സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ വൈബിൽ പാലാ.

നഗരത്തിൽ ഇപ്പോൾ എന്നാ പെരുന്നാൾ വൈബാണന്നോ. രാത്രിയിൽ ഇറങ്ങിയാൽ നാട്ടുകാരേതാ ജൂനിയർ ആർടിസ്റ്റുകളേതാ എന്നു തിരിച്ചറിയാൻ പോലും സാധിക്കത്തില്ല. മൊത്തത്തിൽ കളറാണ്,’ കഴിഞ്ഞ ദിവസങ്ങളിലായി ഏതൊരു പാലാക്കാരനും ആദ്യം പറയുന്ന വിശേഷം ഇങ്ങനെയൊക്കെയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന പാലാക്കാരന്റെ കഥ പറയുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ പാലാക്കാരുടെ സംസാര വിഷയം. പാലാക്കാരുടെ പ്രധാന പെരുന്നാളായ പാലാ ജൂബിലിയുടെ ചിത്രീകരണമാണു കുരിശുപള്ളി ജംക്‌ഷനിൽ നടക്കുന്നത്.

രംഗങ്ങളും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറിൽ നടക്കുന്ന യഥാർഥ ജൂബിലിയുടെ ടീസർ പോലെയാണ് സിനിമ ചിത്രീകരണമെന്നു ചുരുക്കം. രാത്രി 9ന് തുടങ്ങുന്ന ഷൂട്ടിങ് പുലർച്ചെ 5 വരെ നീളും. ജൂബിലിയുടെ യഥാർഥ ഫീൽ കിട്ടാൻ ഷൂട്ടിങ് നടക്കുന്ന ഭാഗങ്ങളിലെ കടകളെല്ലാം വെളുപ്പിനെ 5 വരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടുന്നു.ജൂബിലിയിൽ മാതാവിന്റെ പ്രദക്ഷിണം 2 ദിവസമാണെങ്കിൽ സിനിമയിൽ 10 ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണു പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്. ഇതിനായി രാത്രി 9നു ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉൾപ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ മുത്തുക്കുടകളുമേന്തി പ്രദക്ഷിണത്തിൽ വേഷമിടുന്നു.

നഗരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും തോരണങ്ങളും വെടിക്കെട്ടും വഴിയോര കച്ചവടവുമെല്ലാം ചിത്രീകരണത്തിനായി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് വഴിയോര കച്ചവടക്കാരെ കൊണ്ടുവന്നിരിക്കുന്നത്. 10 ദിവസത്തേക്ക് 80,000 രൂപ വരെ വാടകയായി ഇവർക്കു നൽകുന്നുണ്ട്. കൂടാതെ താമസവും ഒരുക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പാലായ്ക്ക് ചുറ്റുവട്ടത്തായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള താരങ്ങളും പാലായിൽ താമസിക്കുന്നു.

കാൻവാസിൽ ചിത്രം ഷൂട്ട് ചെയ്യുന്നതു ചങ്ങനാശേരിക്കാരൻ കൂടിയായ ഡയറക്ടർ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ആദ്യ സംവിധാന സംരഭമാണെങ്കിലും വലിയ ആൾക്കൂട്ടത്തെ പതർച്ചയില്ലാതെയാണു മാത്യു കൈകാര്യം ചെയ്യുന്നത്.

ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പല ദിവസങ്ങളിലായി പാലായിലെ ഷൂട്ടിങ്ങിൽ എത്തുന്നുണ്ട്. കഥ, തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ.