ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ.

ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങൾ. മഹാരാഷ്‌ട്രയിൽ നിന്നുള്ള മിസൽ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡൽഹിയുടെ പ്രിയപ്പെട്ട ചോലെ ബട്ടൂരെ 32-ാം സ്ഥാനവും സ്വന്തമാക്കി.

“ഇവ മൂന്നും പൊതുവെ വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നിരുന്നാലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇവ ജനപ്രിയമാണ്. മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മിസൽ പാവ്. ക്രിസ്പിയും എരിവുള്ളതും വർണാഭവുമായ വിഭവമെന്നാണ് ടേസ്റ്റ് അറ്റ്ലസ് അവരുടെ സൈറ്റിൽ ഈ രുചികരമായ വിഭവത്തെക്കുറിച്ച് വിവരിക്കുന്നത്.


ഡൽഹിയിൽ ലഭിക്കുന്ന ഏറ്റവും നല്ല സ്ട്രീറ്റ് ഫുഡ് കോമ്പോകളിൽ ഒന്നാണ് ചോലെ ബട്ടൂരെ. ഇത് ലഭിക്കുന്ന ചില മികച്ച ഭക്ഷണ സ്പോട്ടുകളും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പട്ടികയിൽ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളുവെങ്കിലും അവരുടെ വെബ്‌സൈറ്റിലെ സമീപകാല പട്ടികയിൽ 51 മുതൽ 100 വരെയുള്ള റാങ്കുകളും ഉൾപ്പെടുന്നു. ഇതിൽ നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളുമുണ്ട്.

അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ്.

സ്കൂൾ തുറന്നു, കുട്ടികൾക്ക് ഇഷ്ടപ്പെട്ടത് എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്നതാണ് മിക്ക അമ്മമാരുടെയും ചിന്ത. എന്നാൽ തിരക്കിനിടയിൽ ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായി അരിയു ഉഴുന്നും വെള്ളത്തിൽ കുതിർക്കാൻ മറന്നുപോയാലോ? ടെൻഷൻ വേണ്ട, ഒരു വിദ്യ പറഞ്ഞു തരാം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

 ഉഴുന്നുപൊടി – 1 കപ്പ്

ഗോതമ്പുപൊടി – 2 കപ്പ്

അരിപ്പൊടി – 1 കപ്പ്

ചോറ് – ഒരു പിടി

വെള്ളം – ആവശ്യത്തിന്(ഏകദേശം 3 കപ്പ്)

ഉപ്പ് – ആവശ്യത്തിന്”

“തയാറാക്കുന്ന വിധം

ഉഴുന്ന് കഴുകി ഉണക്കിയ ശേഷം പൊടിക്കുക (ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ ഒരു മാസം വരെ സൂക്ഷിക്കാം). ഒരു വലിയ പാത്രത്തിൽ ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഒരുപിടി ചോറ് കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് പൊടിയിലേക്കു ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം (ഇതിലേക്കു 2½ മുതൽ 3 കപ്പ് വരെ വെള്ളം ഉപയോഗിക്കാം). മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്.

ഇത് 8 മുതൽ 10 മണിക്കൂർ വരെ മൂടി വയ്ക്കുക. മാവ് പൊങ്ങി വന്നാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക.

അവകാഡോയുടെ ഏതാനും ഗുണങ്ങള്‍.

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പഴവർഗമാണ് അവകാഡോ അഥവാ വെണ്ണപ്പഴം. ഏറ്റവും പോഷകപ്രധാനമായ പഴങ്ങളിൽ ഒന്നാണിത്. നമ്മുടെ നാട്ടിൽ മുമ്പുള്ളതിനേക്കാൾ ഏറെ ആവശ്യക്കാരുണ്ട് ഇപ്പോൾ അവകാഡോക്ക്. ചർമസംരക്ഷണത്തിനും ജീവിതശൈലീ രോഗങ്ങളെ നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ അവകാഡോ സഹായിക്കും. കടയിൽ നിന്ന് വലിയ വില കൊടുത്തുവാങ്ങുന്ന അവകാഡോ മനസ്സുവെച്ചാൽ നമുക്ക് സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും വളർത്തിയെടുക്കാനാകും. വലിയ പരിചരണം ആവശ്യമില്ലെന്നത് അവകാഡോ കൃഷിയുടെ പ്രത്യേകതയാണ്. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലും അവകാഡോ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.

മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്‍റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്‍റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.

ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പായിരിക്കും. മൂത്താല്‍ കടുംപച്ചയാകും. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ വളരും. വിത്തു മുളപ്പിച്ചാണ് തൈകള്‍ സാധാരണ തയാറാക്കുന്നത്. കായില്‍നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ശേഷി കുറയും. മുളയ്ക്കാന്‍ 50-100 ദിവസം വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടുന്നു. കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നടത്താം. ഇതിന് പെന്‍സില്‍ കനമുള്ള കമ്പുകള്‍ വിത്തു മുളപ്പിച്ചെടുത്ത അവക്കാഡോ തൈയില്‍തന്നെയാണ് ഒട്ടിക്കുക.

മഴയുടെ തുടക്കത്തില്‍ അവക്കാഡോ തൈകള്‍ നടാം. രണ്ടടി ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്‍ മേല്‍മണ്ണിട്ട് വേണം ഒരു വയസ്സ് പ്രായമായ തൈ നടാന്‍. ശാഖോപശാഖകളായി പന്തലിച്ചു വളരുന്ന സ്വഭാവമാണ് അവക്കാഡോ മരത്തിന്. വളപ്രയോഗം നടത്തിയാല്‍ വളര്‍ച്ച വേഗത്തിലാകുന്നത് കണ്ടിട്ടുണ്ട്. പ്രായം കുറഞ്ഞ തൈകള്‍ക്ക് 1: 1: 1 എന്ന അനുപാതത്തിലും വളര്‍ന്ന ചെടികള്‍ക്ക് 2: 1: 2 എന്ന അനുപാതത്തിലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നല്‍കണം. നട്ട് ആദ്യവര്‍ഷം ജൂണ്‍ മാസമാകുമ്പോള്‍ 100 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 60 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തില്‍ വളങ്ങള്‍ ചേര്‍ക്കണം. നവംബറാകുമ്പോള്‍ വീണ്ടും 25 ഗ്രാം യൂറിയ നല്‍കുക. രണ്ടാം വര്‍ഷം ഒരു കിലോ വളമിശ്രിതം ജൂണിലും 35 ഗ്രാം യൂറിയ നവംബറിലും നല്‍കുക. മൂന്നാം വര്‍ഷം ജൂണ്‍, നവംബര്‍ മാസങ്ങളില്‍ 1മ്മ കിലോ വളമിശ്രിതവും 45 ഗ്രാം യൂറിയയും നല്‍കണം. നാലാം വര്‍ഷം മുതല്‍ 2 കിലോ വളമിശ്രിതവും 65 ഗ്രാം യൂറിയയുമാണ് കണക്ക്. ഇതിനു പുറമേ ഇരുമ്പ്, സിങ്ക്, ബോറോണ്‍ തുടങ്ങിയ സൂക്ഷ്മമൂലകങ്ങള്‍ക്കും അവക്കാഡോയുടെ വളര്‍ച്ചയിലും വിളവിലും നിര്‍ണായക പങ്കുണ്ട്.

അവകാഡോയുടെ ഏതാനും ഗുണങ്ങള്‍
ഇരുപതോളം വ്യത്യസ്ത ഇനം ജീവകങ്ങളും ധാതുക്കളും വെണ്ണപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം വെണ്ണപ്പഴത്തിൽ ജീവകം K (26%), ഫോളേറ്റ് (20%), ജീവകം C (17%), പൊട്ടാസ്യം (14%), ജീവകം B5 (14%), ജീവകം B6, (13%), ജീവകം E (10%) എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, മാംഗനീസ്, കോപ്പർ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ജീവകം 4, B1 (തയാമിന്‍), B2 (റൈബോഫ്ലോവിൻ) ബി 3 (നിയാസിൻ) ഇവയും അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തിൽ 2 ഗ്രാം മാംസ്യം, 15 ഗ്രാം ആരോഗ്യമായ കൊഴുപ്പുകൾ ഇവ അടങ്ങിയിരിക്കുന്നു.

അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. അതിനൊപ്പം ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും.

മുട്ട എങ്ങനെയാണ് പുഴുങ്ങേണ്ടത്? എത്ര സമയം വേണം.

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട. ഒന്‍പതോളം അമിനോ ആസിഡുകളും ശരീരത്തിനാവശ്യമായ പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍ ധാതുക്കൾ, ആന്‍റി ഓക്‌സിഡന്റുകൾ തുടങ്ങിയവയും ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ട പുഴുങ്ങി കഴിക്കുമ്പോൾ എല്ലാവർക്കും ഉള്ള സംശയമാണ് എത്ര മിനിറ്റ് പുഴുങ്ങണം എന്നുള്ളത്.

4 മുതൽ 6 മിനിറ്റ് വരെ സമയത്ത് മുട്ട പുഴുങ്ങുന്നതാണ് ഏറ്റവും മികച്ച രുചിയിൽ മുട്ട പുഴുങ്ങി കിട്ടുന്നതിനായി വേണ്ടുന്ന സമയം. സമയം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പുഴുങ്ങിയ മുട്ടയുടെ രുചിയിലും മഞ്ഞക്കരു ലഭിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ടാകും.

“4 മുതൽ 6 മിനിറ്റ് വരെയാണ് തിളപ്പിക്കുന്നതെങ്കിൽ ഒഴുകുന്ന മഞ്ഞക്കരുവായിരിക്കും ലഭിക്കുക.

7–8 മിനിറ്റ് വരെ ഇടത്തരം സമയത്താണ് തിളപ്പിക്കുന്നതെങ്കിൽ ചെറുതായി ക്രീം കലർന്ന മഞ്ഞക്കരുവായിരിക്കും പുഴുങ്ങിയ മുട്ടക്കുള്ളിൽ ഉണ്ടാകുക.

9-12 വരെ തിളപ്പിക്കുകയാണെങ്കിൽ പൂർണമായും വെന്ത മഞ്ഞക്കരു ലഭിക്കും.

കുമ്പിളപ്പ സോഫ്റ്റായി തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

നല്ല നാടന്‍ രുചിയില്‍ കുമ്പിളപ്പം തയ്യാറാക്കാന്നുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പച്ചരിപ്പൊടി വറുത്തത് – ഒരു കപ്പ്

വരിക്ക ചക്ക ചുള അരിഞ്ഞത് – അരകപ്പ്
(കൂഴച്ചക്കയാണങ്കില്‍ പിഴിഞ്ഞ് ചാറ് എടുക്കുക )

ശര്‍ക്കര ചുരണ്ടിയത് – മുക്കാല്‍ കപ്പ്

തേങ്ങ തിരുമ്മിയത് – കാല്‍ കപ്പ്

നെയ്യ്- രണ്ട് ടീ സ്പൂണ്‍

ഏലക്ക പൊടിച്ചത് – കാല്‍ ടീ സ്പൂണ്‍

വെള്ളം – ആവിശ്യത്തിന്

വയണയില കുമ്പിള്‍ കുത്തിയത് – ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം:

വറുത്ത അരിപ്പൊടിയും, ചുരണ്ടിയ ശര്‍ക്കരയും, തേങ്ങ തിരുമ്മിയതും, നെയ്യും, ഏലക്ക പൊടിച്ചതും, ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക.

അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കുഴക്കുക.

വെള്ളം കൂടി പോകാതെ സൂക്ഷിക്കണം.

അതിലേക് അരിഞ്ഞചക്ക ചേര്‍ത്ത് യോജിപ്പിക്കുക.

ഇപ്പോള്‍ അപ്പത്തിനുള്ള മാവു റെഡിയായി.

ഇനി വയണയില കുമ്പിള്‍ കുത്തിയത്തില്‍ മാവ് നിറച്ചു അപ്പച്ചെമ്പില്‍ വെള്ളം ഒഴിച്ച് തട്ടിട്ട് ആവിയില്‍ പുഴുങ്ങി എടുക്കുക.

