ഇന്ത്യൻ വ്യോമസേനയിലെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കലും നോൺ–ടെക്നിക്കലും) ശാഖകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുവതീയുവാക്കൾക്ക് അവസരം. ആകെ ഒഴിവുകൾ 281 (പുരുഷന്മാർ 221, വനിതകൾ 60). 2026 ജൂലൈയിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണു സിലക്ഷൻ.
1. ഫ്ലയിങ് ബ്രാഞ്ച്: പുരുഷന്മാർക്കും വനിതകൾക്കും ഷോർട് സർവീസ് കമ്മിഷൻ
2.(എ) ഗ്രൗണ്ട് ഡ്യൂട്ടി – ടെക്നിക്കൽ ബ്രാഞ്ച്: എയ്റോനോട്ടിക്കൽ എൻജിനീയർ – ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ (ബി) ഗ്രൗണ്ട് ഡ്യൂട്ടി – നോൺ–ടെക്നിക്കൽ ബ്രാഞ്ച്: വെപ്പൺ സിസ്റ്റംസ്, അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ, മെറ്റിരിയോളജി (സി) എൻസിസി സ്പെഷൽ എൻട്രി – ഫ്ലയിങ് ബ്രാഞ്ച്.
14 വർഷത്തെ സേവനത്തിനാണ് ഫ്ലയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമ്മിഷൻ. ഗ്രൗണ്ട് ഡ്യൂട്ടിയിലെ ഷോർട് സർവീസ് കമ്മിഷൻ 10 വർഷത്തേക്ക്. ഇത് 4 വർഷത്തേക്കു കൂടി നീട്ടാം.
സർവീസിലെ ആവശ്യവും ഓഫിസറുടെ മികവും പരിഗണിച്ച് അർഹതയുള്ളവരുടെ ഷോർട് സർവീസ് കമ്മിഷൻ, പെർമനന്റ് കമ്മിഷനാക്കി മാറ്റുന്നതിനും വ്യവസ്ഥകളുണ്ട്. പെർമനന്റ് കമ്മിഷൻകാർക്ക് അതതു വിഭാഗത്തിൽ നിശ്ചയിച്ചിട്ടുള്ള പെൻഷൻ പ്രായംവരെ തുടരാം. ഷോർട് സർവീസുകാർക്കു പെൻഷനില്ല.
ഓൺലൈനായി നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) എഴുതാൻ താൽപര്യമുള്ളവർ ജൂലൈ ഒന്നിനു രാത്രി 11.30ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.”

അഫ്കാറ്റ് എൻട്രിക്കു പുറമേ ഫ്ലയിങ് ബ്രാഞ്ചിലേക്ക് എൻസിസി സ്പെഷൽ എൻട്രിയുമുണ്ട്. സിഡിഎസ്ഇ സ്ഥിരം കമ്മിഷന്റെ 10%, അഫ്കാറ്റ് ഷോർട് സർവീസ് കമ്മിഷന്റെ 10% എന്ന ക്രമത്തിൽ. (യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസ് എക്സാമിനേഷനാണ് സിഡിഎസ്ഇ).
ബിടെക്കുകാരോടൊപ്പം മറ്റു ബാച്ലർ ബിരുദധാരികൾക്കും അവസരമുണ്ട്. അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്, എജ്യുക്കേഷൻ എന്നിവയൊഴികെ എല്ലാറ്റിനും പ്ലസ്ടുവിൽ മാത്സും ഫിസിക്സും പഠിച്ചിരിക്കണം. ഓരോ ബ്രാഞ്ചിലേക്കും വേണ്ട യോഗ്യതകളും കായികമാനദണ്ഡങ്ങളും വെബ്സൈറ്റിൽ വരും. മാർക്ക് നിബന്ധന പാലിക്കണം. 2026 ജൂലൈ ഒന്നിന് ഫ്ലയിങ് ബ്രാഞ്ചിലേക്ക് 20–24 വയസ്സ്; കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് 26 വരെയാകാം. ഗ്രൗണ്ട് ഡ്യൂട്ടിക്ക് 20–26 വയസ്സ്. കോഴ്സ് തുടങ്ങുമ്പോൾ അവിവാഹിതരായിരിക്കണം. വിവാഹം പാടില്ല.
