“ഇന്ത്യൻ വ്യോമസേനാ ക്യാപ്റ്റൻ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് (ഐഎസ്എസ്) ഇപ്പോഴുളളത്. 41 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പല തരത്തിലുളള പഠനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ബഹിരാകാശ യാത്രികർ ഐഎസ്എസിൽ മാസങ്ങളോളം ചെലവഴിച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്. എന്നാൽ ചിലർക്ക് ബഹിരാകാശനിലയത്തിൽ വളരെ കൂടുതൽ കാലം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകും.
അടുത്തിടെ ബഹിരാകാശ നിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും മാസങ്ങൾ കഴിഞ്ഞിട്ടാണ് തിരിച്ചെത്തിയത്. ഏകദേശം 608ൽ അധികം ദിവസമാണ് അവർ ബഹിരാകാശത്ത് കഴിഞ്ഞത്. ഈ മാസം വരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ, ഇരുപതിലധികം രാജ്യങ്ങളിൽ നിന്ന് 280ൽ അധികം ബഹിരാകാശ യാത്രികരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചത്. ഈ അവസരത്തിൽ ബഹിരാകാശത്തുളളവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലുളള സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
പൂർണമായ തയ്യാറെടുപ്പുകളോടെയാണ് ബഹിരാകാശ യാത്രികർ ഐഎസ്എസിലെത്തുന്നത്. യാത്രയ്ക്ക് മുൻപ് തന്നെ എല്ലാ തരത്തിലുമുളള പ്രഥമശുശ്രൂഷ പരിശീലനവും ഇവർ നേടിയിരിക്കും. കൂടാതെ ഐഎസ്എസിൽ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാണ്. സാധാരണയായി എല്ലാ ദൗത്യങ്ങളിലും ഒരു ബഹിരാകാശ യാത്രികനെ ഒരു ക്രൂ മെഡിക്കൽ ഓഫീസർ ആയി നാമനിർദ്ദേശം ചെയ്യാറുണ്ട്. അദ്ദേഹത്തിനും പ്രത്യേക പരിശീലനം നൽകാറുണ്ട്. എന്നിരുന്നാലും അദ്ദേഹം ഒരു ഡോക്ടറായിരിക്കണമെന്നില്ല.കൂടാതെ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജിക്കുളള മരുന്നുകൾ, പോർട്ടബിൾ അൾട്രാസൗണ്ട് ഉപകരണം,ഡിഫിബ്രില്ലേറ്റർ (ഹൃദയമിടിപ്പ് കൃത്യമാക്കാൻ സഹായിക്കുന്ന ഉപകരണം), സിപിആർ ഉപകരണങ്ങൾ എന്നിവയും ബഹിരാകാശ യാത്രികരുടെ മെഡിക്കൽ കിറ്റിൽ ഉൾപ്പെടുന്നുണ്ട്. ഐഎസ്എസിൽ കഴിയുന്നവർക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണെങ്കിൽ നാസയുടെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നുളള തത്സമയ വീഡിയോ, ഓഡിയോ വഴി ഡോക്ടർമാരുടെ ടെലി മെഡിക്കൽ സഹായവും നൽകും. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിദഗ്ദ ഡോക്ടർമാർ ഇവർക്ക് നിർദ്ദേശങ്ങളും നൽകും.
എന്നാൽ, ബഹിരാകാശ യാത്രികന്റെ ആരോഗ്യം വഷളായാൽ, അവിടെ ചികിത്സ സാദ്ധ്യമാകാതിരുന്നാൽ അത് പരിഹരിക്കാനുളള സംവിധാനവുമുണ്ട്. ബഹിരാകാശ യാത്രികനെ അടിയന്തരമായി ഭൂമിയിലേക്ക് എത്തിക്കുന്നതാണ് അടുത്ത ഘട്ടം.
അതിനായി ഒരു സോയൂസ് അല്ലെങ്കിൽ സ്‌പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ ഐഎസ്എസിൽ ഡോക്ക് ചെയ്തിട്ടുണ്ട്. ഇത് മൂന്ന് മുതൽ അഞ്ച് മണിക്കൂറിൽ ബഹിരാകാശ യാത്രികനെ ഭൂമിയിലെത്തിക്കും. ഇത് കസാക്കിസ്ഥാനിലാണ് സാധാരണയായി ലാൻഡ് ചെയ്യുന്നത്. അവിടെ നിന്ന് രോഗിയെ ഉടൻ തന്നെ നാസയുടെയോ റഷ്യൻ ബഹിരാകാശ ഏജൻസിയുടെയോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു ബഹിരാകാശ യാത്രികനെയും ഇത്തരത്തിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.
