ്. എല്ലാ ദിവസവും മാസവും ഒരുപോലെയെന്ന് കരുതി അലസമായി ഇടപാട് തുടർന്നാൽ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. സർക്കാറിന്റെ ബജറ്റ് നിർദേശങ്ങളും ഇതോടനുബന്ധിച്ച നികുതി നിർദേശങ്ങളുമാണ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പ്രധാന സാമ്പത്തികകാര്യം. ശമ്പളക്കാരായ ആദായ നികുതി ദായകർക്ക് സന്തോഷകാലമാണ് വരാൻ പോകുന്നത്. അവരുടെ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയുണ്ടാകില്ല. പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചവർക്കാണ് ഈ പരിധി ബാധകമാവുക. പഴയ നികുതി വ്യവസ്ഥയിൽ അഞ്ചുലക്ഷം വരെയുള്ള വരുമാനത്തിനാണ് നികുതി ഒഴിവെങ്കിലും വിവിധ ഇളവുകൾ നേടി നികുതി ബാധ്യത കുറക്കാം.
മറ്റു പ്രധാന മാറ്റങ്ങൾ
ഏപ്രില്‍ ഒന്നുമുതല്‍ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ മാറ്റംവരുകയാണ്. മറ്റ് ബാങ്കുകളില്‍ നിന്ന് പ്രതിമാസം മൂന്ന് പിൻവലിക്കൽ മാത്രമാണ് സൗജന്യമായി അനുവദിക്കുക. ശേഷം ഓരോ പിൻവലിക്കലിനും 20 മുതൽ 25 രൂപ വരെ ഈടാക്കും. എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയവ വരുത്തിയ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകും. ബാങ്ക് ശാഖ ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും മിനിമം ബാലൻസ് തുകയും അത് പാലിച്ചില്ലെങ്കിലുണ്ടാകുന്ന പിഴയും. നഗരങ്ങളിലാകും മിനിമം ബാലൻസ് തുക കൂടുതൽ.

റിസര്‍വ് ബാങ്ക് നിർദേശപ്രകാരം പോസിറ്റിവ് പേ സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി 50,000 രൂപക്ക് മുകളില്‍ ചെക്കുകള്‍ നല്കുന്ന ഉപയോക്താക്കള്‍, അവര്‍ നല്കുന്ന ചെക്കുകളുടെ പ്രധാന വിവരങ്ങള്‍ ബാങ്കിന് നല്‍കേണ്ടി വരും. ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത മൊബൈല്‍ നമ്പറുകളാണ് യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇത് യു.പി.ഐ സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകും.
ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം പാലിക്കുന്നത് സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഭവനനിർമാണം, കൃഷി, എം.എസ്.എം.ഇ, കയറ്റുമതി, വിദ്യാഭ്യാസം, പൊതു നിര്‍മാണം, പുനരുൽപാദന ഊർജം എന്നീ മേഖലകളെയാണ് റിസര്‍വ് ബാങ്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റിസർവ് ബാങ്ക് നിർദേശ പ്രകാരം ബാങ്കുകൾ വായ്പാ പരിധി ഉയർത്തും. 50 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ലക്ഷമാണ് ഭവന വായ്പാ പരിധി. പത്ത് മുതൽ 50 ലക്ഷം വരെയാണ് ജനസംഖ്യാ പരിധിയെങ്കിൽ വായ്പാ പരിധി 45 ലക്ഷമാണ്. പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള മേഖലകളിൽ പരമാവധി 35 ലക്ഷമാണ് വായ്പ അനുവദിക്കുക. വ്യക്തിഗത വായ്പാ പരിധി പത്ത് ലക്ഷമാണ്.

