കൈലാസ് – മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ; പ്രവേശനം 750 പേര്‍ക്ക്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈലാസ് – മാനസ സരോവര്‍യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പത് യാത്രികര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും, അന്‍പത് യാത്രികര്‍ അടങ്ങുന്ന പത്ത് ബാച്ചുകളും യഥാക്രണം ലിപുലേഖ് ചുരം വഴിയും നാഥുലാ ചുരം വഴിയും യാത്ര നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 24 ദിവസം വേണ്ടിവരും. ഇതു വാഹനസൗകര്യം ഇല്ലാത്ത വഴിയാണ്. നാരായൺ ആശ്രം, പാതാൾ ഭുവനേശ്വർ വഴിയാണു പോവുക. നാഥുലാ പാസ്സ് വഴിയുള്ള യാത്രയ്ക്ക് 21 ദിവസം വേണം. ഓണ്‍ലൈന്‍ വഴി വേണം അപേക്ഷ നല്‍കേണ്ടത്. വെബ് സൈറ്റ് http://kmy.gov.in
ഏറെക്കാലമായി മുടങ്ങിക്കിടന്ന കൈലാസ്- മാനസസരോവര്‍ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയിലാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായത്. 2020ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷവും അതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെ യാത്ര പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിന്‍വലിച്ചതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള മറ്റുനടപടികളിലേക്ക് കടന്നത്.

റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നു, 5676 കിലോ ലിറ്റർ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനൊരുങ്ങുന്നു. അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം. എല്ലാ വർഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സർക്കാർ കുറച്ചുവരുന്നതുകൊണ്ട് വൈദ്യുതീകരിച്ച വീട്ടിലെ എല്ലാ കാർഡുകാർക്കും പ്രതിമാസം ഒരു ലിറ്റർ വീതം നൽകിയിരുന്നത് ചുരുക്കി മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) കാർഡുകാർക്ക് മാത്രമാണ് മണ്ണെണ്ണ നൽകിയിരുന്നത്. എന്നാൽ ഇനി വെള്ള കാർഡുകാർക്കടക്കം എല്ലാ വിഭാഗങ്ങൾക്കും മണ്ണെണ്ണ ലഭിക്കുമെന്നാണ് വിവരം.
മണ്ണെണ്ണ വിതരണം നടത്തുന്നതിന് നാല് മുതൽ അഞ്ച് വരെ മൊത്തവിതരണക്കാര്‍ ഓരോ താലൂക്കുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും മണ്ണെണ്ണയുടെ അലോട്ട്‌മെന്‍റ് ഗണ്യമായി കുറഞ്ഞതുകൊണ്ട് പലരും പിൻമാറിയിരുന്നു, ഒരു വര്‍ഷത്തിലധികമായി മണ്ണെണ്ണ വിതരണം ഇല്ലാത്തതുകൊണ്ട് ഇന്ധനം നിറയ്ക്കുന്ന ബാരലുകൾ തുരുമ്പു പിടിച്ച് ഉപയോഗ്യമല്ലാതായിട്ടുണ്ട്. മണ്ണെണ്ണയും പെട്രോളിയം ഉത്പന്നങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി സൗകര്യം വേണമെന്ന റീജിയണൽ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവ് മൂലം ചെറുകിട ഗുഡ്‌സ് ക്യാരിയർ വാഹനങ്ങളും മണ്ണെണ്ണ ലോഡ് കയറ്റാൻ തയാറാവായിരുന്നില്ല, . ഭക്ഷ്യധാന്യങ്ങളും, പഞ്ചസാരയും സ്റ്റോക്കെത്തിക്കുന്നത് പോലെ മണ്ണെണ്ണയും വാതിൽപടിയായി വിതരണം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
സംസ്ഥാനങ്ങൾ മണ്ണെണ്ണ വിതരണം ഉപേക്ഷിക്കുകയും പടിപടിയായി മണ്ണെണ്ണ വിതരണം നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രയും മണ്ണെണ്ണ
അനുവദിക്കപ്പെട്ടിരിക്കുന്നത്.

