ഇന്ത്യൻ കറൻസി തയ്യാറാക്കുന്നത് സാധാരണ കടലാസിലോ?

ദൈനംദിന ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ആവശ്യങ്ങൾക്കായി പണം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഓൺലൈൻ ഇടപാടുകൾ നടത്തുന്നുണ്ടെങ്കിലും കറൻസി നോട്ടുകൾ നമ്മൾ കൈവശം വയ്ക്കുന്നു. പത്തിന്റെയും ഇരുപതിന്റെയും നൂറിന്റെയും അഞ്ഞൂറിന്റേയും നോട്ടുകളാണ് നിലവിലുളളത്. എന്നാൽ ഇതുവരെയായിട്ടെങ്കിലും നിങ്ങൾ ഈ നോട്ടുകൾ എന്തുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയ മാദ്ധ്യമമായ ക്വോറയിലൂടെയാണ് ഒരാൾ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

സാധാരണ കടലാസ് ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നതെന്നാണ് കൂടുതലാളുകളും ഉത്തരം നൽകിയിരിക്കുന്നത്. സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തുവിടുന്ന വിവരമനുസരിച്ച് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത് സാധാരണ കടലാസ് കൊണ്ടല്ലയെന്നാണ്. കോട്ടൺ ഫൈബർ (പരുത്തി) ഉപയോഗിച്ചാണ് കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷയെ മുൻനിർത്തിയാണ് ഇത് ചെയ്തിരിക്കുന്നത്.

സാധാരണ കടലാസിനെക്കാൾ പരുത്തി ഉപയോഗിച്ച് തയ്യാറാക്കിയ നോട്ടുകൾക്ക് കൂടുതൽ ഗുണങ്ങളുണ്ട്. അങ്ങനെയുളളവ സാധാരണ കടലാസിനെക്കാൾ കട്ടിയുളളതും എളുപ്പത്തിൽ കീറാനും കഴിയുന്നതല്ല. എത്രനാൾ വരെയും നോട്ടുകൾ ചുരുട്ടി മടക്കി വച്ചാലും കേടുപാടുകൾ ഉണ്ടാകാനുളള സാദ്ധ്യതയും കുറവാണ്.കറൻസി നോട്ടിൽ ചില കാര്യങ്ങൾ ഉറപ്പായും ഉണ്ടായിരിക്കും. സുരക്ഷയെ മുൻനിർത്തിയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നോട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെക്യൂരിറ്റി ത്രെഡ്, വാട്ടർമാർക്കും, ഇലക്ട്രോടൈപ്പ് വാട്ടർമാർക്ക്, ലേറ്റന്റ് ഇമേജ്, മൈക്രോ ലെറ്ററിംഗ്, സി ത്രൂ രജിസ്റ്റർ, ഗവർണറുടെ ഒപ്പ്, റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ സീൽ എന്നിവ ഉറപ്പായും കറൻസി നോട്ടിൽ  ഉണ്ടായിരിക്കും.

ഇത്തരത്തിലുളള നോട്ടുകൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യ മാത്രമല്ല. അമേരിക്കയിലെ കറൻസിയും നിർമിക്കുന്നത് പരുത്തി ഉപയോഗിച്ച് തന്നെയാണ്. 75 ശതമാനം പരുത്തിയും 25 ശതമാനം ലിനനും കലർന്ന മിശ്രിതം ഉപയോഗിച്ചാണ് അമേരിക്കയിലെ കറൻസി നോട്ടുകൾ നിർമിച്ചിരിക്കുന്നത്.