ബഹിരാകാശനിലയം കേരളത്തിനു മുകളിലൂടെ; കാണാം ഈ സമയത്ത്.

ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം 11 ബഹിരാകാശ യാത്രികരുമായി ഭൂമിയെ ചുറ്റുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഐഎസ്എസ്) കേരളത്തിൽ നിന്നു കാണാനുള്ള സുവർണാവസരം ഇന്നു മുതൽ 10 വരെ. ഒരു ദിവസം പല തവണ ഭൂമിയെ ചുറ്റുമെങ്കിലും ഈ നിലയം ഒരു നിശ്ചിതസ്ഥലത്തുനിന്ന് കാണാനുള്ള അവസരം അപൂർവമായേ ഒത്തുവരാറുള്ളൂ. മാത്രമല്ല, ഇന്ത്യക്കാരൻകൂടി ഉൾപ്പെടുന്ന പേടകത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണുക എന്നത് അപൂർവ കാഴ്ചയുമായിരിക്കും.

ഇന്നു രാത്രി 7.56 ആകുമ്പോൾ തെക്കുപടിഞ്ഞാറൻ മാനത്ത് നിലയം പ്രത്യക്ഷപ്പെടും. 7.59 ആകുമ്പോൾ ആകാശത്തൂടെ സഞ്ചരിച്ച് 8.03 ആകുമ്പോഴേക്കും വടക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഏതാണ്ട് ആറര മിനിറ്റ് സമയം അതീവശോഭയുള്ള നക്ഷത്രം പോലെ ഈ നിലയം സഞ്ചരിക്കുന്നതായി കാണാം. നാളെ രാത്രി 7.10 ആകുമ്പോഴും തെക്കുകിഴക്കൻ മാനത്ത് ഐഎസ്എസിനെ കാണാമെങ്കിലും അത്ര മെച്ചപ്പെട്ട കാഴ്ച ആകണമെന്നില്ല. എന്നാൽ 9ന് പുലർച്ചെ 5.50ന് വടക്കുപടിഞ്ഞാറൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന നിലയം 5.53 ആകുമ്പോൾ ആകാശത്തിലൂടെ സഞ്ചരിച്ച് 5.57ന് തെക്കുകിഴക്കൻ മാനത്ത് അപ്രത്യക്ഷമാകും. അത് നല്ല തിളക്കത്തിലുള്ള കാഴ്ചയായിരിക്കും.

കാൽ നൂറ്റാണ്ടിലധികമായി ബഹിരാകാശത്ത് ഭൂമിയെ ചുറ്റുന്ന ഐഎസ്എസിന് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുണ്ട്. യുഎസ്, റഷ്യ, ജപ്പാൻ തുടങ്ങി 15 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിത്. മണിക്കൂറിൽ 27,500 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ഈ നിലയം ഭൂമിയിൽ നിന്ന് ഏതാണ്ട് 400 കി.മീ ഉയരത്തിലാണ്. സാധാരണയായി സന്ധ്യക്കും പുലർകാലത്തുമാണ് പേടകത്തെ കാണാൻ കഴിയുക. 90 മിനിറ്റാണ് ഒരു തവണ ഭൂമിയെ ഭ്രമണം ചെയ്യാൻ നിലയത്തിനു വേണ്ടത്. സൂര്യരശ്മി തട്ടി പ്രതിഫലിച്ചാണ് കാഴ്ച സാധ്യമാകുന്നതെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

അറിയാം ആപ്പിലൂടെ

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതു പലരുടെയും വിനോദമാണ്. ഇതിന് ആശ്രയിക്കാവുന്ന മികച്ച ആപ്പാണു നാസ പുറത്തിറക്കിയ ‘സ്പോട് ദ് സ്റ്റേഷൻ’. നിലയം ഇപ്പോൾ എവിടെയുണ്ടെന്നും നമ്മൾ താമസിക്കുന്ന മേഖലയ്ക്കടുത്ത് എപ്പോൾ ഇതു വരുമെന്നുമൊക്കെ വിവരങ്ങൾ തരാൻ ഈ ആപ് ഉപകരിക്കും. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ് ഈ സൗജന്യ ആപ്.