കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ടതെല്ലാം.

ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റലൈസേഷന്റെ കാര്യത്തില്‍ അത്ര മുന്നിലല്ല എന്നൊരു ആക്ഷേപമുണ്ട് കെഎസ്ആര്‍ടിസിയെ കുറിച്ച്. എന്നാല്‍ ആനവണ്ടിയെക്കുറിച്ചും യാത്രാ സൗകര്യത്തേക്കുറിച്ചുമുള്ള ഈ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ചലോ ആപ്പിലൂടെയും ട്രാവല്‍ കാര്‍ഡിലൂടെയും കെഎസ്ആര്‍ടിസി ഇപ്പോള്‍. ചലോ ആപ്പിലൂടെ ബസുകളുടെ ലൈവ് ട്രാക്കിംഗ്, സീറ്റ് ഒഴിവ്, അടുത്ത വണ്ടി എപ്പോള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ജിപിഎസ് സൗകര്യം ബസുകളില്‍ ഏര്‍പ്പെടുത്തിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഗൂഗിള്‍ പേ സംവിധാനവും യാഥാര്‍ത്ഥ്യമായിരിക്കുകയാണ് കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍. കണ്ടക്ടറുടെ ടിക്കറ്റ് യന്ത്രത്തില്‍ തന്നെ ക്യുആര്‍ കോഡ് ഉണ്ട്. ഇതു സ്‌കാന്‍ ചെയ്ത് ടിക്കറ്റിനുള്ള പണം നല്‍കാന്‍ കഴിയും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹാജര്‍നില രേഖപ്പെടുത്താന്‍ പഞ്ചിങ്ങിന് പകരം ‘ഫെയ്‌സ് ആപ്പ്’ നിലവില്‍വന്നു. രാവിലെ ഓഫീസിലെത്തിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തുറന്ന് മുഖം ക്യാമറയില്‍ പതിക്കണം. ഡിപ്പോയിലെത്തി ഓഫീസിന് മുന്നിലെത്തിയാല്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ.

ട്രാവല്‍ കാര്‍ഡുകള്‍

ഇനി ടിക്കറ്റിനായി കൈയില്‍ പണം കരുതേണ്ട എന്നതാണ് മറ്റൊരു പുതിയ സൗകര്യം. ചലോ കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനം വിവിധ ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ സൈ്വപ് ചെയ്യുന്ന സംവിധാനമാണ് പുതിയ ടിക്കറ്റ് മിഷീനിലുമുള്ളത്. തിരുവനന്തപുരത്തു തുടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് യാത്ര പിന്നീട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.

100 രൂപ നല്‍കിയാല്‍ ചലോ കാര്‍ഡ് എന്നറിയപ്പെടുന്ന സ്മാര്‍ട് കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയും. 50 രൂപ മുതല്‍ 3000 രൂപ വരെയാണ് റീചാര്‍ജ് ചെയ്യാന്‍ കഴിയുക. 1000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 40 രൂപ അധികവും 2000 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 രൂപ അധികമായും ക്രെഡിറ്റ് ചെയ്യും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയുണ്ട്. ഒരു വര്‍ഷത്തിലധികം കാര്‍ഡ് ഉപയോഗിക്കാതിരുന്നാല്‍ റീ ആക്ടിവേറ്റ് ചെയ്യണം. മറ്റൊരാള്‍ക്ക് യാത്ര ചെയ്യുവാനായി കാര്‍ഡ് കൈമാറാനും സൗകര്യമുണ്ട്.

എന്നാല്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശനമായ നടപടിയാണ് സ്വീകരിക്കുക. കാര്‍ഡ് പൊട്ടുകയോ, ഒടിയുകയോ ചെയ്താല്‍ മാറ്റി നല്‍കുന്നത് പ്രായോഗികമല്ല. നിശ്ചിത തുകയ്ക്ക് പുതിയ കാര്‍ഡ് നല്‍കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡിലേക്കു മാറ്റി നല്‍കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മാറ്റി നല്‍കില്ല.”