ചെറിയമഴയും മഞ്ഞും തണുപ്പും; അഞ്ചുനാട്ടിൽ സഞ്ചാരികളുടെ വൻതിരക്ക്.
വേനലവധിക്കാലം ആരംഭിച്ചതോടുകൂടി മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിൽ സഞ്ചാരികളുടെ വൻ തിരക്ക്. തമിഴ്നാട്ടിൽനിന്നു നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്.
“ചെറിയമഴയും മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് പ്രിയമാകുന്നു.ചെറുമഴ ലഭിച്ചതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. ഇരച്ചിൽപാറ, കച്ചാരം വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടി.
സ്വന്തം ചെറു വാഹനങ്ങളിലും ട്രെക്കിങ് ജീപ്പുകളിലുമാണ് ഈ മേഖലയിലെത്തുന്നത്. ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും എല്ലാം നിറഞ്ഞുകവിഞ്ഞു.

കറുമുറു കഴിക്കാൻ പായ്ക്കറ്റ് മിക്സ്ചർ വാങ്ങേണ്ട, ഒരു പിടി അവൽ ഇങ്ങനെ ചെയ്തെടുക്കൂ.
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട മിക്സ്ചർ ഇനി കടയിൽ നിന്നും വാങ്ങേണ്ട, അവൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം കടയിൽ നിന്നും വാങ്ങുന്ന മിക്സചർ ഇനി വീട്ടിൽ തയ്യാറാക്കാം. അതിനായി മാവ് പ്രത്യേകം കുഴച്ച് തയ്യാറാക്കേണ്ട മസാലപ്പൊടികളും വേണ്ട. കുറച്ച് അവലും, കടലപരിപ്പും, നിലക്കടലയും, മധുരത്തിനനുസരിച്ച് പഞ്ചസാരയും മതി.
ചേരുവകൾ
വെളിച്ചെണ്ണ
അവൽ
നിലക്കടല
കടലപരിപ്പ്
പഞ്ചസാര
ഏലയ്ക്കപ്പൊടി
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാം
അതിലേയ്ക്ക് ആവശ്യത്തിന് അവൽ ചേർത്ത് വറുത്തു മാറ്റാം.
അതേ എണ്ണയിൽ തന്നെ നിലക്കടലയും, കടലപരിപ്പും വറുത്തെടുക്കാം.
വറുത്ത അവലിലേയ്ക്ക് നിലക്കടലയും കടലപരിപ്പും ചേർക്കാം.
മധുരത്തിനനുസരിച്ച് പഞ്ചസാര പൊടിച്ചെടുക്കാം.
അവലിലേയ്ക്ക് പഞ്ചസാര പൊടിച്ചതും, ഒരു നുള്ള് ഏലയ്ക്കപ്പൊടിയും ചേർത്തിളക്കാം.
ആവശ്യനുസരണം കഴിക്കാം. നനവില്ലാത്ത പാത്രത്തിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാം.

