കേന്ദ്രം നല്‍കുന്നത് സൗജന്യമായി;കേരളത്തില്‍ ഡിജിറ്റലായ ഡ്രൈവിങ് ലൈസന്‍സിന് 200 രൂപ സര്‍വീസ് ചാര്‍ജ്‌.

ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പകർപ്പ് കേന്ദ്രം സൗജന്യമായി നൽകുമ്പോൾ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു. കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റൽ ലൈസൻസ് നൽകാൻ തീരുമാനിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് 60 രൂപയിൽനിന്ന് 200 ആക്കിയത്.

കാർഡ് അച്ചടിക്കുന്നവകയിൽ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം. 60 രൂപ ചെലവ് വരുന്ന കാർഡിന് 200 രൂപയാണ് നേരത്തേ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിരുന്നത്. അപേക്ഷകരിൽനിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാർഡ് വിതരണംചെയ്യുന്നതിൽ വീഴ്ചപറ്റി.

കാർഡ് തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് പ്രതിഫലം നൽകാത്തതാണ് പ്രതിസന്ധിയായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ കാർഡ് അച്ചടി നിർത്തിവെച്ചപ്പോൾ അവരെ പുറത്താക്കാനും പകരം നേരിട്ട് അച്ചടിക്കാനും തീരുമാനിച്ചു. അതിലും പരാജയപ്പെട്ടതോടെയാണ് ഡിജിറ്റൽ നൽകാൻ തീരുമാനിച്ചത്. ഐ.ടി.ഐക്ക് 14 കോടിക്കുമേൽ കുടിശ്ശികയുണ്ട്.

സംസ്ഥാന സർക്കാർ നൽകുന്ന ഡിജിറ്റൽ പകർപ്പ് പ്രിന്റെടുത്ത് കൈവശം സൂക്ഷിക്കണമെങ്കിൽ വീണ്ടും പണം മുടക്കണം. ഇത് സൂക്ഷിക്കാൻ സർക്കാർ മൊബൈൽ ആപ്പുകൾ ഇല്ലെന്നാണ് ന്യൂനത. എന്നാൽ കേന്ദ്രസർക്കാർ നൽകുന്ന പകർപ്പ് മൊബൈൽ ആപ്പുകളിൽ ലഭ്യമാണ്. രാജ്യത്ത് എവിടെയും ഈ ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയാകും. അതേസമയം കേരളസർക്കാരിന്റെ ഡിജിറ്റൽ പകർപ്പ് ഇതരസംസ്ഥാനങ്ങളിൽ അംഗീകരിക്കണമെന്നില്ല.

വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ.

നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധിയും വർദ്ധിപ്പിച്ചു.

പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക് ഇപ്പോൾ പിൻ നൽകാതെ തന്നെ 1,000 രൂപവരെയുള്ള ഇടപാടുകൾ നടത്തം. മുൻപ് ട്രാൻസാക്ഷൻ പരിധി 500 രൂപയായിരുന്നു. ഇതാണ് ഇരട്ടിയാക്കിയിരിക്കുന്നത്. പ്രതിദിന ഇടപാടുകളുട പരിധി 4,000 ആയി നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി വാലറ്റ് ബാലൻസ് പരിധി 2,000 ൽ നിന്നും 5,000 ആക്കി ഉയർത്തി.

ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെയാകുമ്പോൾ ഉപഭോക്താവിന്റെ യുപിഐ ലൈറ്റിലുള്ള ഓട്ടോ ടോപ്-അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക് ആയി റീചാർജ് ചെയ്യപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാർജുകളുടെ ടോപ്പ്-അപ്പ് തുക സജ്ജീകരിക്കാനാകും.

ഈ ഫീച്ചർ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തിൽ യുപിഐ ആപ്പിലെ മാൻഡേറ്റ് ക്രമീകരിക്കണം. ഇത് എപ്പോൾ വേണമെങ്കിലും കാൻസൽ ചെയ്യാനും സാധിക്കും.

നുണയന്മാരെ കൈയോടെ പൊക്കാം . സിംപിൾ ടിപ്‌സ് ഇതാ.

 ചിലർ മുഖത്ത് നോക്കി കള്ളം പറയും . ചിലർ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് മനസിലാക്കാനെ സാധിക്കുകയില്ല .


 അങ്ങനെ സ്ഥിരമായി കബളിക്കപ്പെടുകയും കൺഫ്യൂഷൻ അടിച്ചു നിൽക്കുകയും ആണെങ്കിൽ വിഴമിക്കേണ്ട . അത്തരക്കാരെ വേഗം കണ്ടുപിടിക്കാം ഇനി.


 നുണയന്മാർ നമ്മളോട് ചില കാര്യങ്ങൾ പറയും . ഈ പറഞ്ഞത് പിന്നീട് എപ്പോഴെങ്കിലും അവരോട് ഒന്നുകൂടി ചോദിച്ചു നോക്കിക്കേ . അവർ ആ കഥകളൊക്കെ ഓർത്തെടുത്ത് നേരെയാക്കാൻ പാടുപെടുന്നത് കാണാം.


ആരോടെങ്കിലും സംസാരിക്കുമ്പോൾ വളരെ സൂക്ഷ്‌മമായി അവരെ നിരീക്ഷിക്കുക . അവരുടെ മൈക്രോ എക്സ്പ്രെഷൻ നല്ലവണ്ണം ശ്രദ്ധിച്ചാൽ ഇതിലൂടെ അവരുടെ മനസിലുള്ളത് പിടികിട്ടും.

 നുണപറയുന്നവരോട് നമ്മൾ തർക്കിക്കുകയാണെങ്കിൽ അവർ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം നിങ്ങളുടെ ചോദ്യത്തിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ അക്കാര്യം ഒഴിവാക്കുകയോ , വിഷയം മാറ്റി സംസാരിക്കുകയോ ചെയ്യും.


 ചില ആളുകൾ സംസാരത്തിനിടയിൽ സത്യസന്ധമായി അല്ലെങ്കിൽ സത്യം പറയാൻ തുടങ്ങിയ പദങ്ങൾ ആവർത്തിച്ചു ഉപയോഗിക്കും . അത് ചിലപ്പോൾ അവർ കള്ളം പറയുകയാണ് എന്നതിനുള്ള സൂചനയാകാം .


 നുണ പറയുന്നവർ ഒന്നുകിൽ അവർ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ മടിക്കും. അല്ലെങ്കിൽ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി സ്വയം വിശദീകരിക്കും.

friends catering

ജനം സഹകരിച്ചില്ല; ദീപാവലിക്ക് ശേഷം ആകാശം ‘വിഷ’മയം, ഡൽഹിയിൽ സ്ഥിതി അതീവഗുരുതരം

ഡൽഹിയിലെ ജനങ്ങൾ നിയന്ത്രണമില്ലാതെ ദീപാവലി ആഘോഷിച്ചതോടെ ആകാശം ആകെ ‘വിഷപ്പുക’മയം. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗത്തും വായു ഗുണനിലവാരം തീരെ മോശം അഥവാ അതീവ ഗുരുതരം എന്ന നിലയിലെത്തി.ദീപാവലി രാത്രിക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം വായുഗുണനിലവാരം തീരെ മോശം വിഭാഗത്തിലാണ്. ലജ്പത് നഗർ, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, ബുരാരി തുടങ്ങിയ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി വൈകിയും ജനങ്ങൾ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു.

ഇന്നലെ അർദ്ധരാത്രിയോടെ തന്നെ നഗരത്തിന്റെ പല പ്രദേശങ്ങളിലും വായു തീരെ മോശം അവസ്ഥയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെ തന്നെ നഗരമാകെ വിഷപ്പുക നിറഞ്ഞുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ ജനങ്ങൾ പടക്കങ്ങള്‍ പൊട്ടിച്ചുതുടങ്ങിയതിനാൽ, അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു.

വരുന്നു, സിം കാര്‍ഡ് കിട്ടുന്ന എ.ടി.എം.; ആദ്യം നടപ്പാക്കുന്നത് ബി.എസ്.എന്‍.എല്‍.