ജര്‍മ്മനിയില്‍ നഴ്‌സുമാരുടെ ഒഴിവുകള്‍; നോര്‍ക്ക വഴി റിക്രൂട്ട്‌മെന്റ്; ഏപ്രില്‍ 14 വരെ അപേക്ഷിക്കാം.

ജര്‍മ്മനിയില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ഏപ്രില്‍ 14 വരെ നീട്ടി. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ നഴ്‌സുമാരുടെ (ഹോസ്പിറ്റല്‍) 250 ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ലിങ്ക് വഴി (സ്‌ക്രോളിങ്) അപേക്ഷ നല്‍കാവുന്നതാണ്.

“യോഗ്യതകള്‍ അറിയാം

ബി.എസ്.സി/ജനറല്‍ നഴ്‌സിംഗ് ആണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ് കവിയരുത്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കുള്ള അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.


ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും

കുറഞ്ഞ പ്രതിമാസ ശമ്പളം 2,300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2,900 യൂറോയുമാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പത് മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായി സൗജന്യമാണ്. ജര്‍മ്മനിയില്‍ നിയമനത്തിനു ശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാന്‍സില്‍ എ2 അല്ലെങ്കില്‍ ബി1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന സമയത്ത് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്.

നോര്‍ക്കയില്‍ ബന്ധപ്പെടാം

കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ സി. മണിലാല്‍ അറിയിച്ചു.

പഴങ്ങള്‍ നല്ലതാണ്, പക്ഷേ തോന്നുന്ന സമയത്തെല്ലാം കഴിക്കരുത്.

വിറ്റമിനുകളുടെയും ഫൈബറിന്റെയും സമൃദ്ധമായ സാന്നിധ്യം. ഒപ്പം, നാച്ചുറൽ ഷുഗറും. പഴങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കാരണങ്ങളേറെയുണ്ട്. എന്നാൽ, തോന്നുന്ന സമയത്തെല്ലാം പഴങ്ങൾ കഴിക്കാമോ? അങ്ങനെ കഴിച്ചാൽ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ? പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും അത് തോന്നുന്ന സമയത്ത് ആകുന്നത് ദോഷകരമാകുമെന്ന് ഇമോഷണൽ ഈറ്റിങ് കോച്ച് രാധിക ഷാ പറയുന്നു.

“പഴങ്ങൾ കഴിക്കാൻ പാടില്ലാത്ത ചില സമയങ്ങളുമുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം. വെറുംവയറ്റിൽ പഴങ്ങൾ കഴിക്കരുത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ അസന്തുലിതാവസ്ഥയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ വെറുംവയറ്റിൽ പഴങ്ങൾ മാത്രം കഴിക്കുന്നത് ഷുഗർ നില പൊടുന്നനെ ഉയരാനും താഴാനും വഴിവെക്കും. ഇത് തളർച്ച അനുഭവപ്പെടാനും വേഗം വിശക്കാനും കാരണമാകും. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കാലത്ത് വെറുംവയറ്റിൽ പഴങ്ങൾ കഴിക്കുന്നതെങ്കിൽ ഇത് ഉദ്ദേശിച്ച ഫലം തരില്ലെന്ന് ചുരുക്കം. വയർ നിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നവരുമുണ്ടാകും. ചെറിയൊരു ആശ്വാസം എന്ന നിലയ്ക്ക് ചെയ്യുന്നതാണെങ്കിലും ഇതും ആരോഗ്യകരമായ ഒരു ശീലമല്ല. കാരണം പ്രോട്ടീനുകളെയും കൊഴുപ്പിനെയും അപേക്ഷിച്ച് പഴങ്ങൾ വേഗം ദഹിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ഗ്യാസിനും അസ്വസ്ഥതകൾക്കും വഴിവെക്കുമെന്ന് രാധിക കൂട്ടിച്ചേർക്കുന്നു. രാത്രി വിശപ്പുതോന്നുന്നപക്ഷം പഴങ്ങളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ, ഇതും അത്ര നല്ലതല്ല. ഉറങ്ങാൻ പോകുന്നതിന് മുൻപ് പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില ഉയരാൻ കാരണമാകും. മാത്രമല്ല ഉറക്കത്തെയും ബാധിക്കും. പാലിനൊപ്പം പഴങ്ങൾ ചേർത്തു കഴിക്കുന്നത് ചിലപ്പോൾ ദഹനപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. വയറ്റിൽ ഗ്യാസ് രൂപപ്പെടുന്നത് കൂടാതെ ത്വക്കിലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