പ്രമേഹവും കൊളസ്ട്രോളും ഉള്ളവർക്ക് ചക്ക കഴിക്കാമോ?
എളുപ്പത്തിൽ ദഹിക്കുന്നതും ഊർജമേകുന്നതുമായ ഭക്ഷണം കഴിക്കേണ്ടത് നല്ലത്. ഒപ്പം ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങളുമാകാം. ഇത്തരത്തിൽ വേനൽക്കാലത്തിനു പറ്റിയ ഭക്ഷണമാണ് ചക്ക. ചക്കയുടെ സീസൺ ആയിത്തുടങ്ങി. പച്ചയ്ക്കും പഴുപ്പിച്ചും എല്ലാം കഴിക്കാവുന്ന ചക്ക പോഷകങ്ങളുടെ കലവറയാണ്. പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ, ഫൈബർ ഇവ ചക്കയിൽ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാം.
രക്തസമ്മർദം നിയന്ത്രിക്കുന്നു
ചക്കയിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് ശരീരത്തിൽ അധികമായുള്ള പൊട്ടാസ്യത്തെ നീക്കാൻ സഹായിക്കുന്നു. അതുവഴി രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു. ചക്കയിൽ പ്രധാനപ്പെട്ട ആന്റിഓക്സിഡന്റുകളായ വൈറ്റമിൻ സി, കരോട്ടിനോയ്ഡുകൾ, ഫ്ലേവനോയ്ഡുകൾ ഇവയുണ്ട്. ഇവ ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യും. ഇത് രക്തസമ്മർദം ഉയരാതെ നിയന്ത്രിക്കുന്നു.
മലബന്ധം അകറ്റുന്നു
ചക്കയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്. ഇത് മലം മുറുകാതെ അയഞ്ഞതാക്കുന്നു. മലബന്ധം അകറ്റുന്നു. ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ശാരീരിക പ്രവർത്തനങ്ങളും പതിവാക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.

പ്രമേഹരോഗികൾക്ക്
ചക്കയിൽ ഫൈബർ ധാരാളമുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാതെ സാധാരണ നിലയിലാക്കുന്നു. ഇൻസുലിൻ പ്രതിരോധവും പ്രമേഹവും തടയാൻ മികച്ച ഒരു ഭക്ഷണമാണ് ചക്ക. ചക്കയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇൻസുലിന്റെ ഉൽപാദനം മെച്ചപ്പെടുത്തുകയും പ്രമേഹരോഗികളിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിളർച്ച തടയുന്നു
വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ ഇരുമ്പിന്റെ ആഗിരണം വേഗത്തിലാക്കാൻ ചക്ക സഹായിക്കും. ഇത് വിളർച്ച തടയും. ചുവന്ന രക്തകോശങ്ങളിലടങ്ങിയ ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് (Iron) ആവശ്യമാണ്. വിളർച്ച ഉള്ളവരിൽ ഇത് കുറവായിരിക്കും. അതുകൊണ്ടു തന്നെ ചക്ക ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് വിളർച്ച തടയാൻ സഹായിക്കും.
പ്രതിരോധശക്തി വർധിപ്പിക്കുന്നു
വൈറ്റമിൻ ഡി, കരോട്ടിനോയ്ഡുകൾ, സാപൊനിൻസ് തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ചക്കയിലുണ്ട്. ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഫ്രീറാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും വൈറൽ ബാക്ടീരിയൽ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

കൊളസ്ട്രോൾ കുറയ്ക്കുന്നു
ഭക്ഷണശീലങ്ങൾ മൂലം പല ആളുകൾക്കും ഉയർന്ന കൊളസ്ട്രോൾ ഉണ്ട്. ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചക്കയിലടങ്ങിയ ഫൈബർ, ഉദരത്തിലെ കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കും. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതം, അതിറോസ്ക്ലീറോസിസ് തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യും. ചക്കയിലടങ്ങിയ ബയോ ആക്ടീവ് ആന്റി ഓക്സിഡന്റ് സംയുക്തങ്ങളായ ഫ്ലേവനോയിഡുകളും കരോട്ടിനോയ്ഡുകളും കൊഴുപ്പു കോശങ്ങളുടെ ഓക്സീകരണത്തെ തടയുന്നു.
മനോനില മെച്ചപ്പെടുത്തുന്നു
ശാരീരികാരോഗ്യത്തിനു പുറമെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ചക്ക സഹായിക്കും. ചക്കയിൽ ധാരാളം കാർബോഹൈഡ്രേറ്റ് (അന്നജം) അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന് ഊർജമേകും. മാനസികനില മെച്ചപ്പെടുത്തും. ഒരു മികച്ച പ്രീവർക്കൗട്ട് ഫുഡ് കൂടിയാണ് ചക്ക. ഊർജവും ശക്തിയും ലഭിക്കാൻ ചക്ക സഹായിക്കും. ഈ വേനൽക്കാലത്ത് കഴിക്കാവുന്ന ആരോഗ്യമേകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ചക്ക”