വിവരം കൃത്യമാക്കി കൊടുത്താൽ ചുരുങ്ങിയ സമയം കൊണ്ട് യന്ത്രം സിം കാർഡ് തരും. ബി.എസ്.എൻ.എൽ.ആണ് സിം കാർഡ് തയ്യാറാക്കി നൽകുന്ന സിം വെൻഡിങ് കിയോസ്കുമായി എത്തുന്നത്. ഇന്റൻസ് ടെക്നോളജീസ്, മൊർസ് എന്നീ കമ്പനികളാണ് എ.ടി.എം.സമാനമായ യന്ത്രസംവിധാനത്തിന് പിന്നിൽ. ന്യൂഡൽഹിയിൽ നടന്ന മൊബൈൽ കോൺഗ്രസിൽ ബി.എസ്.എൻ.എൽ. സി.എം.ഡി. റോബര്ട്ട് ജെ. രവിയുടെ സാന്നിധ്യത്തിലായിരുന്നു ഇതിന്റെ പരിചയപ്പെടുത്തൽ.

വേണ്ടത് ആധാറും രജിസ്റ്റർ ചെയ്ത മൊബൈലും

കിയോസ്കുവഴി സിം കാർഡ് എടുക്കാൻ ആധാർ നമ്പരും അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുളള ഫോണും വേണം. ഫെയ്സ് റെക്കഗൈനേഷൻ ആവശ്യമായതിനാൽ അപ്ഡേറ്റ് ചെയ്ത ആധാർ ആയിരിക്കണം.നടപടിക്രമം ഇങ്ങനെ:

1) ആളെ തിരിച്ചറിയൽ

മെഷീനിന്റെ സ്ക്രീനിലെ വിൻഡോയിൽ സിം കാർഡ് ഓപ്ഷനിൽ ആധാർ നമ്പർ നൽകുക. തുടർന്ന് അതിലെ ക്യാമറ ഉപയോഗിച്ച് ഫോട്ടോയും കൃഷ്ണമണിയുെട പരിശോധനയും നടക്കും. പിന്നാലെ വിരലടയാളം നൽകണം. ആധാർ വെരിഫിക്കഷൻ പൂർത്തിയാകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും.

2) നമ്പർ തിരഞ്ഞെടുക്കൽ

വ്യക്തിവിവരം മൊബൈൽ സേവനദാതാവിന്റെ സെര്വറിലേക്ക് കൈമാറുന്നതോടെ മൊബൈൽ സിം നമ്പർ തിരഞ്ഞെടുക്കാം. പണം കൊടുത്ത് എടുക്കേണ്ട ഫാൻസി നമ്പരുകളും ഉണ്ട്.

3) പണം അടയ്ക്കൽ

സിം കാർഡിന്റെ ഫീസും ഫാൻസി നമ്പർ എടുത്താൽ അതിന്റെ തുകയും റീചാർജ് ചെയ്യണമെങ്കിൽ അതിനുള്ള തുകയും നൽകുന്നതോടെ കിയോസ്കിൽ നിന്ന് സിംകാർഡ് പുറത്തേക്ക് വരും. അൽപസമയത്തിനകം ആക്ടിവേറ്റ് ആകും.

ബുള്ളറ്റുകൾ മിണ്ടാതാകുന്നു, ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്.

റോയൽ എൻഫീൽഡിൻ്റെ ഇലക്ട്രിക് ബൈക്ക് നവംബർ 4 ന് അരങ്ങേറ്റം കുറിക്കും. 2024 EICMA ഷോയിൽ ആദ്യമായി അവതരിക്കപ്പെടും. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ‘എൽ’ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ചെന്നൈ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാവിൻ്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറാണിത്. റോയൽ എൻഫീൽഡും സ്റ്റാർക്ക് ഫ്യൂച്ചർ എസ്എൽ (സ്പാനിഷ് ഇവി ഇരുചക്രവാഹന നിർമ്മാതാക്കളും) ചേർന്ന് വികസിപ്പിച്ചെടുത്ത ഈ ഡിസൈൻ ഭാവിയിലെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾക്കും അടിവരയിടും. Electrik01 എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് അതിൻ്റെ ഔദ്യോഗിക അനാച്ഛാദനത്തിന് ശേഷം വിപണിയിൽ ലോഞ്ച് ചെയ്യും.

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ചോർന്ന പേറ്റൻ്റ് ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതിൻ്റെ അവസാന സിലൗറ്റും നിയോ-റെട്രോ ഡിസൈനും വെളിപ്പെടുത്തുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും മിററുകളും, വ്യതിരിക്തമായ ഇന്ധന ടാങ്ക്, ഗിർഡർ കൈകൾക്കിടയിലും ട്രിപ്പിൾ ക്ലാമ്പിനു താഴെയും സ്ഥാപിച്ചിരിക്കുന്ന ഒരു ഗർഡർ ഫോർക്ക്, ബ്രേസ്ഡ് സ്വിംഗാർം എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. പേറ്റൻ്റ് ചിത്രം അതിൻ്റെ അലോയ് വീലുകളും റെട്രോ-സ്റ്റൈൽ ഹാർഡ്‌ടെയിൽ പോലുള്ള പിൻ പ്രൊഫൈലും കാണിക്കുന്നു. ഹിമാലയൻ 450 ഇൻസ്‌പൈർഡ് ഇൻസ്‌ട്രമെൻ്റ് ക്ലസ്റ്ററും ഇലക്ട്രിക് ബൈക്കിലുണ്ടാകും.

അതേസമയം റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിൻ്റെ ഔദ്യോഗിക സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമല്ല. പ്രീമിയം മോട്ടോർസൈക്കിൾ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും റോയൽ എൻഫീൽഡിൻ്റെ ആദ്യ ഇലക്ട്രിക് ബൈക്ക്. ഇവിക്കായി, പ്രതിവർഷം 1.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആർഇയുടെ പുതിയ ചെയ്യാറിലെ നിർമ്മാണ പ്ലാൻ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ ഉൽപ്പാദന കേന്ദ്രമായി പ്രവർത്തിക്കും. റോയൽ എൻഫീൽഡ് തങ്ങളുടെ ഭാവി ഉൽപ്പന്നങ്ങളുടെ വികസനത്തിനും ഇലക്ട്രിക് ബൈക്കുകളുടെ വിൽപ്പന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കും. വിലയുടെ കാര്യത്തിൽ, റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്കിന് ഏകദേശം 2.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇത് അൾട്രാവയലറ്റ് F77-നോട് മത്സരിക്കും. ഇവിയുടെ ഔദ്യോഗിക വിവരങ്ങൾ വരും ആഴ്ചകളിൽ വെളിപ്പെടുത്തും.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തിൽ മാറ്റം; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ.

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്. നവംബര്‍ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും. എന്നാൽ, മുൻകൂർ റിസർവേഷനുള്ള കുറഞ്ഞ സമയപരിധി നിലവിൽ ബാധകമായിരിക്കുന്ന ചില പകൽ-സമയ എക്സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ നിയമങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല.

80000 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശത്തെത്തിയ ധൂമകേതു, ഇന്ത്യയില്‍ നിന്ന് കാണാം.

ഏകദേശം 80000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ആകാശത്ത് ദൃശ്യമായ ധൂമകേതുവിനെ വീണ്ടും കാണാന്‍ അവസരം. കോമറ്റ് സി/2023 എ3 (സുചിന്‍ഷന്‍-അറ്റ്‌ലസ്) എന്ന ധൂമകേതുവിനെ സൂര്യോദയത്തിന് മുമ്പ് പുലര്‍ച്ചെയുള്ള ആകാശത്ത് ഒക്ടോബര്‍ ആദ്യവാരം കാണാനാവും.

2023 ലാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 2024 സെപ്റ്റംബറിലാണ് ഇത് സൂര്യന് ഏറ്റവും അടുത്തെത്തിയത്. ഇപ്പോള്‍ സൂര്യനില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ ധൂമകേതു ഭൂമിയില്‍ നിന്ന് കാണാനാവും.

ഇന്ത്യയില്‍ നിന്ന് എങ്ങനെ കാണാം?

സൂര്യോദയത്തിന് മുമ്പാണ് കോമറ്റ് സി/2023 എ3 നെ കാണാനാവുക. ആകാശത്ത് വെളിച്ചം വരും മുമ്പ് നോക്കണം. കിഴക്കന്‍ ആകാശത്തേക്ക് സൂക്ഷിച്ച് നോക്കണം. തടസങ്ങളില്ലാതെ ആകാശം കാണാന്‍ സാധിക്കുന്ന ഒരിടം അതിനായി തിരഞ്ഞെടുക്കണം. നഗരങ്ങളിലെയും കെട്ടിടങ്ങളിലേയും പ്രകാശ മലിനീകരണം ഇല്ലാത്ത ഇടങ്ങളാണ് അതിന് ഉചിതം.