ഗർഭധാരണത്തിന് പ്രായപരിധിയുണ്ടോ? ദമ്പതികളെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

വിവാഹത്തിനും ഗര്‍ഭധാരണത്തിനും മാനസിക തയാറെടുപ്പാണ് ആദ്യം വേണ്ടത്. എന്നാല്‍ പലപ്പോഴും ഇത്തരം തയാറെടുപ്പുകള്‍ കഴിഞ്ഞ് വരുമ്പോഴേക്കും പലരും വന്ധ്യതയാല്‍ ബുദ്ധിമുട്ടുന്ന ഘട്ടമെത്തിയിട്ടുണ്ടാകും. കണക്കുകള്‍ പ്രകാരം നിലവില്‍ വന്ധ്യത കൂടിവരുകയാണ്. ഇതിന് തെളിവായാണ് വന്ധ്യതാ ചികില്‍സാ കേന്ദ്രങ്ങളുടെ വളര്‍ച്ച. ജീവിതശൈലിയും ഭക്ഷണരീതികളുമൊക്കെയാണ് വന്ധ്യത വര്‍ധിക്കാനുള്ള കാരണം. 

ഒരു വര്‍ഷം ഒരു കുഞ്ഞിനായി നിരന്തരം ശ്രമിച്ചിച്ചിട്ടും പരാജയപ്പെട്ടാലാണ് അതിനെ വന്ധ്യതയായി കണക്കാക്കാന്‍ കഴിയുക. ഇവര്‍ക്ക് ഡോക്ടറെ സമീപിക്കാം. ഗര്‍ഭധാരണത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ്. പുകവലിയും മദ്യപാനവും ഭക്ഷണ, ജീവിതശൈലിയും ചെറുപ്പത്തിൽ തന്നെ വന്ധ്യതയ്ക്ക് കാരണമാകാം.

പൊതുവെ നാല്‍പ്പതുകളോട് അടുക്കുമ്പോഴാണ് വന്ധ്യതയുടെ സാധ്യത കൂടുന്നത്. 38 വയസുമുതൽ അണ്ഡോല്പാദനം കുറഞ്ഞുതുടങ്ങും. അതിന് മുൻപേ അണ്ഡോല്‍പാദനം നിലച്ചാൽ, പിന്നെ ഗർഭം ധരിക്കണമെങ്കിൽ ചികിത്സ വേണ്ടിവരും. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും അണ്ഡാശയത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. 35 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകൾ ഉല്‍പാദിപ്പിക്കുന്ന അണ്ഡങ്ങളുടെ ശേഷിയും എണ്ണവും കുറയാൻ തുടങ്ങും. പിന്നീട് ഗർഭധാരണം അത്ര എളുപ്പത്തിൽ നടക്കണമെന്നില്ല.

വിവാഹശേഷം ഉടനെ കുട്ടികളെ വേണമിന്നില്ലാത്തവര്‍ക്ക് ആദ്യമേ എ.എം.എച്ച് പോലുള്ള ചില പരിശോധനകള്‍ നടത്താം. അണ്ഡാശയത്തിൽ ഇനി എത്ര അണ്ഡങ്ങൾക്കുള്ള കോശങ്ങൾ ബാക്കിയുണ്ടെന്ന് കണ്ടെത്തുന്നതിനാണ് ഇത്. ഇതിലൂടെ വന്ധ്യതയുടെ സാധ്യതയെക്കുറിച്ച് അറിയാം.