ഫിസിയോതെറപ്പിസ്റ്റും ഇനി ഡോക്ടറാകും; ബിപിടി പ്രോഗ്രാം കാലാവധി 5 വർഷമാക്കി ഉയർത്തി.
പുതുക്കിയ പാഠ്യപദ്ധതി പ്രകാരം ഫിസിയോതെറപ്പിസ്റ്റിന്റെ പേരിനു മുന്നിൽ ഡോക്ടർ എന്നു ചേർക്കാം. ഫിസിയോതെറപ്പിസ്റ്റെന്ന് അടയാളപ്പെടുത്തുന്ന പി.ടി എന്നീ അക്ഷരങ്ങൾ പേരിനുശേഷം ഉപയോഗിക്കണം. നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയിൽനിന്നാണു ഫിസിയോ തെറപ്പി ഡിഗ്രി പ്രോഗ്രാമിനും അഡ്മിഷൻ നൽകുക. ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു കാലാവധി നാലരയിൽനിന്ന് 5 വർഷമാക്കുന്നതെന്നും പുതുക്കിയ പാഠ്യപദ്ധതിയിൽ പറയുന്നു. രണ്ടാം വർഷം മുതൽ പ്രായോഗിക പരിശീലനം നൽകും.
ഫിസിയോതെറപ്പിയിൽ പിജി ഡിപ്ലോമ കോഴ്സുകളുണ്ടെങ്കിലും പുതുക്കിയ പാഠ്യപദ്ധതിയിൽ ബാച്‌ലർ, മാസ്റ്റേഴ്സ് ഡിഗ്രികൾക്കാണു പ്രാമുഖ്യം. അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ മാസ്റ്റേഴ്സ് ഡിഗ്രി നേടണമെന്നും നിർദേശിക്കുന്നു. നാഷനൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രഫഷൻസുമായി സഹകരിച്ചാണു ഫിസിയോതെറപ്പി ഉൾപ്പെടെ 10 കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരിച്ചത്.

ഒന്നര ലക്ഷം രൂപ ശമ്പളം നാട്ടിൽ വാങ്ങാം.
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്മെന്റിൽ വിവിധ തസ്തികകളിൽ ഒരു വർഷ കരാർ നിയമനം. ഒരോ ഒഴിവ് വീതം. ഒാൺലൈനായി മേയ് ഒന്ന് വരെ അപേക്ഷിക്കാം.
തസ്തിക, പ്രായപരിധി, ശമ്പളം
വെസ്സൽ എൻജിനീയർ (ക്ലാസ് I): 58; 1,40,000.
പോർട്ട് കൺട്രോൾ കോഒാർഡിനേറ്റർ: 50; 25,000.
“വിശദവിവരങ്ങൾക്ക്: www.cochinport.gov.in”

പാലാ ടൗൺ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം.
പാലാ ടൗൺ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികളിൽ 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/94 മുതൽ 9/24 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) കാലയളവിൽ വിവിധ കാരണങ്ങളാൽ റദ്ദായ രജിസിട്രേഷൻ പുതുക്കുന്നതിന് അവസരം.
രജിസ്‌ട്രേഷൻ പുതുക്കുന്നതിനും സീനിയോറിറ്റി പുനഃസ്ഥാപിച്ച് ലഭിക്കുന്നതിനും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ ദൂതൻ മുഖേനയോ 2025 ഏപ്രിൽ 30 വരെ അപേക്ഷി ക്കാവുന്നതാണ്.