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിച്ചേക്കാമെങ്കിലും ബൈനോകുലറുകളും ചെറു ദൂരദര്‍ശിനികളും കൂടുതല്‍ വ്യക്തത നല്‍കും. ഒരു വാലോടുകൂടിയ നക്ഷത്രത്തെ പോലെയാണ് ഇത് കാണപ്പെടുക.

ഒക്ടോബര്‍ ആദ്യം, ധൂമകേതു കണ്ടുപിടിക്കാന്‍ ചന്ദ്രന്‍ നിങ്ങളെ സഹായിക്കും. കിഴക്കന്‍ ആകാശത്ത് ചന്ദ്രനു താഴെ മൂടല്‍മഞ്ഞ് വാലുള്ള ഒരു അവ്യക്തമായ നക്ഷത്രമായി കോമറ്റ് സി/2023 എ3 നെ കാണാം. ഒക്ടോബര്‍ ആദ്യം ഈ ധൂമകേതുവിന് കൂടുതല്‍ തിളക്കമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

ഒക്ടോബറിലുടനീളം ആകാശത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ധൂമകേതുവിനെ പിന്നീട് അസ്തമയ ശേഷവും ആകാശത്ത് കാണാനാവും. എന്നാല്‍ ഇത് കൂടുതല്‍ മങ്ങിയിട്ടുണ്ടാവും. മാത്രവുമല്ല ധൂമകേതുവിന്റെ തിളക്കത്തിലും ദൃശ്യതയിലും മാറ്റമുണ്ടാവാം. അതുകൊണ്ട് ജ്യോതിശാസ്ത്ര വെബ്‌സൈറ്റുകളിലെ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി കോമറ്റ് സി/2023 എ3 നെ നിരീക്ഷിക്കാം.

തേങ്ങക്കും വെളിച്ചെണ്ണക്കും സംസ്ഥാനത്ത് വില കുത്തനെ വർധിക്കുന്നു

കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്ന് വ്യാപാരികൾ പറയുന്നു.

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 40 രൂപയും തേങ്ങ കിലോയ്ക്ക് 20 രൂപവരെയുമാണ് വർധിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ തേങ്ങക്ക് ഇത്ര വിലവർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

കിലോയ്ക്ക് 45 രൂപയായിരുന്ന തേങ്ങക്കിന്ന് മൊത്ത വ്യാപാരശാലകളിൽ 60 രൂപക്ക് മുകളിൽ ആണ് വില. ചില്ലറകച്ചവടക്കാർ നൽകുന്നത് 70 മുതൽ 80 രൂപ വിലയിലും.

തേങ്ങക്ക് വില കൂടിയതോടെ എണ്ണയുടെ വിലയും ക്രമാതീതമായി ഉയരുകയാണ്.180 രൂപയിൽ കിടന്ന എണ്ണ വില ഇന്ന് 220 രൂപയാണ്. ഒരുതരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്ത തേങ്ങയ്ക്കും എണ്ണയ്ക്കും വില കൂടിയതോടെ താളം തെറ്റിയിരിക്കുന്നത് സാധാരണക്കാരുടെ ബജറ്റാണ്.

തമിഴ്നാട്ടിലും മൈസൂരിലും കർണാടകയിലും ഒക്കെ തേങ്ങയുടെ ഉൽപാദനം കുറഞ്ഞതോടെ അവിടെ നിന്നും കയറ്റി അയക്കുന്ന തേങ്ങകളുടെ വില കൂടി. ഇതാണ് കേരളത്തിലും വിലകൂടാൻ കാരണം. ഡിസംബർ വരെയുള്ള കാലം സ്വതവേ തേങ്ങയുടെ ഉൽപാദനം കുറവുള്ള സമയമാണ്. അതിനാൽ അടുത്തവർഷം ജനുവരി വരെ ഈ വിലക്കയറ്റം ഇങ്ങനെ തുടരുമെന്ന് വിലയിരുത്തപ്പെടുന്നത്.

ശനിയാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ തിങ്കളാഴ്ച്ച വരെ വിവിധ ജില്ലകളില്‍ മഴ മുന്നറിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും യെല്ലോ അലേര്‍ട്ട് നിലനില്‍ക്കും.

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 28 മുതല്‍ 30 വരെ തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതല്‍ 28/09/2024 രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ് നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Verified by MonsterInsights