ചെറുപയറും കടലയും നിങ്ങൾ മുളപ്പിച്ച് കഴിക്കാറുണ്ടോ? ഒരാഴ്ച വരെ ഇങ്ങനെ വയ്ക്കാം

സൂപ്പുണ്ടാക്കിയും സാലഡിലാക്കിയും ആവിയില്‍ വേവിച്ചും, തോരന്‍ വച്ചുമെല്ലാം കഴിക്കാന്‍ ബെസ്റ്റ് ആണ് മുളപ്പിച്ച പയര്‍ ഇനങ്ങള്‍. കടലയും ചെറുപയറും വന്‍പയറുമെല്ലാം മുളപ്പിച്ച് കഴിച്ചാല്‍ പോഷകഗുണം ഇരട്ടിയിലധികമാണ്. ജീവിതശൈലീരോഗങ്ങളെ ചെറുക്കാനുള്ള സൂപ്പര്‍പവര്‍ ഇവയ്ക്കുണ്ട്. മാത്രമല്ല, ചര്‍മം എന്നും ഭംഗിയായി നിലനിര്‍ത്താനും ഇവ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് സാധിക്കും.

മുളപ്പിച്ച ചെറുപയറിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍റെ അളവ് വർദ്ധിപ്പിക്കുന്നു. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകളും ഇതിലെ പ്രധാനഘടകങ്ങളാണ്. മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്റുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും മറ്റു പോഷകഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.

ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ, ചെറുപയര്‍, കടല മുതലായവ മുളപ്പിച്ചെടുക്കാം. എന്നാല്‍ ഇവ സൂക്ഷിക്കുന്നതാണ് ടാസ്ക്. പുറത്ത് സൂക്ഷിച്ചാല്‍ പെട്ടെന്ന് തന്നെ വളര്‍ന്ന് വള്ളിയായി മാറും, ഫ്രിഡ്ജില്‍ സൂക്ഷിച്ചാലോ, മുള കരിഞ്ഞു പോകുന്നതും സാധാരണയായി കാണാറുണ്ട്. എപ്പോഴും എപ്പോഴും വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് മുളപ്പിച്ചെടുക്കുക എന്നത് പ്രായോഗികമല്ല. അതിനാല്‍, ഒരിക്കല്‍ മുളപ്പിച്ചാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഉപയോഗത്തിനായി, ശരിക്ക് സൂക്ഷിച്ചു വയ്ക്കാം.


ഇവ എങ്ങനെ ശരിയായി സൂക്ഷിക്കാം

മുളകളുടെ പുതുമയും മൃദുത്വവും രുചി, പോഷകമൂല്യം എന്നിവയും നിലനിർത്താൻ അവ ശരിയായി സൂക്ഷിക്കാം. അതിനായി ഈര്‍പ്പം ഉള്ളതും എന്നാല്‍ വരണ്ടതുമായ സ്ഥലത്ത് ഇത് സൂക്ഷിക്കുക. 

മുളകളില്‍ വെള്ളം ഉണ്ടെങ്കില്‍, ഫ്രിജില്‍ പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുന്ന സമയത്ത് അവ ചീഞ്ഞുപോകാനിടയുണ്ട്. അതിനാല്‍ അവ സൂക്ഷിക്കുന്നതിനുമുമ്പ് തണുത്ത വെള്ളത്തിൽ നന്നായി കഴുകിയ ശേഷം,അധിക ഈർപ്പം നീക്കം ചെയ്യുക. ഒരു സാലഡ് സ്പിന്നർ ഉപയോഗിക്കുന്നത് വെള്ളം വേഗത്തിലും കാര്യക്ഷമമായും നീക്കം ചെയ്യാൻ സഹായിക്കും. ഈ മുളകൾ ചീസ്ക്ലോത്തിൽ പൊതിഞ്ഞ് അധിക ഈർപ്പം കളയുക, 8-12 മണിക്കൂർ ഉണങ്ങാൻ അനുവദിക്കുകമുളകളുടെ പുതുമയും മൃദുത്വവും രുചി, പോഷകമൂല്യം എന്നിവയും നിലനിർത്താൻ അവ ശരിയായി സൂക്ഷിക്കാം. അതിനായി ഈര്‍പ്പം ഉള്ളതും എന്നാല്‍ വരണ്ടതുമായ സ്ഥലത്ത് ഇത് സൂക്ഷിക്കുക. 