6 വയസ്സിൽ ഒന്നാം ക്ലാസ് : രക്ഷിതാക്കൾക്ക് ആശങ്ക, യുകെജി 2–ാം വർഷം വേണ്ടിവരുമോ
കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വർഷം മുതൽ 6 വയസ്സാക്കുമ്പോൾ നിലവിൽ പ്രീപ്രൈമറിയിൽ പഠിക്കുന്ന ഒരു വിഭാഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നു രക്ഷിതാക്കൾക്ക് ആശങ്ക. നിലവിലെ എൽകെജി കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒരു വർഷം കൂടി യുകെജിയിൽ ഇരിക്കേണ്ടിവരും. ഒരുമിച്ചു പഠിച്ചവരിൽ ഒരു കൂട്ടർ ഒന്നാം ക്ലാസിലേക്ക് എത്തുകയും ചെയ്യും. ജനനത്തീയതിയിൽ ദിവസങ്ങളുടെയോ മാസങ്ങളുടെയോ വ്യത്യാസം കൊണ്ടുപോലും ഒരു അധ്യയന വർഷം പിന്നിലാകുന്ന സാഹചര്യമുണ്ടാകുമെന്നു രക്ഷിതാക്കൾ പരാതിപ്പെടുന്നു. അടുത്ത വർഷത്തിനു പകരം 2027 ൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ 6 വയസ്സ് പരിഷ്കാരം നടപ്പാക്കിയാൽ അതിനനുസരിച്ച് കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്തുകൂടേയെന്നും രക്ഷിതാക്കൾ ചോദിക്കുന്നു.
കേരളം ആദ്യം മടിച്ചു
ഒന്നാംക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിബന്ധന നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ 2022 മുതൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ അതിന്റെ ആവശ്യമില്ലെന്നും പെട്ടെന്ന് ആ രീതിയിലേക്കു മാറുന്നതു ബുദ്ധിമുട്ടാകുമെന്നുമായിരുന്നു സർക്കാർ നിലപാട്. കേരളത്തിലെ സ്കൂളുകളിൽ 5 വയസ്സ് തന്നെ തുടരുമെന്ന ഉറപ്പ് അനുസരിച്ചാണു രക്ഷിതാക്കൾ കുട്ടികളെ പ്രീപ്രൈമറിയിൽ ചേർത്തത്.

118 എസ്ഐമാർ സേനയിലേക്ക്.
15 വനിതകൾ ഉൾപ്പെടെ 118 സബ് ഇൻസ്പെക്ടർമാർ സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായി. തൃശൂർ രാമവർമപുരം പരേഡ് ഗ്രൗണ്ടിൽ മാർച്ച് 16നു നടന്ന പാസിങ് ഒൗട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
ഏറ്റവും കൂടുതൽ പേർ സേനയിൽ പ്രവേശിച്ചത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്–19. കുറവ് വയനാട് ജില്ലയിൽനിന്ന്–1. മറ്റു ജില്ലകളിൽനിന്നുള്ളവർ: കൊല്ലം–18, തൃശൂർ–14, കോഴിക്കോട്–13, കണ്ണൂർ–10, പാലക്കാട്–9, മലപ്പുറം–9, കോട്ടയം–8, ആലപ്പുഴ–4, കാസർകോട്–4, പത്തനംതിട്ട–3, ഇടുക്കി–3, എറണാകുളം–3.
പരിശീലനം പൂർത്തിയാക്കിയവരിൽ 3 എംടെക്കുകാരടക്കം 21പേർ ബിരുദാനന്തര ബിരുദധാരികളാണ്. 3 എംബിഎക്കാരും 39 ബിടെക്കുകാരും 55 ബിരുദധാരികളും ഉൾപ്പെടുന്നു.

കിഴക്കന്‍ ആകാശത്ത് ഇരട്ട സൂര്യോദയം കാണാം; അപൂര്‍വ സൂര്യഗ്രഹണം.
മാർച്ചിൽ വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാവുകയാണ് ഭൂമി. ഭൂമിയ്ക്കും സൂര്യനുമിടയിലൂടെ ചന്ദ്രൻ കടന്നുപോവുകയും സൂര്യനെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണുണ്ടാവുക. അതായത് ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ.
ഇന്ത്യൻ സമയം മാർച്ച് 29 ഉച്ചയ്ക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂർണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും. ആകെ നാല് മണിക്കൂർ നേരമാണ് ഗ്രഹണം നടക്കുക.
ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂർവ പ്രതിഭാസമാണ് ഇത്തവണത്തെ സവിശേഷത. അതായത് വിവിധ രാജ്യങ്ങളിൽ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക.ഈ സമയം ചന്ദ്രന്റെ നിഴലിൽ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങൾ കിഴക്കൻ ചക്രവാളത്തിൽ രണ്ട് കൊമ്പുകൾ കണക്കെയാണ് ദൃശ്യമാകുക. അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയിൽ നിന്ന് കാണില്ല. യുഎസ്, കാനഡ, ഗ്രീൻലാൻഡ്, ഐസ് ലാ ൻഡ് എന്നിവിടങ്ങളിൽ നിന്ന് സൂര്യഗ്രഹണം കാണാനാവും