കേരളത്തിലേക്ക് ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; ഈ റൂട്ട് നോക്കി വെച്ചോളൂ.
കേരളത്തിന്റെ റെയിൽവേ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഡബിൾ ഡക്കർ ട്രെയിനിന്റെ ആദ്യ സർവീസ് കേരളത്തിലേക്ക് എത്തുന്നു. തമിഴ്നാട്ടിൽ നിന്നുള്ള നിലവിലെ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്.
ഏത് റൂട്ടിലാണ് ഡബിൾ ഡക്കർ?
പല റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ, തമിഴ്നാട്ടിൽ നിലവിൽ പ്രവർത്തിക്കുന്ന ഉദയ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22665) ആണ് കേരളത്തിലേക്ക് വരുന്നത്. ഈ ട്രെയിൻ നിലവിൽ ബെംഗളൂരു (KSR ബെംഗളൂരു – SBC) മുതൽ കോയമ്പത്തൂർ ജംഗ്ഷൻ (CBE) വരെ സർവീസ് നടത്തുന്നു. ഇത് കേരളത്തിലെ പാലക്കാട് വഴി കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ വ്യാപിപ്പിക്കാനാണ് പദ്ധതി. കൃത്യമായ റൂട്ടും സ്റ്റോപ്പുകളും ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് ഡബിൾ ഡക്കർ ട്രെയിനിന്റെ പ്രത്യേകത?
ഡബിൾ ഡക്കർ ട്രെയിനുകൾ രണ്ട് നിലകളുള്ള കോച്ചുകളാണ്, ഇത് സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളും. കൂടുതൽ യാത്രക്കാരും അത്യാധുനിക സൗകര്യവും ഡബിൾ ഡക്കറിനെ മികച്ചതാക്കുന്നു.
എയർലൈൻ സ്റ്റൈൽ സീറ്റിംഗ്: സുഖപ്രദമായ ഇരിപ്പിടങ്ങൾ, കൂടുതൽ ലെഗ്‌റൂം.
വൈഫൈ സൗകര്യം: യാത്രക്കാർക്ക് ഇന്റർനെറ്റ് ആക്സസ്.
എസി കോച്ചുകൾ: പൂർണമായും എയർ കണ്ടീഷൻഡ്, ചൂടിൽ നിന്ന് ആശ്വാസം.
മെച്ചപ്പെട്ട സസ്പെൻഷൻ: സുഗമവും സുഖകരവുമായ യാത്ര.”ഇന്ത്യയിൽ ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ആരംഭിച്ചത് 1979-ൽ ഫ്ലൈയിംഗ് റാണി എക്സ്പ്രസ് എന്ന ട്രെയിനിലാണ്. പിന്നീട് 2012-ൽ മുംബൈ-അഹമ്മദാബാദ് റൂട്ടിൽ ആധുനിക ഡബിൾ ഡക്കർ ട്രെയിൻ (12931/12932) സർവീസ് ആരംഭിച്ചു. നിലവിൽ, ദക്ഷിണേന്ത്യയിൽ കേരളം മാത്രമാണ് ഒരു റെഗുലർ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഇല്ലാത്ത സംസ്ഥാനം. തമിഴ്നാട്ടിൽ മധുരൈ-ദിണ്ടിഗൽ-പൊള്ളാച്ചി റൂട്ട് ഉൾപ്പടെ മൂന്ന് ഡബിൾ ഡക്കർ ട്രെയിനുകൾ പ്രവർത്തിക്കുന്നുണ്ട്,
ഈ പുതിയ സർവീസ് കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ട്രെയിൻ ഗതാഗത സൗകര്യങ്ങൾക്കും വലിയ മാറ്റം വരുത്തും. ബെംഗളൂരു, കോയമ്പത്തൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദവും ആകർഷകവുമാകും.
എപ്പോൾ മുതൽ യാത്ര തുടങ്ങാം?
കൃത്യമായ തീയതിയും ടിക്കറ്റ് ബുക്കിംഗ് വിശദാംശങ്ങളും ഇന്ത്യൻ റെയിൽവേ ഉടൻ പ്രഖ്യാപിക്കും. ഈ വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്ക് IRCTC വെബ്സൈറ്റ് വഴിയോ റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ വഴിയോ ബുക്കിംഗ് നടത്താം.