ഇത് വായുസഞ്ചാരം ഉറപ്പാക്കുന്ന ഒരു പാത്രത്തിലേക്ക് മാറ്റി 34-38 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. മുളകൾ നനയാതിരിക്കാൻ പാത്രത്തിൽ നിന്ന് അധിക ഈർപ്പം നീക്കം ചെയ്യേണ്ടതും പ്രധാനമാണ്. മെഷ് മൂടിയുള്ള ഗ്ലാസ് പാത്രമോ വായുസഞ്ചാര ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് പാത്രമോ ഉപയോഗിക്കാം. അടച്ച പാത്രങ്ങളിലോ പ്ലാസ്റ്റിക് ബാഗുകളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക, ഇത് അധിക ഈർപ്പം അടിഞ്ഞുകൂടാനും പെട്ടെന്ന് കേടാകാനും കാരണമാകും.

ശരിയായി സൂക്ഷിച്ചാൽ, ഇത് റഫ്രിജറേറ്ററിൽ ഒരു ആഴ്ച വരെ കേടുകൂടാതെയിരിക്കും. എന്നിരുന്നാലും, മികച്ച ഗുണനിലവാരത്തിനും പുതുമയ്ക്കും വേണ്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ കഴിക്കുന്നതാണ് നല്ലത്.

ചൂടുവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ചു കുടിക്കാറുണ്ടോ..?

“നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഭൂരിഭാഗം പേരും പച്ചവെള്ളമാണ്  കുടിക്കുക. എന്നാല്‍ ചിലര്‍ക്ക് ചൂടുവെള്ളം തന്നെ വേണ്ടിവരും കുടിക്കാന്‍. ഇതിനും ഗുണങ്ങളുണ്ട്. ശരീരത്തില്‍ നിന്നു വിഷവസ്തുക്കളെ പുറന്തള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാല്‍ എളുപ്പത്തില്‍ ചൂടുവെള്ളം കുടിക്കാന്‍ വേണ്ടി നമ്മള്‍ എന്തു ചെയ്യും.

വേഗം അതിലേക്ക് പച്ചവെള്ളം ചേര്‍ത്തി കുടിക്കും. ഇതാണ് മിക്ക മലയാളികളുടെയും ശീലം. ഇത് ചൂടാറാനുള്ള ക്ഷമ പോലും നമ്മള്‍ കാണിക്കില്ല. വേഗം അതിലേക്ക് പച്ചവെള്ളമൊഴിക്കും. ചൂടുള്ള വെള്ളം സ്വമേധയാ തണുത്ത് കഴിഞ്ഞ് കുടിക്കാനുള്ള ക്ഷമയില്ലാത്തതാണ് കാരണം.

“ദാഹം കൂടിയാല്‍ വേഗം ചൂടുവെള്ളത്തില്‍ പച്ചവെള്ളമൊഴിച്ചു കുടിക്കും. എന്നാല്‍ ഇങ്ങനെ കുടിക്കുന്ന വെളളം ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോ എന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നതാണ് കാര്യം. 

തിളപ്പിച്ച് ആറിയ വെള്ളമാണെങ്കില്‍ ഇതില്‍ രോഗകാരികളായ അണുക്കളെ കാണാന്‍ കഴിയില്ല. എന്നാല്‍ തിളപ്പിച്ച വെള്ളത്തിലേക്ക് തണുത്ത വെള്ളം ഒഴിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ താപനില കുത്തനെ പകുതിയാവും

ഈ താപനിലയാകുമ്പോള്‍ തണുത്ത വെള്ളത്തിലുണ്ടായിരുന്ന രോഗാണുക്കള്‍ മുഴുവനായും നശിക്കണമെന്നില്ല. അതുകൊണ്ട് ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിനാണെങ്കിലും ആരോഗ്യത്തിനാണെങ്കിലും തിളച്ച വെള്ളം തണുക്കുന്നതു വരെ കാത്തിരുന്നോ അല്ലെങ്കില്‍ ചൂടാറ്റിയോ കുടിക്കുന്നതാണ് ഉത്തമം.

Verified by MonsterInsights